ആ നിയമനം ഒരു വെള്ളപൂശലിന്റെ പ്രതിഫലം; വിവാദങ്ങളില്‍ നിന്നും മുഖം രക്ഷിക്കാന്‍ സിപിഎമ്മിന്റെ കെണി; കെ ജയകുമാറിനെ ദേവസ്വം പ്രസിഡന്റ് ആക്കി പിണറായി വിജയന്റെ ക്വട്ടേഷന്‍; ഐഎംജി ഡയറക്ടറാക്കിയതില്‍ വിധി വരാനിരിക്കെ നിര്‍ണായക നീക്കം; ഒടുവില്‍ യാഥാര്‍ത്ഥ്യം പുറത്ത്

Update: 2025-11-10 10:42 GMT

തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ ജയകുമാര്‍ ഒരു നല്ല മനുഷ്യനായതുകൊണ്ടും അഴിമതിക്കാരന്‍ അല്ലാത്തതുകൊണ്ടും സത്യസന്ധനായതുകൊണ്ടും അദ്ദേഹത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചത് ശബരിമലയെ മെച്ചപ്പെടുത്താനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനമായി കരുതിയതെങ്കില്‍ അത് തെറ്റായിരുന്നു എന്ന് തെളിയുകയാണ്. ഈ നിയമനം സത്യത്തില്‍, ഒരു വെള്ളപൂശലാണ്, ഒരു തട്ടിപ്പിന്റെ കൊട്ടേഷനാണ്. ശബരിമലയിലെ സ്വര്‍ണ്ണ മോഷണം പോലുള്ള ഗുരുതരമായ വിവാദങ്ങളില്‍ നിന്നും സര്‍ക്കാരിന് തടിതപ്പാന്‍ വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ജയകുമാറിന്റെ നിയമനം.

ജയകുമാറിന് സംസ്ഥാനത്തും കേന്ദ്രത്തിലും സ്വാധീനമുള്ളതുകൊണ്ട്, സിബിഐ പോലുള്ള ഏജന്‍സികള്‍ അന്വേഷണത്തിന് വന്നാല്‍ അവര്‍ക്ക് സംയമനം ഉണ്ടാക്കാനും, അന്വേഷണത്തിന്റെ ആഘാതം കുറയ്ക്കാനും സാധിക്കും. അദ്ദേഹത്തിന്റെ 'മെയ്വഴക്കം' ശക്തമായ നടപടികളില്‍ നിന്ന് ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കും. ഐ.എം.ജി. ഡയറക്ടര്‍ ജനറല്‍ പദവിയില്‍ കെ. ജയകുമാറിനെ നിയമിച്ചതിനെതിരെ ഐ.എ.എസ്. അസോസിയേഷന്‍ നല്‍കിയ കേസില്‍ ജയകുമാറിനും സര്‍ക്കാരിനും എതിരായി വിധി വരുമെന്ന് ഉറപ്പായപ്പോള്‍, നിലവിലെ പദവി നഷ്ടപ്പെടാതിരിക്കാന്‍ അദ്ദേഹം ശബരിമല വിഷയ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ വെള്ളപൂശിക്കൊണ്ട് ഒരു ഇന്റര്‍വ്യൂ കൊടുക്കുകയും, അതിനു പകരമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദവി ഉറപ്പിക്കുകയുമായിരുന്നു.

ജയകുമാറിന് മറ്റൊരു കുഴപ്പവുമില്ല, സത്യസന്ധനായ നല്ല മനുഷ്യനാണ്. പക്ഷെ, 'മരിക്കുന്നത് വരെ ഉന്നത പദവിയില്‍ ഇരിക്കണമെന്ന്' എന്ന ഒരൊറ്റ ആഗ്രഹമാണ് അദ്ദേഹത്തിനുള്ളത്. 74 വയസ്സായിട്ടും (റിട്ടയര്‍ ചെയ്തിട്ട് 14 വര്‍ഷമായെങ്കിലും) അദ്ദേഹം ചീഫ് സെക്രട്ടറിയുടെ ശമ്പളം കൈപ്പറ്റി ഉന്നത പദവികളില്‍ തുടരുകയാണ്. ചീഫ് സെക്രട്ടറിയായി വിരമിക്കുന്നതിനു മുമ്പുതന്നെ മലയാള സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സിലറായി നിയോഗിക്കപ്പെട്ടു. വൈസ് ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം ഐ.എം.ജി. ഡയറക്ടറായി പിണറായി വിജയന്‍ സര്‍ക്കാര്‍ നിയമിച്ചു. ഇത് ഐ.എ.എസുകാരുടെ കേഡര്‍ പോസ്റ്റാണ്. ഇത് സംബന്ധിച്ച് ഐഎഎസ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ വിധി വരാനിരിക്കെയാണ് പുതിയ നിയമനം.


