വടക്കാഞ്ചേരി ‍വിരുപ്പാക്കയിൽ വൈദ്യുത ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ച സംഭവം; കൈവിരലിൽ ഇലക്ട്രിക് വയർ ചുറ്റിയ നിലയിൽ; ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

Update: 2024-11-28 10:08 GMT

തൃശൂർ: വടക്കാഞ്ചേരി ‍വിരുപ്പാക്കയിൽ 48 കാരനെ തെങ്ങിൻ തോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. വിരുപ്പാക്ക സ്വദേശി ഷെരീഫിനെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കാട്ടുപന്നിയെ വേട്ടയാടുന്നതിന് സ്ഥാപിച്ച വൈദ്യുതിക്കെണിയിൽ അകപ്പെട്ടാണ് ഷെരീഫ് മരിച്ചത്. സംഭവം ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മരിച്ചയാളുടെ ഇടത് കൈപ്പത്തിയും വിരലുകളും സാരമായി പൊള്ളിയിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും, ഫിങ്കർ പ്രിൻ്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കുന്നംകുളം എസിപി സന്തോഷ് സി ആർൻ്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ റിജിൻ എംതോമസ്, പ്രിൻസിപ്പൽ എസ്ഐ അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.

പന്നിക്ക് വച്ച കെണിയിൽ നിന്നാണ് ഷോക്കേറ്റതെന്ന് സംശയം ഉയർന്നിരുന്നു. എന്നാൽ പോലീസ് നടത്തിയ പരിശോധനയിൽ കൈവിരലിൽ ഇലക്ട്രിക് വയർ ചുറ്റിയതായി കണ്ടെത്തി. തൊട്ടു മുകളിലുള്ള വൈദ്യുതി ലൈനിലേക്ക് വയറിൻറെ അറ്റം ഘടിപ്പിച്ചിട്ടുമുണ്ടായിരുന്നു.

തെങ്ങിൻറെ പട്ടയിൽ ചുറ്റിയാണ് ലൈനിൽ വയർ തൊടുവിച്ചതെന്നും പോലീസിന് കണ്ടെത്താനായി. ഇലക്ട്രിക് വയർ ഷെരീഫ് വീട്ടിൽ നിന്നു കൊണ്ടുവന്നതാണെന്നും പോലീസ് പറഞ്ഞു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Tags:    

Similar News