കണ്ണൂര്‍ കളക്ടര്‍ പറഞ്ഞത് നുണ; നവീന്‍ കളക്ടറോട് ഒന്നും പറയാന്‍ സാധ്യതയില്ല; ഒരു ആത്മബന്ധവും നവീന് അരുണ്‍ കെ വിജയനോട് ഇല്ല; കളക്ടര്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് താന്‍ തന്നെ എടുത്ത തീരുമാനം; നീതിക്കായി ഏതറ്റം വരെയും പോകും; നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ

കണ്ണൂര്‍ കളക്ടര്‍ പറഞ്ഞത് നുണ

Update: 2024-10-31 06:26 GMT

പത്തനംതിട്ട: നീതിക്കായി ഏതററം വരെയും പോകുമെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും അവര്‍ ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.

കളക്ടര്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി വിശ്വസിക്കുന്നില്ല. കളക്ടര്‍ പറഞ്ഞത് നുണയാണ്. നവീന്‍ ബാബുവിന് കളക്ടറുമായി ഒരു ആത്മബന്ധവും നവീനിലില്ല. നവീന്‍ കളക്ടറിനോട് ഒന്നും തുറന്നുപറയാന്‍ സാധ്യതയില്ല.

കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന നിലപാട് സ്വീകരിച്ചത് താന്‍ തന്നെയെന്നും മഞ്ജുഷ പറഞ്ഞു. ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കണ്ണൂര്‍ കളക്ടര്‍. അതിനാല്‍ തന്നെ കളക്ടര്‍ പറഞ്ഞത് കണ്ണൂര്‍ കളക്ടറേറ്റിലെ ആരും വിശ്വസിക്കില്ല. അത്തരത്തില്‍ തുറന്നുപറയാന്‍ യാതൊരു സാധ്യതയുമില്ല. അത് പൂര്‍ണമായിട്ടും അറിയാം.

കളക്ടറുമായി ഒരു തരത്തിലുള്ള ആത്മബന്ധവും നവീന്‍ ബാബുവിനില്ല. കളക്ടര്‍ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് താന്‍ തന്നെ എടുത്ത തീരുമാനമാണ്. അദ്ദേഹം വീട്ടിലേക്ക് വരുന്നതില്‍ താത്പര്യമില്ല. മരണത്തില്‍ നീതി ലഭിക്കുന്നതിനായി നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും മഞ്ജുഷ പറഞ്ഞു.

യാത്രയയപ്പ് ദിവസം കളക്ടറോട് നവീന്‍ ബാബു സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നുമാണ് കണ്ണൂര്‍ കളക്ടര്‍ പൊലീസിനോട് പറഞ്ഞത്. കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചത്. തെറ്റ് പറ്റിയെന്ന് എഡിഎം നവീന്‍ ബാബു പറഞ്ഞിട്ടുണ്ടെന്നും തന്റെ മൊഴി പൂര്‍ണ്ണമായി പുറത്തുവന്നിട്ടില്ലെന്നും അരുണ്‍ കെ വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കോടതി വിധിയില്‍ വന്ന മൊഴി നിഷേധിക്കുന്നില്ലെന്നും ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണര്‍ക്ക് നല്‍കിയ മൊഴിയും സമാനമാണെന്നും കളക്ടര്‍ അരുണ്‍ കെ വിജയന്‍ പ്രതികരിച്ചിരുന്നു. എട്ട് മാസം തന്റെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് നവീന്‍ ബാബു. കുടുംബത്തിന് കൊടുത്ത കത്തിലുള്ള കാര്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കുന്നുവെന്നും അരുണ്‍ കെ വിജയന്‍ പറഞ്ഞിരുന്നു കുടുംബത്തിന്റെ ആരോപണങ്ങളും അന്വേഷിക്കട്ടെയെന്നും അവധി അപേക്ഷ നീട്ടി എന്ന ആരോപണങ്ങളെല്ലാം അന്വേഷിക്കാമെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു


അതേസമയം, നാളെയാകും ദിവ്യയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. എന്നാല്‍, തങ്ങളെയും കക്ഷി ചേര്‍ക്കണമെന്ന് കുടുംബം ആവശ്യപ്പെടും. ഇതോടെ കോടതി കക്ഷികള്‍ക്കും നോട്ടീസ് അയക്കും. തുടര്‍ന്നാകും ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിലേക്ക് നടക്കുക. പോലീസ് കസ്റ്റഡി ആവശ്യപ്പെടുമോ എന്നത് അടക്കമുള്ള കാര്യങ്ങളും പ്രസക്തമാകും. ഇതോടെ ദിവ്യയുടെ ജയില്‍വാസം രണ്ടാഴ്ച്ചയെങ്കിലും നീണ്ടും പോയേക്കാം. പാര്‍ട്ടിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മനസ്സില്ലാ മനസസോടെ കീഴടങ്ങിയ ദിവ്യ ജയില്‍വാസം നീളുന്നതില്‍ കടുത്ത അമര്‍ഷത്തിലാണ്.

താന്‍ കീഴടങ്ങുമ്പോള്‍ പാര്‍ട്ടി തനിക്കെതിരെ നടപടി എടുക്കരുതെന്നാണ് ദിവ്യ ആവശ്യപ്പെട്ട കാര്യം. റിമാന്‍ഡിലുള്ള ജില്ലാ കമ്മിറ്റി അംഗം പി.പി.ദിവ്യയുടെ അഭ്യര്‍ഥനകൂടി മാനിച്ചാണു സംഘടനാപരമായ അച്ചടക്കനടപടികളിലേക്ക് ഉടന്‍ കടക്കേണ്ടെന്ന നിഗമനത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം എത്തിയതെന്നറിയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ദിവ്യയുടെ നീക്കം.

Tags:    

Similar News