ഇന്ത്യ ഇപ്പോഴും ഭീകരരുടെ ഹിറ്റ് ലിസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യം; ജെയ്ഷെ മുഹമ്മദ് തൊട്ട് ഇസ്ലാമിക്ക് സ്റ്റേറ്റ് വരെയുള്ള ഭീകര സംഘടനകള്‍ തക്കം പാര്‍ത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ മാധ്യമങ്ങള്‍; രാജ്യത്തെ നടുക്കിയ ഡല്‍ഹി സ്ഫോടനം ഭീകരാക്രമണമോ?

ഇന്ത്യ ഇപ്പോഴും ഭീകരരുടെ ഹിറ്റ് ലിസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യം

Update: 2025-11-10 17:13 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിരവധിപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം രാജ്യത്തെ നടുക്കിയിരിക്കയാണ്. എന്താണ് സംഭവിച്ചത് എന്ന് കൃത്യമായ വിവരം ഇപ്പോഴും ലഭ്യമല്ലെങ്കിലും, ആജ് തക്കും, ഇന്ത്യാടുഡെയും, റിപ്പബ്ബിക്കന്‍ ടിവിയുമടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ പറയുന്നത് ഇതിലെ ഭീകരാക്രമണം സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്നാണ്.

ഓപ്പറേഷന്‍ സിന്ദൂറിന് പ്രതികാരം ചെയ്യുമെന്ന് ജെയ്ഷേ മുഹമ്മദ് അടക്കമുള്ള ഭീകര സംഘടനകള്‍ പരസ്യമായി പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച വനിതകള്‍ക്കായി പ്രത്യേക പരിശീലനം തുടങ്ങിയപ്പോഴും, ജെയ്ഷേ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹര്‍ പറഞ്ഞതും, ഇന്ത്യയെക്കുറിച്ച് തന്നെ. കൂടാതെ ഐഎസ്ഐഎസ് തൊട്ട് അല്‍ഖായിദ വരെയുള്ള ചെറുതും വലുതമായ ഭീകരസംഘടനകളുടെ ഭീഷണിയും ഇന്ത്യക്ക് അവസാനിച്ചിട്ടില്ല. കശ്മീരിലെ സമാധാനം ഒട്ടും ഇഷ്ടപ്പെടാത്ത ലഷ്‌ക്കര്‍ ഇ ത്വയിബയും തക്കം പാര്‍ത്തിരിക്കയാണ്. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാനില്‍ നിന്നും ഇന്ത്യ ഭീഷണി നേരിടുന്നുണ്ട്.

ജൈവായുധവുമായി പിടിയിലായ ഡോക്ടര്‍

ഇക്കഴിഞ്ഞ ദിവസം, പാകിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ വഴി ആയുധങ്ങളും മാരകമായ വിഷവസ്തുക്കളും എത്തിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശിയായ ഡോക്ടര്‍ അറസ്റ്റിലായിരുന്നു. ഇതും ഡല്‍ഹി സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്ത് ഭീകര വിരുദ്ധ സേനയുടെ പിടിയിലായ അഹമ്മദ് മൊഹിയുദ്ദീന്‍ (35) സെയ്ദ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നത്. ഇയാളുടെ കയ്യില്‍ നിന്നും നാലു കിലോയോളം റിസിന്‍ എന്ന ജൈവായുധം പിടിച്ചെടുത്തു. അന്താരാഷ്ട്ര രാസ, ജൈവ ആയുധ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വിഷവസ്തുവാണ് റിസിന്‍. ചൈനയില്‍ നിന്നാണ് ഇയാള്‍ മെഡിക്കല്‍ ബിരുദം നേടിയത്.

