പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞത് മൂന്നു വർഷം; മയക്കുമരുന്ന് കേസ് പ്രതിയ്ക്കായി പ്രത്യേക ടീമുണ്ടാക്കി അന്വേഷണം; ഒടുവിൽ കുടുങ്ങിയത് കണ്ണൂർ നിന്ന്
അങ്കമാലി: മയക്കുമരുന്ന് കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിലായിരുന്ന മുഖ്യപ്രതി പോലീസ് പിടിയിലായത് മൂന്ന് വർഷങ്ങൾക്ക് ശേഷം. തളിപ്പറമ്പ് സ്വദേശി ഹാഷിമിനെയാണ് (35) അങ്കമാലി പോലീസ് പിടികൂടിയത്. കേസിൽ മൂന്ന് പ്രതികളെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
2.200 കിലോ എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രധാന പ്രതിയാണ് ഹാഷിം. 2021ൽ കോവിഡ് ലോക്ഡൗൺ സമയത്ത് ദേശീയപാത കറുകുറ്റിയിൽ വച്ച് ഡാൻസാഫും, അങ്കമാലി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. തമിഴ്നാട്ടിൽ നിന്ന് പിക്കപ്പ് വാനിലാണ് ലക്ഷങ്ങൾ വിലവരുന്ന രാസ ലഹരി കടത്തിയിരുന്നത്.
വർഷങ്ങളായി പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഹാഷിമിനെ പിടികൂടാൻ ജില്ല പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിൽ നിന്ന് പ്രതി പിടിയിലായത്.
ഡി.വൈ.എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ ആർ.വി അരുൺകുമാർ, എസ്.ഐ.മാരായ പ്രദീപ് കുമാർ, പി.ഒ റജി, മാർട്ടിൻ.കെ ജോൺ, സി.പി.ഒമാരായ അജിത തിലകൻ, ടി.പി ദിലീപ് കുമാർ, എബി സുരേന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.