വഴിയിൽ ജീപ്പിനെ കണ്ടപാടെ സ്വഭാവം മാറി; ചാടിയെടുത്ത് വണ്ടിയുടെ മുൻഭാഗം തകർത്തു; തുരത്തി ഓടിക്കാനെത്തിയ വനംവകുപ്പ് അധികൃതരെയും ആക്രമിച്ചു; കാട്ടാന ശല്യത്തിൽ വലഞ്ഞ് നാട്ടുകാർ
തൃശൂർ: കുതിരാൻ ഇരുമ്പുപാലം മേഖലയിൽ വീണ്ടും കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ജീപ്പ് ആന തകർത്തു. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് വനം വാച്ചർ ബിജുവിനെ ആന ആക്രമിച്ചതിന് പിന്നാലെയാണ് പുതിയ സംഭവം.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. കാട്ടാന ഇറങ്ങിയെന്ന നാട്ടുകാരുടെ വിവരമനുസരിച്ച് സ്ഥലത്തെത്തിയ വനംവകുപ്പ് സംഘം, ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. ഹോണടിച്ചും മറ്റും ആനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പെട്ടെന്ന് ജീപ്പിന് നേരെ ആഞ്ഞടുക്കുകയായിരുന്നു. ആന ജീപ്പിന്റെ മുൻവശം ഇടിച്ച് തകർത്തു. ഇതോടെ ജീപ്പിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം വനം വാച്ചർ ബിജുവിന് നേരെയും ഇതേ ആനയുടെ ആക്രമണമുണ്ടായിരുന്നു. ആ സംഭവത്തിൽ ബിജുവിന്റെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടുകയുമാണ്. ഇരുമ്പുപാലം പ്രദേശത്ത് കാട്ടാന തമ്പടിച്ചിരിക്കുകയാണെന്നും, വനംവകുപ്പ് ഇതിനെ കാട് കയറ്റാനുള്ള നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്.