കൂടാതെ മൂന്ന് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ സഹായികളായ യുപി സ്വദേശികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തയ്യല്‍ക്കാരനായ ആസാദ് സുലൈമാന്‍ ഷെയ്ഖ് (20), കോളജ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് സുഹെല്‍ (23) എന്നിവരെയാണ് പിടികൂടിയത്. അഫ്ഗാന്‍ സ്വദേശിയായ അബു ഖദീജയാണ് ജൈവായുധം ഡ്രോണ്‍ വഴി എത്തിക്കാന്‍ സഹായിച്ചത്. ഇയാള്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രവിശ്യയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ജൈവായുധം ഉപയോഗിച്ച് ഇവര്‍ക്ക് ഭീകരാക്രമണത്തിന് പദ്ധതിയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട് ജൈവായുധം ഏതെങ്കിലും തരത്തില്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ അവര്‍ ഇഞ്ചിഞ്ചായി മരിക്കും. ശരീരത്തിന്റെ പ്രോട്ടീന്‍ നഷ്ടപ്പെട്ട് ആന്തരികാവയവങ്ങള്‍ പതുക്കെ പ്രവര്‍ത്തനം നിര്‍ത്തുമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു. ആവണക്കെണ്ണ വേര്‍തിരിച്ചെടുത്തതിനുശേഷം ലഭിക്കുന്ന മാലിന്യത്തില്‍ നിന്നാണ് റിസിന്‍ ശേഖരിക്കുന്നത്. ഐഎസുമായി ചേര്‍ന്ന് രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്താനും സംഘം പദ്ധതിയിട്ടിരുന്നെന്ന് എടിഎസ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ (ഡിഐജി) സുനില്‍ ജോഷി പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്. പരമ്പരാഗത ബോംബാക്രമണം അടക്കമുള്ള ആക്രമണരീതികളില്‍നിന്ന് മാറി പരോക്ഷമായ ഭീകരപ്രവര്‍ത്തനത്തിലേക്ക് ചുവടുമാറ്റം നടത്തുന്നുവെന്നാണ് ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞദിവസം ഗുജറാത്തില്‍ നിന്ന് പിടികൂടിയ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ഭീകരര്‍, പൊതുജല സ്രോതസ്സുകളിലും ക്ഷേത്രങ്ങളിലെ പ്രസാദങ്ങളിലും വിഷംകലര്‍ത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് രഹസ്യാന്വേഷണവിഭാഗം പറയുന്നത്.

ഐസിസ്, ബോംബധിഷ്ഠിത കൈനറ്റിക് ഭീകരപ്രവര്‍ത്തനങ്ങളില്‍നിന്ന് ജൈവ-രാസ, മാനസിക ഭീകരവാദത്തിലേക്ക് ചുവടുമാറ്റം നടത്തുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഇതുസംബന്ധിച്ച നിരവധി രഹസ്യ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പരിഭ്രാന്തി സൃഷ്ടിക്കുക, സര്‍ക്കാരില്‍ അവിശ്വാസമുണ്ടാക്കുക, വര്‍ഗീയ വികാരങ്ങളെ മുതലെടുക്കുക എന്നിവയാണ് ഇവര്‍ ലക്ഷ്യംവെക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ഓപ്പറേഷന്‍ സിന്ദൂറിന് തിരിച്ചടി

സത്യത്തില്‍ നാലുപാടും ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട രാജ്യമായി മാറിയിരിക്കയാണ് ഇന്ത്യ. ഭാരതം രക്തം ചിന്തിയുണ്ടാക്കിയ ബംഗ്ലാദേശ്പോലും ഇന്ന് തീവ്രവാദികളുടെ താവളമാണ്. പാക്കിസ്ഥാനില്‍ ഇപ്പോള്‍ ഭീകരതക്കുള്ള രഹസ്യഫണ്ട് പുനരാംഭിച്ചുവെന്നാണ് വാര്‍ത്തകള്‍. തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ഈ രാജ്യത്ത്, വെറും റബ്ബര്‍ സ്റ്റാമ്പ് ആണെന്നും കാര്യങ്ങള്‍ എല്ലാം നിയന്ത്രിക്കുന്നത് സൈനിക മേധാവിയായ അസീം മുനീറാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇപ്പോള്‍ അസീം മുനീറാണ് ജെയ്ഷെ മുഹമ്മദ് അടക്കമുള്ള ഭീകരസംഘടനകള്‍ വീണ്ടും തലയുയര്‍ത്താന്‍ ശ്രമിക്കുന്നതിന് പിന്നിലെന്നാണ് പറയുന്നത്.

