വലിയശാലയില്‍ എല്ലാവരും നിശ്ചയിച്ചത് മഹിളാ കോണ്‍ഗ്രസുകാരിയെ; അവസാന നിമിഷം തലസ്ഥാനത്തെ പ്രമുഖന്റെ നോമിനി സ്ഥാനാര്‍ത്ഥിയായി; കോണ്‍ഗ്രസിന് തലസ്ഥാനത്ത് വിമതയുണ്ടാകുമോ? സിപിഎമ്മും ബിജെപിയും ഉള്‍പോരിനെ പറഞ്ഞൊതുക്കി; പേട്ടയില്‍ ത്രികോണ 'മേയര്‍' പോരും! തിരുവനന്തപുരത്ത് പ്രവചനാതീതം

തിരുവനന്തപുരത്ത് പ്രവചനാതീതം

Update: 2025-11-10 16:45 GMT

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ പിടിക്കാന്‍ വളരെ നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് കോണ്‍ഗ്രസ് ബഹുദൂരം മുന്നിലെത്താനായിരുന്നു ശ്രമം. കവടിയാറില്‍ ശബരിനാഥന്‍ സ്ഥാനാര്‍ത്ഥിയായതോടെ പ്രതീക്ഷകള്‍ കൂടി. ഇതിനിടെ ബിജെപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎമ്മും മുന്‍നിര നേതാക്കളെ സജീവമാക്കി. ഇതിനിടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉയരുകയാണ്. വലിയശാലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ് ഇതിന് കാരണം. ഈ മേഖലയിലെ സഹകരണ സംഘത്തിലെ തട്ടിപ്പുകള്‍ കോണ്‍ഗ്രസിന് തലവേദനയാണ്. ഇതിനിടെയാണ് സ്ഥാനാര്‍ത്ഥി വിവാദം.

വലിയശാലയിലെ മഹിളാ കോണ്‍ഗ്രസ് നേതാവിനോട് സ്ഥാനാര്‍ത്ഥിയാകാന്‍ പ്രാദേശിക നേതൃത്വം നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസം എല്ലാ പ്രശ്നവും പറഞ്ഞു പരിഹരിക്കുകയും ചെയ്തു. ഇതോടെ മത്സരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ പ്രചരണവും തുടങ്ങി. എന്നാല്‍ അന്തിമമായി പ്രഖ്യാപിച്ചത് മറ്റൊരു സ്ഥാനാര്‍ത്ഥിയെയാണെന്നാണ് ആരോപണം. മുന്‍ എംഎല്‍എ ബി വിജയകുമാര്‍ തുടങ്ങിയ സഹകരണ സംഘം ഈ മേഖലയിലുണ്ട്. ഇതു വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഇതിനിടെയാണ് പുതിയ വിവാദവും. ഇതില്‍ പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തിയിലാണ്. മഹിളാ കോണ്‍ഗ്രസ് നേതാവ് വിമതയാകുമെന്നും സൂചനകളുണ്ട്. സിപിഎമ്മില്‍ പതിവ് പോലെ വിമത പ്രശ്നമില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അതൃപ്തിയുള്ളവരും നേതൃത്വത്തെ വെല്ലുവിളിക്കുന്നില്ല. ബിജെപിയും അത്തരം പ്രതിസന്ധികളെ പരിഹരിച്ചിട്ടുണ്ട്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പേട്ടയിലാണ് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം. വേണമെങ്കില്‍ മൂന്ന് മേയര്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മിലെ മത്സരമെന്ന് വിലയിരുത്താം. സിപിഎം ജില്ലാ കമ്മറ്റി അംഗം എസ് പി ദീപകാണ് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിക്കുന്നത്. കോണ്‍ഗ്രസിനായി കരുത്തനായ അനില്‍കുമാര്‍. പ്രദേശത്തെ ജനകീയ മുഖമാണ് അനില്‍. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി പി അശോക് കുമാര്‍. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റായ അശോക് കുമാര്‍ തിരുവനന്തപുരത്തെ ഏറ്റവും ജനകീയനായ നേതാവാണ്. ഏറെ കാലമായി കൗണ്‍സിലറായി പ്രവര്‍ത്തിക്കുന്ന അശോക് കുമാറിന്റെ പാല്‍ക്കുളങ്ങര വാര്‍ഡിന് തൊട്ടടുത്താണ് പേട്ട.

