സ്വന്തമായി അച്ചടിച്ച 500 രൂപയുമായി കടകളിൽ നിന്നും സാധനം വാങ്ങി; ബാക്കിയും വാങ്ങി സ്ഥലം വിട്ടു; സിസിടിവി ദൃശ്യങ്ങളിൽ പെട്ടത് നിരവധി കള്ളനോട്ട് കേസുകളിലെ പ്രതി

Update: 2024-10-15 13:26 GMT

കൊല്ലം: കുണ്ടറയിൽ കള്ളനോട്ടുമായെത്തി സ്ഥാപനങ്ങളിൽ നിന്നും സാധനങ്ങളിൽ വാങ്ങി തട്ടിപ്പ് നടത്തിയ ശേഷം പ്രതി ഒളിവിൽ പോയി. പത്തനാപുരം സ്വദേശി അബ്ദുൾ റഷീദാണ് തട്ടിപ്പ് നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് കുണ്ടറ ഡാൽമിയ ജംഗ്ഷനിലെ കടകളിൽ കള്ളനോട്ട് നൽകി പ്രതി തട്ടിപ്പ് നടത്തിയത്. നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ് അബ്ദുൾ റഷീദ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്.

4 കടകളിൽ കയറി 500 രൂപയുടെ കള്ളനോട്ട് നൽകി അബ്ദുൾ റഷീദ് സാധനങ്ങൾ വാങ്ങി. ഒരു കടയിൽ 2 നോട്ടും മറ്റ് മൂന്ന് കടകളിലായി ഓരോ നോട്ടും നൽകി. കള്ളനോട്ടാണെന്ന് കടക്കാർ തിരിച്ചറിഞ്ഞപ്പോഴേക്കും പ്രതി സ്ഥലം വിട്ടിരുന്നു. ഇതിനിടയിൽ കടകളിൽ നിന്നും ബാക്കി തുക കൈപ്പറ്റാനും പ്രതി മറന്നില്ല.

നിരവധി കള്ളനോട്ട് കേസുകളിൽ പ്രതിയായ ഇയാൾ മുൻപ് പലതവണ അറസ്റ്റിലായി ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്. ലാപ്ടോപ്പ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് സ്വന്തമായിട്ടാണ് ഇയാൾ കള്ളനോട്ട് നിർമ്മിക്കുന്നത്. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് കുണ്ടറ പൊലീസ് അറിയിച്ചു.

Tags:    

Similar News