പാര്‍ട്ടിക്കൊടി കെട്ടാത്തതിന് ഭിന്നശേഷിക്കാരനെ ഇടിമുറിയില്‍ മര്‍ദ്ദിച്ച കേസ്; എസ്എഫ്‌ഐ നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല; രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗത്വം കുറ്റകൃത്യം ചെയ്യാനുള്ള ലൈസന്‍സ് അല്ലെന്ന് കോടതി

എസ്എഫ്‌ഐ നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

Update: 2024-12-18 15:01 GMT

തിരുവനന്തപുരം: പാര്‍ട്ടിക്കൊടി കെട്ടാത്തതിന് ഭിന്നശേഷിക്കാരനെ യൂണിവേഴ്‌സിറ്റി കോളേജ് ഇടിമുറിയില്‍ മര്‍ദിച്ച കേസില്‍ ഒന്നാം പ്രതി എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി വിധു. എസ്. ഉദയക്കും, രണ്ടാം പ്രതി എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ചന്ദിനും മുന്‍കൂര്‍ ജാമ്യമില്ല. കൃത്യത്തില്‍ പ്രതികളുടെ പങ്കും പങ്കാളിത്തവും കേസ് ഫയലില്‍ വ്യക്തമാണെന്നും

ഗൗരവമേറിയതും മൃഗീയവുമായ കൃത്യം ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗത്വമുണ്ടെത് കുറ്റകൃത്യം ചെയ്യാനുള്ള ലൈസന്‍സ് അല്ലെന്നും കലാലയത്തില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ ചെയ്യിക്കുന്നത് ജനാധിപത്യവിരുദ്ധവും നീതി നിഷേധവുമാണെന്നും പ്രസ്താവിച്ചാണ് കോടതി ജാമ്യം നിരസിച്ചത്. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. വിഷ്ണുവിന്റെതാണുത്തരവ്.

ഭിന്നശേഷി വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ഒന്നാം പ്രതി വിധു. എസ്. ഉദയയുടെ അറസ്റ്റ് പ്രതിയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുടെ അന്തിമ തീരുമാനം വരെ ഇതേ കോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു.

Tags:    

Similar News