ചാരായം വാറ്റി കുപ്പികളിലാക്കി ബൈക്കില്‍ കൊണ്ടുപോയി വില്‍പ്പന; കച്ചവടം പൊടിപൊടിച്ചതോടെ വന്‍ ലാഭംകൊയ്ത്; 25കാരനെ കസ്റ്റഡിയിലെടുത്ത് എക്‌സൈസ്

ചാരായം വില്‍പ്പന:25കാരനെ കസ്റ്റഡിയിലെടുത്ത് എക്‌സൈസ്

Update: 2024-11-04 17:19 GMT

മലപ്പുറം: ചാരായം വാറ്റി കുപ്പികളിലാക്കി വില്‍പ്പനക്കായി ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന ഒരാളെ എക്സൈസ് സംഘം പിടികൂടി. ഏലംകുളം മാട്ടായി വള്ളോത്ത് പള്ളിയാലില്‍ പി. ഹരിഹരന്‍ (25)ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 30 ലിറ്റര്‍ ചാരായമാണ് പെരിന്തല്‍മണ്ണ എക്സൈസ് സംഘം പിടികൂടിയത്.

വന്‍ ലാഭം കൊയ്തായിരുന്നു വില്‍പന പൊടിപൊടിച്ചിരുന്നത്. ചാരായം കടത്താന്‍ ഉപയോഗിച്ച ഹീറോ ഹോണ്ട ബൈക്കും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഏലംകുളം മാട്ടായി വള്ളോത്ത് കടവ് പുഴയുടെ തീരം കേന്ദ്രീകരിച്ച് ചാരായം വാറ്റി റേഞ്ചിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പെരിന്തല്‍മണ്ണ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം. യൂനുസിന്റെ നേതൃത്വത്തില്‍ നടത്തിയ പെട്രോളിംഗിലാണ് ഇയാള്‍ അറസ്റ്റിലായത്.

പെരിന്തല്‍മണ്ണ ടൗണ്‍, ആനമങ്ങാട്, അങ്ങാടിപ്പുറം, ഒലിങ്കര, പുളിങ്കാവ്, ആരുംകൂട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ വാറ്റുചാരായം വിതരണം ചെയ്യുന്നതിനാല്‍ ആഴ്ചകളായി ഈ പ്രദേശങ്ങള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. വ്യാജമദ്യ വില്‍പ്പനയും മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും കണ്ടെത്തുന്നതിനും തടയുന്നതിനും ശക്തമായ നടപടികളാണ് എക്സൈസ് വകുപ്പ് സ്വീകരിക്കുന്നത്. ഈ മാസം ഒന്നിന് മേലാറ്റൂരില്‍ നിന്ന് അഞ്ച് ലിറ്റര്‍ ചാരായവുമായി ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

മദ്യം, ലഹരി വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ 9400069645, 9400069656 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ അറിയിക്കണമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അന്വേഷണ സംഘത്തില്‍ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) കെ. രാമന്‍കുട്ടി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി. തേജസ്, ടി.കെ. രാജേഷ്, അബ്ദുള്‍ജലീല്‍, വി.കെ. ഷംസുദ്ദീന്‍, സഹദ് ശരീഫ് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Tags:    

Similar News