വോട്ടര്‍പട്ടികയില്‍ ബുധനാഴ്ച വരെ പേര് ചേര്‍ക്കാം; പ്രവാസികള്‍ക്കും അപേക്ഷിക്കാം
വോട്ടര്‍പട്ടികയില്‍ ബുധനാഴ്ച വരെ പേര് ചേര്‍ക്കാം; പ്രവാസികള്‍ക്കും അപേക്ഷിക്കാം
തിരുവനന്തപുരം: മട്ടന്നൂര്‍ ഒഴികെയുള്ള സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ നവംബര്‍ 4, 5 തിയതികളില്‍ പേര് ചേര്‍ക്കാന്‍ അവസരം. 2025 ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനാണ് അവസരമുള്ളതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.
അനര്‍ഹരെ ഒഴിവാക്കുന്നതിനും, നിലവിലുള്ള ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും, സ്ഥാനമാറ്റം വരുത്തുന്നതിനും നവംബര്‍ 4, 5 തീയതികളില്‍ അപേക്ഷിക്കാം. പ്രവാസികള്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാവുന്നതാണ്.
ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍നടപടി സ്വീകരിച്ച് സപ്‌ളിമെന്ററി പട്ടികകള്‍ നവംബര്‍ 14ന് പ്രസിദ്ധീകരിക്കും. ഇങ്ങനെ പ്രസിദ്ധീകരിച്ച പട്ടികയുടെ പകര്‍പ്പുകള്‍ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സൗജന്യമായി നല്‍കും.
2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കുന്നതിനും, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും, പ്രവാസി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec.kerala.gov.in വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹീയറിംഗിനുള്ള കമ്പ്യൂട്ടര്‍ ജനറേറ്റഡ് നോട്ടീസ് ലഭിക്കും. നോട്ടീസില്‍ പറഞ്ഞിട്ടുള്ള തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ഹീയറിംഗിന് നേരിട്ട് ഹാജരാകണം. പേരൊഴിവാക്കുന്നതിനും അപേക്ഷിക്കാവുന്നതാണ്.