Full View

സല്‍പ്പേര് മറയാക്കി ക്വട്ടേഷന്‍

ജയകുമാര്‍ അഴിമതി നടത്തിയിട്ടില്ല എന്നെയുള്ളു. എന്നാല്‍ തന്റേടത്തോടെ നട്ടെല്ല് ഉയര്‍ത്തിപ്പിടിച്ച് ഉദ്യോഗസ്ഥന്‍ എന്ന ചുമതല നിറവേറ്റിയിട്ടില്ല. കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനാണ്. അഴിമതിക്കാരനല്ല. ആരെയും വെറുപ്പിക്കാറില്ല. അതൊക്കെയാണ് ഏവരെയും ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇപ്പോഴത്തെ വിവാദങ്ങളില്‍ നിന്നും തടിതപ്പാന്‍ വേണ്ടിയാണ്, അതിന്റെ ആഘാതം കുറയ്ക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായുള്ള നിയമനം. ജയകുമാറിനെ നിയമിക്കുന്നതോടെ ആര്‍ക്കും എതിര്‍ക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകും. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ബിജെപിക്കും എതിര്‍പ്പില്ല. ജയകുമാറിന് ആരോടും ശത്രുതയില്ല, പരസ്യമായി രാഷ്ട്രീയ നിലപാട് സ്വീകരിക്കാറില്ല, ഭക്തനാണ്, കവിയാണ് ജനപ്രിയനാണ്, എല്ലാ മേഖലയിലും സ്വാധീനമുണ്ട്. അത് മനസിലാക്കിയാണ് സര്‍ക്കാര്‍ ജയകുമാറിനെ ദേവസ്വം പ്രസിഡന്റ് ആക്കിയത്.

ശബരിമലയിലെ സ്വര്‍ണമോഷണത്തില്‍ അന്വേഷണം പരിധി വിട്ട് മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. വാസുവിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ അന്വേഷണ സംഘത്തിന് സാധിക്കില്ല. ശ്രീകോവിലിലെ വാതില്‍പാളികളും ദ്വരാപാലക ശില്‍പവും ഒക്കെ അന്താരാഷ്ട്ര മോഷണ സംഘത്തിന് വിറ്റുവെന്നും അതില്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും പങ്കുണ്ട് എന്നും തിരിച്ചറിഞ്ഞതോടെ അന്വേഷണത്തിലെ ആഘാതം പരമാവധി ലഘൂകരിക്കാന്‍ സിബിഐ പോലുള്ള അന്വേഷണ ഏജന്‍സികള്‍ വന്നാല്‍ അവര്‍ക്ക് കുറച്ച് സംയമനം ഉണ്ടാകാനുള്ള നീക്കമാണ്. ജയകുമാര്‍ സംസ്ഥാനത്തും കേന്ദ്രത്തിലുമൊക്കെ സ്വാധീനമുള്ള നേതാവാണ്. അദ്ദേഹം ദീര്‍ഘകാലം ഹോം സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥരടക്കം അദ്ദേഹത്തിന് കീഴില്‍ ജോലി ചെയ്തവരാണ്,

