ദീപക്കിനെ കുടുക്കാന്‍ വീഡിയോ എഡിറ്റ് ചെയ്‌തോ? റീച്ചിന് വേണ്ടി യുവാവിനെ കുരുക്കിയ ഷിംജിത ഒളിവില്‍! മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം; മുന്‍ പഞ്ചായത്ത് അംഗം വിദേശത്തേക്ക് കടന്നോ എന്നും സംശയം; ലുക്കൗട്ട് നോട്ടീസ് ഇറക്കും; ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പൊലീസ് നിരീക്ഷണത്തില്‍
കോഴിക്കോട്: ബസ്സില്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയുണ്ടായ അധിക്ഷേപത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസില്‍ വീഡിയോ പ്രചരിപ്പിച്ച ഷിംജിത മുസ്തഫയെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ആത്മഹത്യ പ്രേരണയ്ക്ക് പൊലീസ് കേസ് എടുത്തതിനു പിന്നാലെ ഷിംജിത ഒളിവിലാണെന്നാണ് സൂചന. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് മുസ്ലിംലീഗ് പ്രവര്‍ത്തകയും മുന്‍ പഞ്ചായത്ത് അംഗവുമായ ഷിംജിത മുസ്തഫയ്‌ക്കെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തത്. ബിഎന്‍എസ് 108 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഷിംജിത വിദേശത്തേക്ക് കടന്നോയെന്ന് സംശയവുമുണ്ട്. ഷിംജിതയെ രക്ഷപ്പെടാന്‍ പൊലീസ് അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ദീപകിന്റെ കുടുംബം രംഗത്ത് വന്നു.
യുവതിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നതിലൂടെ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ഫോണിലെ വീഡിയോ നശിപ്പിക്കരുതെന്ന് കഴിഞ്ഞ ദിവസം പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. ബസ്സിലുണ്ടായിരുന്ന സഹയാത്രികരില്‍നിന്നും ജീവനക്കാരില്‍നിന്നും മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്. സ്വകാര്യ ബസിലെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഷിംജിതയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ദീപക്കിന്റെ അമ്മയുടെ പരാതിയിലാണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.
ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. ഷിംജിത ബസ്സില്‍വെച്ച് ചിത്രീകരിച്ച വീഡിയോ വൈറലായിരുന്നു. ദുരുദ്ദേശത്തോടെ ദീപക് സ്പര്‍ശിച്ചെന്ന് ആരോപിച്ചായിരുന്നു ഷിംജിത വീഡിയോ പുറത്തുവിട്ടത്. ഇതേ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. തുടര്‍ന്ന്, ദീപകിന്റെ മാതാപിതാക്കള്‍ സിറ്റി പൊലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മെഡി. കോളേജ് ഇന്‍സ്പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഗോവിന്ദപുരത്തെ വീട്ടിലെത്തി അമ്മ കന്യകയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്തു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
മകന്‍ പാവമായിരുനെന്നും അവന്‍ പേടിച്ചുപോയി, ലോകത്ത് ഒരച്ഛനും അമ്മയ്ക്കും ഇങ്ങനെ ഒരു ഗതി ഉണ്ടാവരുത്, ഒരു പെണ്ണിനോടും അവന്‍ മോശമായി പെരുമാറിയിട്ടില്ലെന്നും ദീപക്കിന്റെ അമ്മ കന്യക മാധ്യമങ്ങളോട് പറഞ്ഞു. ഷിംജിതയെ പിടി കൂടണമെന്നും എങ്കിലെ നീതി കിട്ടുകയുള്ളുവെന്നും ദീപക്കിന്റെ അച്ഛന്‍ പറഞ്ഞു.
41 വയസ്സിനിടെ ആരോടും മുഖം കറുത്ത് സംസാരിക്കുകയോ മോശമായ രീതിയില്‍ പെരുമാറുകയോ ചെയ്യാത്തവനാണ് മകന്‍ ദീപക്കെന്ന് അമ്മ പറയുന്നു. അവനാകെ പേടിച്ചുപോയി, അത്രയും പാവമാണ്, ഇന്ന് വരെ ഒരാളും അവനെതിരെ ഒരു പരാതിയും പറഞ്ഞിട്ടില്ലെന്നും അമ്മ പറയുന്നു. മകന്റെ ജീവിതം ഇല്ലാതാക്കിയ അവളെ കണ്ടെത്തണമെന്നും ശിക്ഷിക്കണമെന്നും ദീപക്കിന്റെ മാതാപിതാക്കള്‍ പറയുന്നു.
അതേസമയം ദീപക്കിനെതിരെ സോഷ്യല്‍മീഡിയയില്‍ വിഡിയോ പോസ്റ്റ് ചെയ്ത ഷിംജിത എവിടെയെന്ന കാര്യത്തില്‍ പൊലീസിനു വ്യക്തതയില്ലെന്നാണ് അറിയാനാകുന്നത്. ഒളിവില്‍ പോയിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു. അതേസമയം തന്നെ അറസ്റ്റ് തടയാനായി മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കും യുവതി ശ്രമിക്കുന്നുണ്ടെന്നാണ് സൂചന. ഏതായാലും സമഗ്രമായ അന്വേഷണത്തിലേക്ക് തന്നെയാണ് പൊലീസിന്റെ നീക്കം.
ഷിംജിത പങ്കുവച്ച വിഡിയോയുടെ കാര്യത്തിലും പൊലീസിനു ചില സംശയങ്ങളുണ്ട്. വിഡിയോ എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചതെന്നാണ് ഉയരുന്ന ആരോപണം. ഒരു സീക്വന്‍സില്‍ മാത്രമുള്ള വിഷ്വല്‍ അല്ല പുറത്തുവന്നിരിക്കുന്നത്. അങ്ങനെയെങ്കില്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചേക്കും. മാത്രമല്ല ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ വടകരയിലുള്ള ഷിംജിതയുടെ വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ദീപക്കിന്റെ മാതാപിതാക്കളെ കണ്ടും പൊലീസ് സംസാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.
കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവതിക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കണമെന്നായിരുന്നു ഉയര്‍ന്ന ആവശ്യം.
ദീപക്കിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. സംഭവം നോര്‍ത്ത് സോണ്‍ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19-ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.
