ചെക്ക് പോസ്റ്റിന് സമീപം കാർ തടഞ്ഞ് പൊലീസിന്റെ പരിശോധന; കണ്ടെടുത്തത് എം.ഡി.എം.എ; മുത്തങ്ങയിൽ രണ്ട് യുവാക്കൾ പിടിയിൽ
സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ലഹരിവേട്ടയിൽ യുവാക്കൾ പിടിയിൽ. മയക്കുമരുന്നായ എംഡിഎംഎയുമായാണ് രണ്ട് കോഴിക്കോട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തത്. 1.85 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് ചെറുവണ്ണൂര്‍, ഒളവണ്ണ റഹ്‌മാന്‍ ബസാര്‍ സ്വദേശികളായ തൊണ്ടിയില്‍ വീട്ടില്‍ സി. അര്‍ഷാദ് (23), ഗോള്‍ഡന്‍ വീട്ടില്‍ കെ. മുഹമ്മദ് ഷെഹന്‍ഷാ(24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്ക് പോസ്റ്റിന് സമീപം വാഹന പരിശോധനക്കിടെയാണ് യുവാക്കള്‍ പിടിയിലായത്. ഗുണ്ടല്‍പേട്ട് ഭാഗത്ത് നിന്നും വരികയായിരുന്ന കെ.എല്‍ 10 എ.സെഡ് 3991 നമ്പര്‍ കാറിലായിരുന്നു മയക്ക് മരുന്ന് കടത്താൻ ശ്രമം നടന്നത്.
പരിശോധന സംഘത്തെ കണ്ട് പരുങ്ങിയ യുവാക്കളെ വിശദമായി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. തുടർന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം എല്ലാ സ്റ്റേഷന്‍ പരിധികളിലും ജില്ലാ അതിര്‍ത്തികളിലും ലഹരിക്കടത്തും വില്‍പ്പനയും ഉപയോഗവും തടയുന്നതിനായി പ്രത്യേക പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.