കയ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച സംഭവം; അഞ്ചുപേർ കസ്‌റ്റഡിയിൽ; മുഖ്യപ്രതി സാദിഖ് ഒളിവിൽ
കയ്പമംഗലം: കോയമ്പത്തൂർ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച സംഭവത്തിൽ അഞ്ചുപേർ കസ്‌റ്റഡിയിൽ. ഇതിൽ മൂന്നുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണെന്ന് പൊലീസ് അറിയിച്ചു. തൃശൂർ ജില്ലക്കാരായ നാലുപേരും കണ്ണൂർ സ്വദേശിയുമാണ് പിടിയിലായത്. 11 പ്രതികൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മുഖ്യപ്രതിയായ കണ്ണൂർ സ്വദേശി സാദിഖ് ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അരുണിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയ ശേഷം സ്വകാര്യ ആംബുലൻസിൽ ഉപേക്ഷിച്ചത്.
നേരത്തെ, കയ്പമംഗലത്തെ സ്വകാര്യ ആംബുലന്‍സ് സര്‍വീസിന് ഒരാളെ വണ്ടി തട്ടിയെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടർന്നാണ് ആംബുലന്‍സ് എത്തിയത്. തുടർന്ന് അരുണിനെ നാല് പേര് ചേര്‍ന്ന് വാഹനത്തില്‍ കയറ്റി. അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണമെന്നും, തങ്ങൾ ആംബുലസിന് പിന്നാലെ എത്തിക്കോളാമെന്നും ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ആരെങ്കിലും കൂടെ കയറണമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. ആംബുലന്‍സ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കാര്‍ പിന്നാലെ ഉണ്ടായിരുന്നില്ല. പ്രതികൾ അരുണിനെ കൊലപാതകത്തിന് ശേഷം ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
ആശുപത്രി അധികൃതർ അരുണിന്റെ മരണം സ്ഥിരീകരിച്ചു. ശേഷം പോലീസ് നടത്തിയ അന്വേഷണത്തിൽ അരുണിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തായ ശശാങ്കന്റെ മൊഴിയിലാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്.
മുഖ്യപ്രതി ഉൾപ്പെടെയുള്ളവർ വൈകാതെ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു.