അഭിനേതാക്കള്‍ അടക്കം എല്ലാവര്‍ക്കും തൊഴില്‍ കരാര്‍ ഉറപ്പാക്കണം; സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമം എല്ലാ കരാറിലും ഉള്‍പ്പെടുത്തണം: പുതിയ നിര്‍ദ്ദേശങ്ങളുമായി ഡബ്ല്യുസിസി
കരാര്‍ ലംഘനങ്ങള്‍ പരാതിപ്പെടാനുള്ള അവകാശം വേണം
തിരുവനന്തപുരം : സിനിമാ മേഖലയിലെ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്. അഭിനേതാക്കളടക്കം എല്ലാവര്‍ക്കും തൊഴില്‍ കരാര്‍ ഉറപ്പാക്കണമെന്നും സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമം എല്ലാ കരാറിലും ഉള്‍പ്പെടുത്തണമെന്നും ഡബ്ല്യ.സി.സി നിര്‍ദ്ദേശിച്ചു. കരാര്‍ ലംഘനങ്ങള്‍ പരാതിപ്പെടാനുള്ള അവകാശം വേണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
പ്രതിഫലവും നിബന്ധനകളും കാലാവധിയും ക്രെഡിറ്റുകളും കരാറില്‍ വ്യക്തമാക്കണമെന്ന് നിര്‍ദ്ദേശത്തിലുണ്ട്. ചലച്ചിത്ര വ്യവസായം അംഗീകരിക്കുന്ന കരാര്‍ രൂപരേഖകള്‍ ഉണ്ടാകണം. കരാര്‍ ലംഘനം റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശം വേണം. താത്കാലിക ജീവനക്കാര്‍ക്കും കരാറുകള്‍ വേണം. സിനിമയുടെ പേരും തൊഴിലുടമയുടെയും ജീവനക്കാരന്റെയും വിശദാംശങ്ങളും വെളിപ്പെടുത്തണമെന്നും ഡബ്ല്യു. സി.സി ആവശ്യപ്പെട്ടു.
നേരത്തെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടും കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ലൈംഗികാതിക്രമത്തിനെതിരായ 2013ലെ പോഷ് നിയമം നടപ്പാക്കണമെന്നും ലിംഗ വിവേചനവും പക്ഷപാത ഇടപെടലുകളും ലൈംഗികാതിക്രമങ്ങളും തടയണമെന്നും ആവശ്യമുണ്ട്. ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിപ്പെട്ട് തൊഴിലില്‍ ഏര്‍പ്പെടരുത്. ഏജന്റുമാര്‍ അനധികൃത കമ്മിഷന്‍ കൈപ്പറ്റാന്‍ പാടില്ല. തൊഴിലിടത്ത് ഭീഷണിയും തെറിവാക്കുകളും ബലപ്രയോഗവും അക്രമവും അപ്രഖ്യാപിത വിലക്കുകളുമെല്ലാം തടയണമെന്നും ഇക്കാര്യങ്ങളില്‍ പരാതി നല്‍കാന്‍ ഔദ്യോഗിക പരിഹാര സമിതി വേണമെന്നും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടിരുന്നു.