രാത്രി ആരോ..കാലില്‍ തട്ടി; നോക്കിയപ്പോള്‍ ഒരാള്‍ ബര്‍ത്തിലേക്ക് വലിഞ്ഞു കയറുന്നു..; ടിടിഇയോട് വിവരം പറഞ്ഞപ്പോൾ വിചിത്ര വാദം; ട്രെയിൻ യാത്രയിലെ ദുരനുഭവം തുറന്നുപറഞ്ഞ് മലയാളി യുവതി
പാലക്കാട്: ഉത്തരേന്ത്യൻ ട്രെയിൻ യാത്രയ്ക്കിടെ റിസർവ്വ് ചെയ്ത ബർത്തുകളിൽ അജ്ഞാതർ കയറിയിരിക്കുന്നതിനെ തുടർന്നുണ്ടായ ദുരനുഭവം പങ്കുവെച്ച് മലയാളിയായ വ്ലോഗർ നേഹ മാധവൻ. ഈ വിഷയത്തിൽ റെയിൽവേ അധികൃതരുടെ സ്വഭാവവും ചൂണ്ടിക്കാട്ടി അവർ പങ്കുവെച്ച വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.
രാത്രി യാത്രയ്ക്കിടെയാണ് സംഭവം. പുലർച്ചെ ഏകദേശം നാല് മണിയോടെ കാലിൽ തട്ടിയതിനെ തുടർന്ന് നോക്കിയപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന നേഹ, ഒരാൾ തൻ്റെ റിസർവ്വ് ചെയ്ത ബർത്തിലേക്ക് വലിഞ്ഞു കയറി വന്നിരിക്കുന്നത് കണ്ടത്. ഇത് സംബന്ധിച്ച് റെയിൽവേ പൊലീസിലും എമർജൻസി നമ്പറിലും പരാതി നൽകിയിട്ടും അധികൃതരെത്താൻ വൈകിയെന്നും അവർ വീഡിയോയിൽ വിശദീകരിക്കുന്നു.
നേരത്തെയും കേരളം വിട്ട ശേഷം സ്ലീപ്പർ കംപാർട്ട്മെന്റുകളിൽ റിസർവ്വ് ചെയ്ത സീറ്റുകൾ ജനറൽ ടിക്കറ്റെടുത്തവർ കയ്യടക്കുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നേഹ പറയുന്നു. റിസർവ്വ് ചെയ്ത ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്നിരിക്കെയാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്.
നിരവധി പരാതികൾക്ക് ശേഷം ടിക്കറ്റ് പരിശോധനയ്ക്ക് എത്തിയ ടിടിഇയോട് സഹായം അഭ്യർത്ഥിച്ചെങ്കിലും, "സീസൺ ആയതുകൊണ്ട് സഹകരിക്കണം" എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണമെന്ന് നേഹ മാധവൻ പങ്കുവെച്ചു. പലതവണ പരാതിപ്പെട്ട ശേഷമാണ് ടിടിഇയുടെ ഇടപെടലുണ്ടായതെന്നും, എന്നാൽ "ഇനി സീറ്റിലിരുന്നാൽ ജയിൽ ഇടും" എന്ന് ടിടിഇ പറഞ്ഞതോടെയാണ് ആളുകൾ മാറാൻ തയ്യാറായതെന്നും അവർ കൂട്ടിച്ചേർത്തു. റിസർവ്വ് ചെയ്ത സീറ്റിൽ മറ്റ് യാത്രക്കാർ വന്നിരിക്കുന്നതും കിടക്കുന്നതും അലോസരപ്പെടുത്തുന്നെന്നും, അതിനല്ല ടിക്കറ്റ് ബുക്ക് ചെയ്യുന്നതെന്നും നേഹ ചൂണ്ടിക്കാട്ടി.