സിയാ ഉള്‍ഹഖിന്റെ കാലംമുതല്‍, പാക്കിസ്ഥാന് ഭീകരതക്ക് ബജറ്റ് ഉണ്ട് എന്നാണ് പറയുക. അതാണ് പാക് ചാരസംഘടനയായ ഐഎസ്ഐക്കുള്ള ഫണ്ട്. ഇത് ഓഡിറ്റില്‍പോലും വരില്ല. ശതകോടികള്‍ അങ്ങ് പാസാക്കിക്കൊടുക്കയാണ്. ഈ പണമാണ് ജെയ്ഷയിലേക്ക് എത്തിയിരുന്നത്. പാക്കിസ്ഥാന്‍ സാമ്പത്തികമായി പാപ്പരായതോടെ ഈ പണി നിര്‍ത്തിയതാണ്. പക്ഷേ അസീം മുനീര്‍ വിട്ടില്ല എന്നാണ്, ഇതുസംബന്ധിച്ച് വിശദമായി പഠിച്ച ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. ജനം പട്ടിണി കിടന്നാലും ഭീകരതക്കുള്ള ഫണ്ട് കുറക്കാന്‍ കഴിയില്ല എന്നാണ് അസീമിന്റെ നിലപാട്.

ഇപ്പോള്‍ ബംഗ്ലാദേശ് വഴിയും ഭീകരത കടന്നുവരുമോ എന്ന ഭീതി ഇന്ത്യക്കുണ്ട്. ബംഗ്ലാദേശില്‍ യുവജന പ്രക്ഷോഭത്തിന്റെ ഭാഗമായി, ഷെയ്ഖ ഹസീന പുറത്താവുകയും, നൊബേല്‍ സമ്മാന ജേതാവായ ഡോ മുഹമ്മദ് യൂനുസിന്റെ നേതൃതത്തില്‍, ഇടക്കാല സര്‍ക്കാര്‍ വരികയും ചെയ്തപ്പോള്‍, നിഷ്പക്ഷമതികളായ ആളുകള്‍ക്കെല്ലാം പ്രതീക്ഷയായിരുന്നു. എന്നാല്‍ യൂനുസ് തീര്‍ത്തും ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതമൗലികവാദികളുടെ ചാര്‍ച്ചക്കാരനാവുകയും, ബംഗ്ലാദേശ് സമ്പുര്‍ണ്ണ ഇസ്ലാമികവത്ക്കരണത്തിലേക്ക് നീങ്ങുകയുമാണ് ചെയ്യുന്നത്. ഇന്ത്യ രക്തം ചിന്തി ഉണ്ടാക്കിയ രാജ്യത്ത് ഇപ്പോള്‍ പാക്കിസ്ഥാനാണ് സ്വാധീനം. യൂനുസും പാക്ക് പട്ടാള മേധാവി അസീം മുനീറും തമ്മിലുള്ള ബന്ധം മുറുകുന്നത് ഇന്ത്യക്ക് ഭീഷണിയാണ്. ഇന്ത്യാ- ബംഗ്ലാദേശ് ഭൂപടംപോലും ബംഗ്ലാദേശ് ഏകപക്ഷീയമായി തിരുത്തിക്കഴിഞ്ഞു.

