ജോലിക്ക് പോകാൻ എന്ന് പറഞ്ഞ് മുറിയിൽ കയറി കതകടച്ചു; ജനൽ തുറന്നപ്പോൾ കണ്ടത്; ജീവനൊടുക്കിയ നിലയിൽ അസി.പ്രിസൺ ഓഫീസർ; മരണത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് പോലീസ്
തിരുവനന്തപുരം: ജില്ലാ ജയിൽ അസിസ്റ്റന്‍റ് പ്രിസൺ ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഇല്ലെന്ന് പോലീസ് പറഞ്ഞു. ആറയൂർ കൊറ്റാമം ഷിബിൻ കോട്ടേജിൽ വൈ. ഷിബിനെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 34 വയസായിരുന്നു അദ്ദേഹത്തിന്.
രാവിലെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് ജോലിക്ക് പോകുന്നതിനായി വീട്ടിനുള്ളിലെ ബെഡ് റൂമിൽ കയറിയ ഇയാൾ ഏറെ സമയം കഴിഞ്ഞിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ജനൽ ഗ്ലാസ് പൊട്ടിച്ച് നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്.
പാറശാല പോലീസ് മേൽനടപടി സ്വീകരിച്ച മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളെജാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പോസ്റ്റുമോർട്ടത്തിൽ നിന്നും സംശയമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സർജന്റെ നിരീക്ഷണം.
ഇതോടെ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസും. ബന്ധുക്കളുമായി സംസാരിച്ചതിലും സംശയാസ്പദമായി ഒന്നും അറിയാൻ കഴിഞ്ഞിട്ടില്ല. വിശദമായി മൊഴിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.