മദ്യം വാങ്ങാൻ കാശില്ല; ഇടുക്കിയിൽ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം; പ്രതി പോലീസിന്റെ പിടിയിൽ

Update: 2024-11-05 12:00 GMT

ഇടുക്കി: മദ്യം വാങ്ങാൻ കാശില്ലാത്തതിനാൽ ആരാധനാലയത്തിന്റെ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. മഞ്ചുമല അരുൺ ഭവനിൽ ആനന്ദ് കുമാറിനെയാണ് ഇടുക്കി വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്. ആരാധനാലയത്തിന്റെ സ്റ്റീൽ കാണിക്ക വഞ്ചിയാണ് ആനന്ദ് കുമാർ രാത്രി കുത്തി തുറന്നത്. 1500 ഓളം രൂപയാണ് ഇയാൾ മേഷ്ടിച്ചത്.

രാത്രി 12 മണി കഴിഞ്ഞ് സ്ഥലത്തുണ്ടായായിരുന്ന തട്ടുകടകൾ ഉൾപ്പെടെ അടച്ച ശേഷമായിരുന്നു പ്രതി കാണിക്ക വഞ്ചി കുത്തി തുറന്നത്. ഇടുക്കി വണ്ടിപ്പെരിയാർ ടൗണിലുള്ള അസംപ്ഷൻ ദേവാലയത്തിൻ്റെ കുരിശടിക്ക് മുന്നിലുള്ള കാണിക്ക വഞ്ചിയിലാണ് മോഷണം നടന്നത്. പോലീസ് നൈറ്റ് പെട്രോളിംഗ് നടത്തുന്നതിനിടെ കാണിക്ക വഞ്ചി കുത്തി തുറക്കുന്നതായി ഫോൺ സന്ദേശം ലഭിച്ചു.

വിവരമറിഞ്ഞ ഉണ്ടനെ സംഭവ സ്ഥലത്ത് പോലീസെത്തിയപ്പോഴേക്കും കള്ളൻ കടന്നു കളഞ്ഞു. മോഷ്ടാവിനെക്കുറിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് രാവിലെ ടൗണിൽ നിന്നും ആനന്ദകുമാറിനെ പിടികൂടി.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. മദ്യം വാങ്ങാൻ പണം കണ്ടെത്താനാണ് കാണിക്ക വഞ്ചി കുത്തി തുറന്നതെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകി. ഹോട്ടൽ ജീവനക്കാരനായ ആനന്ദ് കുറച്ച് നാളുകളായി വാടകവീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചു വരുന്നത്. പോലീസ് അറസ്റ്റ് ചെയ്യുന്ന സമയത്തും ഇയാൾ മദ്യ ലഹരിയിലായിരുന്നു. പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    

Similar News