പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിക്കവെ യുവതിക്ക് വീട്ടില്‍ സുഖപ്രസവം; അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി 108 ആംബുലന്‍സ് ജീവനക്കാര്‍
പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിക്കവെ യുവതിക്ക് വീട്ടില്‍ സുഖപ്രസവം
തിരുവനന്തപുരം: പ്രസവ വേദന കടുത്തതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിക്കവെ യുവതി വീട്ടില്‍ പ്രസവിച്ചു. മലയിന്‍കീഴ് മൊട്ടമുഡ് സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് വീട്ടില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍ ഓടി എത്തി.
തിങ്കളാഴ്ച രാത്രി 11:45 ഓടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിന് തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകാന്‍ ശ്രമിക്കവേ പ്രസവ വേദന കലശലാവുകയും വീട്ടില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. യുവതിയുടെ വേദനയു വെപ്രാളവും കണ്ട് ഉടന്‍ ബന്ധുക്കള്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം മലയിന്‍കീഴ് താലൂക്ക് ഹെഡ്ക്വാര്‍ട്ടര്‍ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി.
ആംബുലന്‍സ് പൈലറ്റ് അനന്തന്‍ എസ്. എ, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ അഞ്ജന വിജയന്‍ എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി. ഇവര്‍ എത്തുമ്പോഴേക്കും പ്രസവം നടന്ന് കഴിഞ്ഞിരുന്നു. തുടര്‍ന്ന് അഞ്ജന അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി. തുടര്‍ന്ന് ആംബുലന്‍സ് പൈലറ്റ് അനന്ദന്‍ ഇരുവരെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.