നീറുന്ന ആ ഒന്‍പത് വര്‍ഷങ്ങള്‍! അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഡബ്ല്യു.സി.സി; മൂന്ന് നഗരങ്ങളില്‍ ചൊവ്വാഴ്ച മെഴുകുതിരി തെളിക്കല്‍; അവള്‍ക്കൊപ്പവും, അതിജീവിച്ച എല്ലാവര്‍ക്കും ഒപ്പവും ഇരുട്ടിനെതിരെ വെളിച്ചം തെളിക്കാന്‍ ആഹ്വാനം
അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഡബ്ല്യു.സി.സി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഒന്‍പത് വര്‍ഷം തികയുമ്പോള്‍ അതിജീവിതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിമെന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി) രംഗത്ത്. നീതിക്കായുള്ള പോരാട്ടത്തിന്റെ സ്മരണ പുതുക്കി ഫെബ്രുവരി 17, ചൊവ്വാഴ്ച കേരളത്തിലെ മൂന്ന് പ്രധാന നഗരങ്ങളില്‍ മെഴുകുതിരി തെളിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുമെന്ന് ഡബ്ല്യു.സി.സി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുന്നെങ്കിലും, അതേ ദിവസമാണ് അതിജീവിത അനീതിക്കെതിരെ സധൈര്യം പ്രതികരിച്ചതെന്ന് ഡബ്ല്യു.സി.സി ഓര്‍മ്മിപ്പിച്ചു. ആ ധീരമായ ചുവടുവെപ്പില്‍ നിന്നാണ് അവള്‍ക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നതെന്നും സംഘടന തങ്ങളുടെ കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തില്‍ ഒരു ചെറിയ പങ്കുവഹിച്ച ഈ പ്രസ്ഥാനം, ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കാന്‍ നിരന്തരം പ്രവര്‍ത്തിച്ചുവരികയാണെന്ന് ഡബ്ല്യു.സി.സി പറയുന്നു. പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്, അതിജീവിതയ്‌ക്കൊപ്പവും, അതിജീവിച്ച എല്ലാവര്‍ക്കുമൊപ്പവും നില്‍ക്കുന്നവരെ ഈ യാത്രയുടെ ഭാഗമാവാന്‍ ഡബ്ല്യു.സി.സി ക്ഷണിച്ചു. 'ഇരുട്ടിന്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം' എന്ന ആഹ്വാനത്തോടെയാണ് സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുനെങ്കിലും, അതേ ദിവസമായിരുന്നു അവള്‍ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചത് . അവളുടെ പോരാട്ടത്തിനായി നമ്മള്‍ ഒരുമിച്ച് നില്‍ക്കുമെന്ന തീരുമാനത്തോടെയായിരുന്നു #അവള്‍ക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നത്.
കഴിഞ്ഞ 9 വര്‍ഷമായി കേരളത്തിന്റെ സാമൂഹിക പരിവര്‍ത്തനത്തില്‍ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കാന്‍ നിരന്തരം പ്രവര്‍ത്തിച്ചു.
പിന്തുണയ്ക്കും ഐക്യദാര്‍ഢ്യത്തിനും എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട്, WCC അവള്‍ക്കൊപ്പവും, അതിജീവിച്ച എല്ലാവര്‍ക്കും ഒപ്പം നില്‍ക്കുന്നവരെ ഈ യാത്രയുടെ ഭാഗമാവാന്‍ ക്ഷണിക്കുന്നു. ഇരുട്ടിന്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം
