തൃശൂര്‍ പൂരം കലക്കലിന് പിന്നില്‍ ബിജെപി, ആര്‍എസ്എസ് ഗൂഢാലോചന; പകല്‍ പൂരത്തിനൊപ്പം വെടിക്കെട്ട് നടത്തിയാല്‍ മതിയെന്ന് പ്രഖ്യാപിച്ചത് സുരേഷ് ഗോപിയുടെ രംഗപ്രവേശത്തിന് ശേഷം; പൊലീസിന് മൊഴി നല്‍കി വി എസ് സുനില്‍ കുമാര്‍
തൃശൂര്‍ പൂരം: പൊലീസിന് മൊഴി നല്‍കി വി എസ് സുനില്‍ കുമാര്‍
തൃശൂര്‍: തൃശൂര്‍ പൂരം കലക്കലില്‍, ബിജെപിക്കും ആര്‍എസ്എസിനും അന്നത്തെ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കും പങ്കുണ്ടെന്ന് വി എസ് സുനില്‍ കുമാറിന്റെ മൊഴി. മലപ്പുറം അഡീഷ്ണല്‍ എസ്പി ഫിറോസിന്റെ നേതൃത്വത്തിലുള്ള സംഘം രാമനിലയം ഗസ്റ്റ് ഹൗസില്‍ എത്തിയാണ് സുനില്‍ കുമാറിന്റെ മൊഴിയെടുത്തിയത്.
'തൃശൂര്‍ പോലീസ് രാത്രി ഉണ്ടായ എനിക്കറിയുന്ന എല്ലാ കാര്യങ്ങളും പറഞ്ഞു. വെടിക്കെട്ട് വൈകിയത്, പ്രധാനപ്പെട്ട ചടങ്ങുകള്‍ എല്ലാം കേവലം ചടങ്ങുകളായി മാറ്റിയത്, മേളം നിര്‍ത്തിവച്ചത്, വെടിക്കെട്ട് നടക്കില്ല എന്ന് പ്രഖ്യാപിച്ചത്, പന്തലിന്റെ ലൈറ്റ് ഓഫ് ചെയ്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പറഞ്ഞു. ഇതിനുപിന്നില്‍ ആര്‍എസ്എസ്, വിശ്വ ഹിന്ദു പരിഷത്ത് ഗൂഢാലോചന ഉണ്ടായെന്ന് ഞാന്‍ പറഞ്ഞു,' വിഎസ് സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആര്‍എസ്എസ് നേതാക്കളുടെ സാന്നിധ്യം പുറത്തുവരണമെങ്കില്‍ പോലീസിന്റെ കയ്യിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വരണം. സിസിടിവി പരസ്യപ്പെടുത്താന്‍ ആവില്ല എന്നാണ് പൊലീസ് പറഞ്ഞ്. പകല്‍ പൂരത്തിനൊപ്പം വെടിക്കെട്ട് നടത്തിയാല്‍ മതിയെന്ന് പ്രഖ്യാപിച്ചത് സുരേഷ് ഗോപിയുടെ രംഗപ്രവേശനത്തിന് ശേഷമാണ്. വാഹനങ്ങള്‍ക്ക് വിലക്കുള്ള സ്ഥലത്ത് എല്ലാ ബാരിക്കേഡും മാറ്റി ഏത് ഉദ്യോഗസ്ഥനാണ് ആംബുലന്‍സ് കടത്തിവിട്ടത്. പൂരം അലങ്കോലമാക്കിയതില്‍ രാഷ്ട്രീയ നേട്ടം കിട്ടുന്നവര്‍ക്ക് ഒപ്പം ആരൊക്കെ നിന്നു? പൂരം അലങ്കോലം ആക്കിയതിന് ഉത്തരവാദി ഇരു ദേവസ്വത്തിലെയും ആളുകള്‍ അല്ല, വിഎസ് സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ നേട്ടങ്ങളോടെ പൂരം അലങ്കോലപ്പെടുത്തി എന്ന തന്റെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, മൊഴിയെടുക്കാനായി വീണ്ടും വിളിപ്പിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു .