എം പരിവാഹന്‍ ഇ-ചലാന്‍ എന്ന വ്യാജേന മെസേജുകളും വാട്‌സാപ് സന്ദേശങ്ങളും അയച്ച് തട്ടിപ്പ്; പിഴത്തുക അടയ്ക്കാന്‍ എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ കാശു പോകും: മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

എം പരിവാഹൻ ഇ-ചലാൻ എന്ന വ്യാജേന മെസേജുകൾ അയച്ച് തട്ടിപ്പ് വ്യാപകം

Update: 2025-01-22 00:30 GMT

കൊല്ലം: മോട്ടോര്‍ വാഹന നിയമം ലംഘിച്ചെന്ന പേരില്‍ എം പരിവാഹന്‍ ഇ-ചലാന്‍ എന്ന വ്യാജേന മെസേജുകളും വാട്‌സാപ് സന്ദേശങ്ങളും അയച്ച് തട്ടിപ്പ്. തട്ടിപ്പ് സന്ദേശത്തില്‍ കുടുങ്ങി എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ കാശു പോകും. വാഹനങ്ങളുടെ നിയമ ലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചലാന്‍ എന്ന വ്യാജേന മെസേജുകളും വാട്‌സാപ് സന്ദേശങ്ങളും പ്രചരിക്കുകയാണ്.

ഒറ്റ നോട്ടത്തില്‍ വ്യാജനെ കണ്ടെത്താനാകില്ലെങ്കിലും തട്ടിപ്പ് സന്ദേശത്തില്‍ ചലാന്‍ നമ്പര്‍ 14 അക്കമാണ്. എന്നാല്‍ യഥാര്‍ഥ ചലാനില്‍ 19 അക്കമുണ്ട്. ബെംഗളൂരു സിറ്റി പൊലീസിന്റെ പ്രൊഫൈല്‍ ഉള്ള നമ്പറില്‍ നിന്നാണ് കൂടുതല്‍ തട്ടിപ്പും നടന്നിട്ടുള്ളത്. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റുമൊക്ക ധരിച്ചു വാഹനമോടിച്ചവര്‍ക്ക് നിയമം ലംഘിച്ചെന്നു പറഞ്ഞ് വാട്‌സാപ്പില്‍ മെസേജ് അയക്കും. പിഴത്തുക അടയ്ക്കാന്‍ എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാനും സന്ദേശത്തില്‍ ആവശ്യപ്പെടും. എന്നാല്‍ ഇത്തരത്തില്‍ എംപരിവാഹന് എപികെ ഫയല്‍ ഇല്ലെന്നും പ്ലേ സ്റ്റോര്‍, ആപ് സ്റ്റോര്‍ എന്നിവ വഴി മാത്രമേ പരിവാഹന്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ എന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ സി. നാഗരാജു പറഞ്ഞു.

മാസങ്ങളായി തുടരുന്ന ഈ സൈബര്‍ തട്ടിപ്പിനെതിരെ മോട്ടര്‍ വാഹന വകുപ്പും പൊലീസും സമൂഹമാധ്യമങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ വകുപ്പ് വാട്‌സാപ് വഴി സന്ദേശം അയയ്ക്കാറുണ്ടെങ്കിലും കേരളത്തില്‍ ആരംഭിച്ചിട്ടില്ലെന്നും ലിങ്കില്‍ ക്ലിക്ക് ചെയ്തു പണം അടയ്ക്കാന്‍ പറയില്ലെന്നും അധികൃതര്‍ അറിയിച്ചു.

മോട്ടര്‍ വാഹന വകുപ്പും പൊലീസും നല്‍കുന്ന നിര്‍ദേശങ്ങള്‍:

* ആരെങ്കിലും വാട്‌സാപ്പില്‍ അയച്ച് തരുന്ന ആപ്ലിക്കേഷന്‍ ഫയല്‍ ക്ലിക്ക് ചെയ്യരുത്.

* ഇ- ചലാന്‍ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നു മാത്രം വിവരങ്ങള്‍ സ്വീകരിക്കുക. പിഴ അടയ്ക്കാനുള്ള ഏതെങ്കിലും സന്ദേശം ലഭിച്ചാല്‍, അത് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെട്ടും ഉറപ്പാക്കാം.

* വ്യക്തിഗത വിവരങ്ങള്‍ ഒരിക്കലും ഒരു വ്യാജ സന്ദേശത്തില്‍ നല്‍കരുത്. ഇത്തരത്തില്‍ വരുന്ന സന്ദേശം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍, പാസ്വേഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടാല്‍, അത് തട്ടിപ്പാണ്. ഇത്തരം വിവരങ്ങള്‍ ഔദ്യോഗിക സന്ദേശങ്ങളില്‍ ആവശ്യപ്പെടില്ല.

* ലഭിക്കുന്ന മെസേജ് തട്ടിപ്പാണെന്നും തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ ഇചലാന്‍ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക.

* ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ 1930 എന്ന നമ്പറില്‍ ഒരു മണിക്കൂറിനകം പരാതി റജിസ്റ്റര്‍ ചെയ്യണം. cybercrime.gov.in എന്ന സൈറ്റിലും പരാതികള്‍ റജിസ്റ്റര്‍ ചെയ്യാം.

* ഇ-ചലാന്‍ ഉപഭോക്തൃ സേവന വിഭാഗം ഫോണ്‍: 01204925505 വെബ്വിലാസം: https://echallan.parivahan.gov.in ഇ-മെയില്‍: helpdesk-echallan@gov.in

Tags:    

Similar News