നുമ്മ സീൻ ആണ് ഭായ്..; കോളജ് ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ ഇടിച്ച പ്രതികൾ അറസ്റ്റിൽ; തല്ല് കൂടിയത് മുൻ വൈരാഗ്യത്തെ തുടർന്നെന്ന് പോലീസ്

Update: 2024-10-19 06:00 GMT

ഇടുക്കി: കോളജ് ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ ഇടിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി രാജാക്കാട് ആണ് സംഭവം നടന്നത്. ഇടുക്കി രാജകുമാരി എൻഎസ്എസ് കോളേജിന്‍റെ ഹോസ്റ്റലിൽ കയറിയായിരുന്നു പിള്ളേരെ മർദിച്ചത്. ഇടിക്കിടെ ലക്ഷദ്വീപ് സ്വദേശി സൈദ് മുഹമ്മദ് നിഹാൽ, പത്തനംതിട്ട സ്വദേശി അജയ്, ഹരിദേവ് എന്നിവർക്ക് പരിക്കേറ്റു.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. രാവിലെ രാജകുമാരി എൻഎസ്എസ് കോളേജിൽ വച്ചുണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് ഹോസ്റ്റലിൽ കയറി വിദ്യാർത്ഥികളെ മർദിച്ചത്. ലക്ഷദ്വീപ് സ്വദേശിയും എൻഎസ്എസ് കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിയുമായ സൈദ് മുഹമ്മദ് നിഹാൽ, സുഹൃത്തുക്കളായ അജയ്, ഹരിദേവ് എന്നിവർക്ക് സംഭവത്തിൽ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രാജകുമാരി സ്വദേശികളായ അഭിജിത്ത്, ആദിത്യൻ, ബെനഡിക്ട്, അശ്വിൻ, ആദർശ്, ജുവൽ, കെഹൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

മർദനമേറ്റ നിഹാലിനോട് പ്രതികളിൽ ചിലർക്ക് മുൻ വൈരാഗ്യം ഉണ്ടായിരുന്നു. ശേഷം രാത്രിയോടെ ഹോസ്റ്റൽ മുറിയിൽ ഇരച്ചെത്തി അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നു എന്ന് പരിക്കേറ്റവർ പറയുന്നു. ഇവർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.  

Tags:    

Similar News