ആഴ്ചകള്‍ക്ക് മുമ്പ് പാക്കിസ്ഥാന്‍ ജനറല്‍ ജനറല്‍ സാഹിര്‍ ഷംഷാദ് മിര്‍സയ്ക്ക്, ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാറിന്റെ തലവന്‍ ഡോ മുഹമ്മദ് യൂനുസ് സമ്മാനിച്ചത്്, അസമും, മറ്റുവടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളും ബംഗ്ലാദേശിന്റെ ഭാഗമായി ചിത്രീകരിച്ചിരിക്കുന്ന ഭൂപടമാണ്. പാക് ജനറുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ യുനുസ് തന്നെയാണ് ട്വീറ്റ് ചെയ്തത്. തീവ്ര ഇസ്ലാമിക ഗ്രൂപ്പുകള്‍ ഗ്രേറ്റര്‍ ബംഗ്ലാദേശ് എന്ന് വിശേഷിപ്പിക്കുന്ന സ്ഥലങ്ങളെ കൂട്ടിച്ചേര്‍ത്താണ് യുനുസിന്റെ വിവാദഭൂപടം. അതിനിടെ ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാന്‍ പിന്തുണയുള്ള ഇസ്ലാമിക എന്‍ജിഒകള്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ പ്രവര്‍ത്തനം വ്യാപിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഭീകര സംഘടനകളുടെ സഹോദര സ്ഥാപനമാണ് ഇത്തരം എന്‍ജിഒകള്‍. ത്രിപുര, മിസോറാം അതിര്‍ത്തി വഴിയുള്ള അനധികൃത നുഴഞ്ഞുകയറ്റമാണ് ഇവര്‍ ലക്ഷ്യമിടുന്നത് എന്ന റിപ്പോര്‍ട്ടുകളുണ്ട്.

പഴയതുപോലെ കരുത്തില്ലെങ്കിലും ജെയ്ഷെയും തലവന്‍ മസുദ് അസ്ഹറും താലോലിക്കുന്ന ഒരു വലിയ സ്വപ്നമുണ്ട്. അതാണ് ഓപ്പറേഷന്‍ സിന്ദുറിന് തിരിച്ചടി നല്‍കു എന്നത്. ഇന്ത്യന്‍ സൈന്യമാണ് ഇപ്പോഴും അവരുടെ ഏറ്റവും വലിയ ശത്രു. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ ആണ് അക്ഷരാര്‍ത്ഥത്തില്‍ ജെയ്ഷെയൂടെയും മസൂദിന്റെയും ചിറകരിഞ്ഞത്. പാകിസ്ഥാനിലെ 12-ാമത്തെ വലിയ നഗരമായ ബഹാവല്‍പൂരില്‍ നടന്ന ആക്രമണത്തില്‍ അസ്ഹറിന്റെ സഹോദരി, സഹോദരിയുടെ ഭര്‍ത്താവ്, മരുമകന്‍, മരുമകള്‍, അടുത്ത കുടുംബാംഗങ്ങള്‍ എന്നിവരടക്കം പത്തുബന്ധുക്കളാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ അസ്ഹറിന്റെ നാല് സഹായികളും കൊല്ലപ്പെട്ടിരുന്നു. ഈ സഹായികളാണ്, പ്രമേഹരോഗിയായ അസ്ഹറിന്റെ ഊന്നുവടികളെന്നും അറിയപ്പെട്ടിരുന്നത്. ഭാഗ്യത്തിനാണ് മസൂദ് രക്ഷപ്പെട്ടതാണ്. സാധാരണ അവിടേ ഉണ്ടാവേണ്ട അയാള്‍, അന്ന് മറ്റൊരിടത്ത് പോയതുകൊണ്ടാണ് രക്ഷപ്പെട്ടത്. ഇതിനുള്ള പ്രതികാരമാണോ ഡല്‍ഹി സ്ഫോടനം എന്നൊക്കെ ഇനിയുള്ള അന്വേഷണത്തില്‍ മാത്രമേ വെളിപ്പെടൂ.

Tags:    

Similar News