മുണ്ടക്കൈ ഉരുള്‍പൊട്ടലിന് ഇരകളായവരുടെ പുനരധിവാസം നടപ്പാക്കാതെ പാഴ് വാഗ്ദാനങ്ങള്‍ നല്‍കുന്നു; ശക്തമായ പ്രതിഷേധവുമായി ജന ശബ്ദം ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ കളക്ടറേറ്റ് മാര്‍ച്ച്
മുണ്ടക്കൈ: ജനശബ്ദം ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ കളക്ടറേറ്റ് മാര്‍ച്ച്
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലിന് ഇരകളായവരുടെ പുനരധിവാസം വൈകുന്നതിന് എതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. പുനരധിവാസം സമയബന്ധിതമായി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിന് എതിരെ ശക്തമായ പ്രതിഷേധവുമായി ജന ശബ്ദം ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
ജനശബ്ദം ആക്ഷന്‍ കമ്മിറ്റി മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ ഇങ്ങനെയാണ്: കാണാതായവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുക, പുനരധിവാസം വേഗത്തില്‍ ആക്കുക, അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കുക, 10,11,12.വാര്‍ഡിലെ മുഴുവന്‍ ആളുകളുടെയും കടങ്ങള്‍ എഴുതിത്തള്ളുക, കെട്ടിട ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കൃഷി ഭൂമിക്ക് പകരം കൃഷി ഭൂമി നല്‍കുക, തുടര്‍ചികിത്സ ലഭ്യമാക്കുക, വാഹനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് വാഹനങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
പുനരധിവാസം വേഗത്തിലാക്കാതെ, ലോഡ്കണക്കിന് പാഴ് വാഗ്ദാനങ്ങള്‍ നല്‍കുന്നു, കോടിക്കണക്കിന് കിട്ടീട്ടും മതിവരാത്തൊരു സര്‍ക്കാരേ എന്ന് നടക്കും പുനരധിവാസം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്.
പുതിയ ബസ്റ്റാന്‍ഡ് പരിസരത്തു നിന്നും തുടങ്ങിയ മാര്‍ച്ചിന് ജനശബ്ദം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ നസീര്‍ ആലക്കല്‍, കണ്‍വീനര്‍ ഷാജിമോന്‍ ചൂരല്‍മല, ട്രഷറര്‍ മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.