മൂന്നാറിലും മറയൂരിലും കാട്ടാന ആക്രമണം; നാലു പേര്‍ക്ക് പരിക്കേറ്റു: 58കാരിയുടെ കാല്‍ കുത്തിക്കീറി ഒറ്റക്കൊമ്പന്‍: കാല്‍പാദം മുതല്‍ തുട വരെ പിളര്‍ന്ന നിലയില്‍

മൂന്നാറിലും മറയൂരിലും കാട്ടാന ആക്രമണം; നാലു പേര്‍ക്ക് പരിക്കേറ്റു

Update: 2024-09-26 00:02 GMT

മൂന്നാര്‍/മറയൂര്‍: മൂന്നാറിലും മറയൂരിലുമായി ഉണ്ടായ കാട്ടാനയാക്രമണത്തില്‍ നാലു പേര്‍ക്കു പരുക്കേറ്റു. മാലിന്യസംസ്‌കരണ പ്ലാന്റിലെ ശുചീകരണത്തൊഴിലാളികളായ രാജീവ് ഗാന്ധി നഗറില്‍ പി.അളകമ്മ (58), ഗൂഡാര്‍വിള നെറ്റിക്കുടി സ്വദേശി എസ്.ശേഖര്‍ (40), പഴയ മൂന്നാര്‍ സ്വദേശി വി.രാമചന്ദ്രന്‍ (58) എന്നിവര്‍ക്കാണു മൂന്നാറില്‍ പരുക്കേറ്റത്.

അളകമ്മയെ തട്ടി താഴെയിട്ട ഒറ്റക്കൊമ്പന്‍ ഇവരുടെ ഇടതുകാല്‍ കുത്തിക്കീറി. കാല്‍പാദം മുതല്‍ തുട വരെ പിളര്‍ന്ന നിലയിലാണ്. കാലിനു ഗുരുതരമായ പരുക്കേറ്റ അളകമ്മയെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേര്‍ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തില്‍ കര്‍ഷകനു പരുക്കേറ്റ മറയൂരില്‍ ഇന്നലെ വൈകിട്ടും കാട്ടാന ആക്രമണം അഴിചച്ചു വിട്ടു. ഒരാള്‍ക്കു പരുക്കേറ്റു. വൈകിട്ട് നാലിനു വീട്ടിലേക്കു നടന്നുപോവുകയായിരുന്ന പെരുമലയില്‍ പള്ളത്ത് സെബാസ്റ്റ്യനെ (55) കാട്ടാന തുമ്പിക്കൈ കൊണ്ടു തട്ടിവീഴ്ത്തി. സെബാസ്റ്റ്യനെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുന്‍പു സെബാസ്റ്റ്യന്റെ സ്‌കൂട്ടറും കാട്ടാന തകര്‍ത്തിരുന്നു.

മൂന്നാറില്‍െ ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് കാട്ടാന ആക്രമണം അഴിച്ചു വിട്ടത്. തൊഴിലാളികളാണ് ആക്രമണത്തിന് ഇരയായത്. നല്ലതണ്ണി കല്ലാറില്‍ പഞ്ചായത്ത് മാലിന്യസംസ്‌കരണ പ്ലാന്റിലെ ജോലികള്‍ക്കായി 20 തൊഴിലാളികള്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങി. ഇവര്‍ പ്ലാന്റിലേക്കു നടന്നുപോകുന്നതിനിടെ, സമീപത്തെ പച്ചക്കറി അവശിഷ്ടങ്ങള്‍ തിന്നുകയായിരുന്ന രണ്ട് ഒറ്റക്കൊമ്പന്മാരില്‍ ഒരെണ്ണം പാഞ്ഞടുക്കുകയായിരുന്നു.

ഏറ്റവും മുന്നിലായി പോവുക ആയിരുന്ന അളകമ്മയെ കാലുകൊണ്ടു തട്ടി താഴെയിട്ട ശേഷം മാരകമായി ആക്രമിക്കുക ആയിരുന്നു. ഒറ്റക്കൊമ്പുകൊണ്ട് ഇടതുകാല്‍ കുത്തിക്കീറി. കാല്‍പാദം മുതല്‍ തുട വരെ പിളര്‍ന്ന നിലയിലാണ്. ശേഖറിനെ നടുവിനു ചവിട്ടിയ ശേഷം വലിച്ചെറിഞ്ഞു. ഓടി രക്ഷപ്പെടുന്നതിനിടെ വീണാണു രാമചന്ദ്രനു പരുക്കേറ്റത്. മറ്റു തൊഴിലാളികള്‍ ബഹളംവച്ചതിനാല്‍ ഒറ്റയാന്‍ കൂടുതല്‍ ആക്രമണം നടത്താതെ പിന്മാറി.

Tags:    

Similar News