മുഴുവന്‍ ബസുകളും എസി ആക്കും; എല്ലാ ബസുകളിലും ക്യാമറ; ക്യാമറ കണ്‍ട്രോളുകള്‍ കെ എസ് ആര്‍ ടി സി ആസ്ഥാനങ്ങളില്‍; ഡ്രൈവര്‍മാര്‍ ഉറങ്ങുന്നുണ്ടോ എന്നറിയാന്‍ ആധുനിക ക്യാമറകള്‍ വരുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍

ഡ്രൈവര്‍മാര്‍ ഉറങ്ങുന്നുണ്ടോ എന്നറിയാന്‍ ആധുനിക ക്യാമറകള്‍

Update: 2024-12-14 14:50 GMT

പാലക്കാട്: കേരളത്തിലെ മുഴുവന്‍ ബസുകളും എസി ആക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാര്‍. എല്ലാ ബസുകളിലും ക്യാമറകള്‍ ഘടിപ്പിക്കും. ക്യാമറ കണ്‍ട്രോളുകള്‍ നേരിട്ട് കെഎസ്ആര്‍ടിസി ആസ്ഥാനങ്ങളില്‍ ആയിരിക്കും. ഡ്രൈവര്‍മാര്‍ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ആധുനിക ക്യാമറകള്‍ കൂടി ഫിറ്റ് ചെയ്യുന്നത് പരിഗണനയിലാണ്. അടുത്ത രണ്ടുമൂന്നു മാസത്തിനകം എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കാനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ശീതീകരിച്ച ഓഫിസ് മുറികളുടെയും ജീവനക്കാരുടെ ശീതീകരിച്ച വിശ്രമ മുറികളുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കുടുംബസമേതമുള്ള യാത്രക്കാരെ കൂടുതലായി കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇതിനായി കെഎസ്ആര്‍ടിസിയില്‍ സുരക്ഷിതത്വത്തിനും ശുചിത്വത്തിനും മികച്ച ഭക്ഷണത്തിനും പ്രാധാന്യം നല്‍കും. ജീവനക്കാര്‍ക്ക് മികച്ച വിശ്രമ സൗകര്യം അനുവദിക്കും. കെഎസ്ആര്‍ടിസിയിലെ ശുചിമുറികള്‍ ഉടന്‍ ഉപയോഗയോഗ്യമാക്കും. കെഎസ്ആര്‍ടിസി ബസുകളിലെ തകരാറുകള്‍ യഥാസമയം പരിഹരിച്ച് നല്‍കിയില്ലെങ്കില്‍ മെക്കാനിക് വിഭാഗത്തിലെ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

പുതുതായി ആരംഭിക്കുന്ന മൂന്ന് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസുകളില്‍ ഒന്ന് പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തും. പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് കോഴിക്കോട് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം ബസ് ആരംഭിക്കും. പാലക്കാട് നിന്നും ബാംഗ്ലൂര്‍ മൈസൂര്‍ ബസ്സുകള്‍ ഉടന്‍ ഓടിത്തുടങ്ങും. ടൂറിസം വികസനത്തിന്റെ ഭാഗമായി പാലക്കാട് നിന്ന് മൂന്നാര്‍ കുമളി സര്‍വീസ് ആരംഭിക്കും. പാലക്കാട് നിന്നും മൂകാംബികയിലേക്ക് ആരംഭിച്ച മിന്നല്‍ സര്‍വീസ് വലിയ ലാഭത്തിലാണ്. പുതിയ 35 എസി, സെമി സ്ലീപ്പര്‍ ബസ്സുകള്‍ പുറത്തിറക്കും. അതില്‍നിന്ന് ഒരു വണ്ടി മൈസൂരിലേക്കും ഒരു വണ്ടി ചെന്നൈയിലേക്കും സര്‍വീസ് നടത്തും. പാലക്കാട് നിന്ന് പഴനിയിലേക്ക് ഓടിയിരുന്ന സര്‍വീസ് നിര്‍ത്തില്ല. പകരം ലാഭകരമാകുന്ന പുതിയ സമയം ക്രമീകരിച്ച് സര്‍വീസ് പുനരാരംഭിക്കും.

പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് പുറകുവശത്തെ ഒഴിഞ്ഞ സ്ഥലത്ത് പൊതുജനങ്ങള്‍ക്ക് കൂടി ഉപകാരപ്പെടുന്ന പെട്രോള്‍ പമ്പ് സ്ഥാപിക്കും. ജീവനക്കാര്‍ക്ക് മികച്ച വിശ്രമ സൗകര്യം അനുവദിക്കാനാണ് തീരുമാനം. നല്ല വിശ്രമം ലഭിക്കുന്നത് അപകടങ്ങള്‍ കുറയ്ക്കും. കെഎസ്ആര്‍ടിസിയിലെ ടോയ്‌ലറ്റ് ഉടന്‍ ഉപയോഗയോഗ്യമാക്കും. കെഎസ്ആര്‍ടിസിയിലെ സിവില്‍ വര്‍ക്കുകള്‍ ജീവനക്കാര്‍ തന്നെ ചെയ്യുന്ന രീതിയിലാക്കും. ഇത് ടെന്‍ഡര്‍ നടപടികളേക്കാള്‍ കെഎസ്ആര്‍ടിസിക്ക് ലാഭകരമാണ്.സ്ഥലം എംഎല്‍എ ആവശ്യപ്പെട്ടത് പരിഗണിച്ച് പാലക്കാട് മെഡിക്കല്‍ കോളേജിലേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കും. രോഗികള്‍ക്ക് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തുന്ന രീതിയില്‍ സമയം ക്രമീകരിച്ചാവും ഇവ നടപ്പിലാക്കുക. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്താനും ആലോചനയുണ്ട്.

അടുത്ത രണ്ടുമൂന്നു മാസത്തിനകം എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കാനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങും. എല്ലാ പഠനങ്ങളും പറയുന്നത് കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് വരുമാനം കൂട്ടണം എന്നാണ്.കെഎസ്ആര്‍ടിസിയുടെ കടമുറികള്‍ വാടകയ്ക്ക് നല്‍കുന്നതിലൂടെ വരുമാനം ഉറപ്പാക്കും. പാലക്കാട് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിലെ അനധികൃത വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. കെഎസ്ആര്‍ടിസിയിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് എല്ലാം ഏകീകൃത കരാര്‍ വ്യവസ്ഥ നടപ്പാക്കും. കെഎസ്ആര്‍ടിസിയുടെ ബസ്സുകളിലെ തകരാറുകള്‍ യഥാസമയം പരിഹരിച്ച് നല്‍കിയില്ലെങ്കില്‍ മെക്കാനിക് വിഭാഗത്തിലെ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി ഉണ്ടാകും. കെഎസ്ആര്‍ടിസി ബസ്സുകള്‍ കഴുകി വൃത്തിയാക്കുന്നത് പരിശോധിക്കാന്‍ സ്ഥിരം സംവിധാനം ഒരുക്കും. കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ മദ്യപാന പരിശോധന ആരംഭിച്ചത് മുതല്‍ അപകട നിരക്ക് ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

Tags:    

Similar News