ബിജെപിയുടെ മേയര്‍ മുഖമായി അശോക് കുമാറിനെ കാണുന്നവരുണ്ട്. ദീപക്കും അനില്‍കുമാറും അങ്ങനെ വിലയിരുത്തുന്നവരാണ്. പാല്‍ക്കുളങ്ങരയുടെ സ്വാധീനം പേട്ടയിലുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അശോക് കുമാര്‍ മത്സരിക്കുന്നത്. അതിശക്തമായ ത്രികോണ പോരാണ് പേട്ടയിലുണ്ടാവുക. വാര്‍ഡ് പുനര്‍നിര്‍ണ്ണയത്തിന്റെ ആനുകൂല്യം ആര്‍ക്കു കിട്ടുമെന്നതാണ് ഉയരുന്ന ചോദ്യം. തിരുവനന്തപുരത്ത് വീണ്ടും അധികാരത്തില്‍ എത്തുമെന്ന് തന്നെയാണ് സിപിഎം പ്രതീക്ഷ. വാര്‍ഡ് പുനര്‍നിര്‍ണ്ണയം അടക്കം ഇതിന് കരുത്താകുമെന്ന് പറയുന്നു. ബിജെപിയുടെ പല ശക്തികേന്ദ്രങ്ങളും വാര്‍ഡ് പുനര്‍നിര്‍ണ്ണയത്തിലൂടെ തകര്‍ത്തുവെന്ന് തന്നെയാണ് സിപിഎം കരുതുന്നത്.

അഭിമാന പോരാട്ടത്തിനു കോണ്‍ഗ്രസ് കളത്തിലിറക്കിയ മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.എസ്. ശബരീനാഥന്‍ മത്സരിക്കുന്ന കവടിയാര്‍ വാര്‍ഡില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചത് ഒറ്റ വോട്ടിനാണ്. ഫല പ്രഖ്യാപനത്തില്‍ സംശയം ഉന്നയിച്ച എതിര്‍ സ്ഥാനാര്‍ഥികള്‍ രണ്ടാമതും വോട്ടെണ്ണല്‍ ആവശ്യപ്പെട്ടു. രണ്ടാമത് എണ്ണിയപ്പോഴും ഭൂരിപക്ഷം മാറിയില്ല. കോര്‍പറേഷനില്‍ ഇടതു മുന്നണി ഭരണത്തുടര്‍ച്ച നേടിയെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനും ബിജെപിക്കും ലഭിച്ച വാര്‍ഡുകള്‍ തമ്മിലെ വ്യത്യാസം 4 എണ്ണം മാത്രമാണ്. സിപിഎം ഒറ്റയ്ക്ക് നേടിയത് 39 വാര്‍ഡുകള്‍. ബിജെപി നേടിയത് 35 വാര്‍ഡുകള്‍. 3 മുന്നണികളിലെയും 9 സ്ഥാനാര്‍ഥികള്‍ കടന്നു കൂടിയത് നൂറില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിലുമാണ്. ഈ കണക്കുകള്‍ എല്ലാമാണ് തിരുവനന്തപുരം കോര്‍പ്പറേഷനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്.

മുന്നണിയുടെ ഭാഗമായി മത്സരിച്ച് വിജയിച്ച 52 പേരുടെയും 3 സ്വതന്ത്രരുടെയും പിന്തുണയിലാണ് ഇടതു മുന്നണി 2020 ല്‍ കോര്‍പറേഷന്‍ ഭരണം ആരംഭിച്ചത്. ഇതില്‍ 75 വാര്‍ഡുകളില്‍ സിപിഎം ഒറ്റയ്ക്കാണ് മത്സരിച്ചത്. വെള്ളാര്‍ വാര്‍ഡില്‍ നടത്തിയ ഉപ തിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് സിപിഐ വാര്‍ഡ് പിടിച്ചെടുത്തതോടെ മുന്നണിയിലെ അംഗബലം 53 ആയെങ്കിലും സിപിഎം അംഗങ്ങളുടെ എണ്ണം 39 ല്‍ നിന്ന് മാറിയില്ല. ബിഡിജെഎസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് ഏതാനും സീറ്റുകള്‍ നല്‍കിയതൊഴിച്ചാല്‍ 90 വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ഇതില്‍ 35 പേര്‍ വിജയിച്ചെങ്കിലും വെള്ളാര്‍ കൈവിട്ടുപോയതോടെ അംഗബലം 34 ആയി. പ്രധാന പാര്‍ട്ടികളുടെ അംഗ ബലത്തിലെ നേരിയ വ്യത്യാസമാണ് ഇക്കുറിയും ചര്‍ച്ചാ വിഷയം.

അതേസമയം, ഇടതു മുന്നണിയുടെ ഭാഗമായി മത്സരിച്ച മൂന്നും ബിജെപിയുടെ നാലും യുഡിഎഫിന്റെ രണ്ടും സ്ഥാനാര്‍ഥികള്‍ വിജയിച്ചത് നൂറില്‍ താഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ്. എല്‍ഡിഎഫ് വിജയിച്ച ഞാണ്ടൂര്‍ക്കോണം (29), കുടപ്പനക്കുന്ന് (45), വലിയശാല (57) വാര്‍ഡുകളും ബിജെപി വിജയിച്ച ചെല്ലമംഗലം (88), നേമം (16), കാലടി (23), തിരുവല്ലം (80) വാര്‍ഡുകളുമാണു നേരിയ ഭൂരിപക്ഷത്തില്‍ പാര്‍ട്ടികള്‍ നേടിയത്. ആക്കുളത്ത് 35 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയം. ഇതെല്ലാം തിരുവനന്തപുരം കോര്‍പ്പറേഷനിലെ മത്സരത്തിന് പ്രവചനാതീത സ്വഭാവം നല്‍കുന്നു.

Tags:    

Similar News