ഭർത്താവ് മരിച്ചതറിയാതെ ഭാര്യ മൃതദേഹത്തോടൊപ്പം കഴിഞ്ഞത് മൂന്ന് ദിവസം; ബന്ധു എത്തിയപ്പോൾ മൃതദേഹം പുഴുവരിച്ച നിലയിൽ; സംഭവം ആലപ്പുഴയിൽ

Update: 2025-09-17 14:10 GMT

അരൂർ: ഭർത്താവ് മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യ മൃതദേഹത്തോടൊപ്പം വീട്ടിൽ കഴിഞ്ഞത് മൂന്ന് ദിവസം. അരൂർ എഴുപുന്ന പഞ്ചായത്ത് 12-ാം വാർഡിൽ എരമല്ലൂർ തേരേഴത്ത് ഗോപി (72) ആണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ഷീലയ്ക്ക് ഭർത്താവിന്റെ മരണം തിരിച്ചറിയാൻ കഴിയാതിരുന്നതാണ് വിവരം പുറത്തറിയാൻ വൈകാൻ കാരണം.

ഞായറാഴ്ച രാവിലെയാണ് അയൽവാസിയായ ചക്രപാണി അവസാനമായി ഗോപിയെ ജീവനോടെ കണ്ടത്. ഇദ്ദേഹമാണ് ഇവർക്ക് പതിവായി ഭക്ഷണം എത്തിച്ചിരുന്നത്. ചൊവ്വാഴ്ച ഗോപിയുടെ ഭാര്യാ സഹോദരനായ രമേശൻ ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാനായി വീട്ടിലെത്തിയപ്പോഴാണ് ഗോപി നിലത്ത് വീണുകിടക്കുന്നതായി കണ്ടത്.

അപ്പോഴാണ് ഗോപി മരിച്ചതായും മരിച്ചിട്ട് ദിവസങ്ങളായതായും വ്യക്തമായത്. മൃതദേഹത്തിൽ പുഴുക്കളിച്ച നിലയിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. വിവരമറിഞ്ഞതിനെത്തുടർന്ന് നാട്ടുകാരും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി. തുടർന്ന് മൃതദേഹം അരൂക്കുറ്റി ആശുപത്രിയിലേക്ക് മാറ്റി. 

Tags:    

Similar News