വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം 6223.76 കോടി രൂപ; സര്‍ക്കാര്‍ വകുപ്പുകള്‍ മാത്രം അടയ്ക്കാനുള്ളത് 103.13 കോടി: തിരുവനന്തപുരം സ്വദേശി നാരായണക്കുറുപ്പിന്റെ കടം 1.33 കോടി
വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം 6223.76 കോടി രൂപ
കോട്ടയം: കോടികളുടെ കടത്തില്‍ മുങ്ങി കേരള വാട്ടര്‍ അതോറിറ്റി. 6223.76 കോടി രൂപയാണ് സ്ഥാപനത്തിന്റെ മൊത്തം നഷ്ടം. വ്യക്തികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടക്കം കോടിക്കണക്കിന് രൂപയാണ് വാട്ടര്‍ അതോറിറ്റിയില്‍ അടക്കാനുള്ളത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 1312.34 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. വാട്ടര്‍ അതോറിറ്റി ബോര്‍ഡ്, അക്കൗണ്ടന്റ് ജനറലിന് നല്‍കിയതാണ് ഈ കണക്ക്. സംസ്ഥാനത്തെ സര്‍ക്കാര്‍ വകുപ്പുകള്‍ മാത്രം അടയ്ക്കാനുള്ള തുക 103.13 കോടി രൂപയാണ്. ഇവരുടെ 25,153 കണക്ഷനുകളില്‍നിന്നുള്ള ബില്‍ കുടിശ്ശികയാണ്.
പൊതുമരാമത്ത് വകുപ്പാണ് ഏറ്റവുംവലിയ തുക അടയ്ക്കാനുള്ളത്. 27.51 കോടി രൂപ. 1579 കണക്ഷനുകളാണ് അവര്‍ക്കുള്ളത്. ആരോഗ്യവകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് രണ്ടാമത്തെ വലിയ കടക്കാര്‍. 19.50 കോടി രൂപയാണ് അവരുടെ കടം. നഗരസഭകള്‍ 1,597 കണക്ഷനുകളിലായി 11.22 കോടി നല്‍കണം. വിദ്യാഭ്യാസവകുപ്പ് 1,506 കണക്ഷനുകളിലായി 4.19 കോടിയും. പോലീസ് 5.25 കോടി, റവന്യൂ 4.96 കോടി, പഞ്ചായത്ത് 4.45 കോടി, കോര്‍പ്പറേഷനുകള്‍ 4.08 കോടി, ടൂറിസം 3.11 കോടി, സെക്രട്ടേറിയറ്റ് 2.48 കോടി എന്നിങ്ങനെയാണ് തുക നല്‍കാനുള്ളവര്‍. പൊതുമേഖലാ സ്ഥാപനങ്ങളില്‍ കെ.എസ്.ഇ.ബി.യാണ് മുമ്പന്‍. 3.59 കോടി. 62 ലക്ഷം രൂപ ബി.എസ്.എന്‍.എല്‍. അടയ്ക്കാനുണ്ട്.
വ്യക്തികളില്‍ തിരുവനന്തപുരം സ്വദേശി നാരായണക്കുറുപ്പാണ് ഏറ്റവും കൂടുതല്‍ പണം അടയ്ക്കാനുള്ളത്. 1.33 കോടി രൂപ അടയ്ക്കണം. ഇത് കൂടാതെ ലക്ഷങ്ങള്‍ അടയ്ക്കാനുള്ളവര്‍ വേറെയും ഉണ്ട്. 81 വ്യക്തികള്‍ അടക്കാനുള്ളത് 3.55 കോടിയാണ്. 23 ഗുണഭോക്താക്കള്‍ 10 ലക്ഷത്തില്‍ കൂടുതല്‍ കുടിശ്ശികയുള്ളവരാണ്. ഇതില്‍ സര്‍ക്കാര്‍ ഓഫീസുകളും ഫ്‌ലാറ്റുകളും വരും. ദീര്‍ഘകാല കുടിശ്ശിക ഉള്ളതിനാല്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, ചാലക്കുടി നഗരസഭ എന്നിവര്‍ക്കെതിരേ റവന്യൂ റിക്കവറി നടപടി തുടങ്ങി. തദ്ദേശസ്ഥാപനങ്ങളുടെ കുടിശ്ശിക പ്ലാന്‍ ഫണ്ടില്‍നിന്ന് പിടിക്കാന്‍ വകുപ്പിന് അപേക്ഷ നല്‍കി.
വാട്ടര്‍ അതോറിറ്റി, നഷ്ടം, കടം, 6223.76 കോടി , water authority