മലപ്പുറത്തുകാരെ തീവ്രവാദികളാക്കാനും കള്ളകടത്തുകാരാക്കാനും ശ്രദ്ധിക്കുന്നവരുടെ തനിനിറം തുറന്ന് കാട്ടും; മലപ്പുറത്ത് മത പണ്ഡിതരുടെ നേതൃത്വത്തില്‍ പ്രത്യേക സംഗമം

മലപ്പുറത്ത് മത പണ്ഡിതരുടെ നേതൃത്വത്തില്‍ പ്രത്യേക സംഗമം

Update: 2024-10-09 12:30 GMT

മലപ്പുറം: മത മൗലികത; അറിയേണ്ടതും പറയേണ്ടതും എന്ന ശീര്‍ഷകത്തില്‍ പതിമൂന്നിന് മലപ്പുറത്ത് മത പണ്ഡിതരുടെ നേതൃത്വത്തില്‍ പ്രത്യേക സംഗമം നടത്തുന്നു. അറിയാനും പറയാനുമുള്ള അവകാശത്തെ ചോദ്യം ചെയ്ത് സമൂഹത്തില്‍ ചിദ്രത വളര്‍ത്തുന്ന സംഘപരിവാറിനെതിരെ ആഞ്ഞടിക്കുന്ന മലപ്പുറം സംഗമത്തില്‍ പ്രമുഖ പണ്ഡിതര്‍ അണി നിരക്കും. സുന്നി യുവജന സംഘം ഈസ്റ്റ് ജില്ലാ കമ്മിറ്റി മലപ്പുറം ബസ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സമൂഹത്തിലെ നാനാതുറകളിലെയും ജനപങ്കാളിത്തം ഉണ്ടാകും.

മതത്തിനും മതേതരത്വത്തിനും പരിഗണന നല്‍കി രാജ്യത്തിന്റെ അഖണ്ഡതയെ സംരക്ഷിക്കുന്ന മലപ്പുറത്തുകാരെ തീവ്രവാദികളാക്കാനും കള്ളകടത്തുകാരാക്കാനും ശ്രദ്ധിക്കുന്നവരുടെ തനിനിറം തുറന്ന് കാട്ടുന്ന സംഗമം 13ന് ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കും. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സമിതി ചെയര്‍മാന്‍ ഹംസ റഹ്‌മാനി കൊണ്ടിപറമ്പ് അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര ഉദ്ഘാടനം ചെയ്തു. സയ്യിദ് ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, സയ്യിദ് കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കെ.കെ.മുനീര്‍ മാസ്റ്റര്‍ മുണ്ടക്കുളം, അബ്ദുല്‍ മജീദ് ദാരിമി വളരാട്, നാസിറുദ്ദീന്‍ ദാരിമി ചീക്കോട്, ശറഫുദ്ദീന്‍ എടവണ്ണ, പി.കെ ലത്തീഫ് ഫൈസി സംബന്ധിച്ചു. പരിപാടിയുടെ പ്രചരണാര്‍ത്ഥം മണ്ഡലം, പഞ്ചായത്ത് തല സംഗമങ്ങള്‍ നടക്കും.

അതേ സമയം സ്വര്‍ണക്കടത്തിന്റേയും ഹവാലയുടേയും പേര് പറഞ്ഞു മലപ്പുറം ജില്ലയെ അപമാനിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി. സംഘ് പരിവാറുമായി ബന്ധപ്പെടുത്തി സംസ്ഥാനത്തെ നിയമപാലകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ വരുന്ന ആരോപണങ്ങളും, ആര്‍.എസ്.എസ് നേതാവ് ഇത് സംബന്ധിച്ച് നടത്തിയ വെളിപ്പെടുത്തലും രാഷട്രീയ ചര്‍ച്ചയാണ് സംസ്ഥാനത്ത് നടക്കുന്നത്.

സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ സുതാര്യവും നീതിബോധത്തോടെയും കൈകാര്യം ചെയ്യേണ്ട അഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി, ഇക്കാര്യത്തില്‍ ഗൗരവമായ ഇടപടെലിന് ശ്രമിക്കുന്നതിന് പകരം, രാഷ്ട്രീയപ്രേരിതമായ ആരോപണമുന്നയിച്ച് മലപ്പുറത്തെ ജനങ്ങളെ സംശയത്തിന്റെ മുള്‍മുനയിലാക്കിയും,സംഘ് പരിവാറിന്റെ അജന്‍ഡകള്‍ക്ക് വഴിയൊരുക്കിക്കൊടുക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലനപനീയമായ നടപടിയാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News