മാത്രമല്ല കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജോയിന്റ് സെക്രട്ടറി എന്ന നിലയില്‍ കേന്ദ്ര ഉദ്യോഗസ്ഥരുമായും ബന്ധമുണ്ട്. അത്തരത്തിലുള്ള ഒരു ഉദ്യോഗസ്ഥന്റെ അടുത്ത് വന്ന് വിവരങ്ങള്‍ ശേഖരിക്കുമ്പോഴും ചോദ്യം ചെയ്യുമ്പോഴും രാഷ്ട്രീയക്കാരനായ ഒരു ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അടുത്ത് വന്ന് ചോദ്യം ചെയ്യുന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരിക്കും. അവര്‍ക്ക് ബഹുമാനത്തോട് കൂടിയെ പെരുമാറാന്‍ കഴിയു. ശക്തമായ നടപടികളില്‍ നിന്നും ഉദ്യോഗസ്ഥരെ പിന്തിരിപ്പിക്കും. ജയകുമാര്‍ സത്യസന്ധനാണെന്ന് പറയുമ്പോഴും നല്ല മെയ് വഴക്കുമുള്ള ഉദ്യോഗസ്ഥനാണ്. റിട്ടയര്‍ ചെയ്തിട്ട് പതിനാല് വര്‍ഷമായി. എന്നിട്ടും ചീഫ് സെക്രട്ടറിക്ക് തുല്യമായ ശമ്പളം കൈപ്പറ്റിക്കൊണ്ടിരിക്കുന്നു. റിട്ടയര്‍ ചെയ്തതിന് ശേഷവും അധികാരം നഷ്ടപ്പെട്ടിട്ടില്ല. അറുപതാം വയസില്‍ ചീഫ് സെക്രട്ടറിയായി റിട്ടയര്‍ ചെയ്യുന്നതിന് മുമ്പ് തന്നെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മലയാളം സര്‍വകലാശാലയുടെ ചാന്‍സലര്‍ ആയി നിയമിച്ചിരുന്നു. കെ എം എബ്രഹാമിനെപ്പോലെ രണ്ട് ശമ്പളം കൈപ്പറ്റാന്‍ മാത്രം മോശക്കാരനാണ് ജയകുമാര്‍ എന്നല്ല. അവരൊക്കെ ഓണറേറിയം എന്ന രീതിയിലും അതൊടൊപ്പം പെന്‍ഷനും കൈപ്പറ്റുന്നവരാണ്. എന്നാല്‍ ജയകുമാര്‍ അങ്ങനെയാണെന്ന് കരുതുന്നില്ല. എന്നാല്‍ ചീഫ് സെക്രട്ടറിക്ക് തൂല്യമായ ശമ്പളം കൈപ്പറ്റി അതേ പദവിയില്‍ തുടരുകയാണ് റിട്ടയര്‍ ചെയ്ത് പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷവും.


ആ കേസില്‍ വിധി വരാനിരിക്കെ..

വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്നും വിരമിച്ച ജയകുമാറിനെ പിണറായി വിജയനെ ഐഎംജി ഡയറക്ടറായി നിയമിക്കുന്നു. ഐഎംജി എന്നത് ഇവിടുത്തെ ഐഎഎസുകാരുടെ ഒരു കേഡര്‍ പോസ്റ്റാണ്. പ്രധാനപ്പെട്ട ഒരു പോസ്റ്റാണ്. ആ പോസ്റ്റില്‍ ഐഎഎസുകാരല്ലാതെ റിട്ടയര്‍ ചെയ്തുവരുന്നവരെ നിയമിക്കുന്ന പതിവില്ല. ജേക്കബ് തോമസ് ഡിജിപി ആയിരുന്നപ്പോള്‍ ആ പദവിയില്‍ സര്‍ക്കാര്‍ നിയോഗിച്ചു എന്നോര്‍ക്കണം. ആ പദവിയിലേക്ക് ചീഫ് സെക്രട്ടറിയുടെ അതേ ശമ്പളത്തില്‍ നിയോഗിക്കുകയാണ് ജയകുമാറിനെ. ഇതിനെതിരെ ഐഎഎസ് അസോസിയേഷന്‍ കേസ് കൊടുത്തിട്ടുണ്ട്. ഐഎഎസ് അസോസിയേഷന്‍ കൊടുത്ത കേസിന്റെ വിശദാംശങ്ങള്‍ അടങ്ങിയ രേഖകളാണ് ചുവടെ ചേര്‍ക്കുന്നത്. ഐഎഎസ് അസോസിയേഷനും അന്ന് അതിന്റെ പ്രസിഡന്റ് ആയിരുന്ന അശോകനും സെക്രട്ടറിയും സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ കേസ് കൊടുത്തിരിക്കുന്നു. ഐ എ എസ് കേഡര്‍ പോസ്റ്റില്‍ റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥനെ വയ്ക്കരുത് എന്നതാണ് ആവശ്യം. ഈ കേസ് രണ്ട് വര്‍ഷമായി പരിഗണനയിലാണ്. നവംബര്‍ മാസത്തില്‍ പൂര്‍ത്തിയാകും. ഡിസംബറില്‍ അതിന്റെ വിധിവരും. അത് കെ ജയകുമാറിനും സര്‍ക്കാരിനും എതിരാകും. അത്രമാത്രം കൃത്യമായി തന്നെ വിവരങ്ങള്‍ ഈ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ആകട്ടെ തടിതപ്പാന്‍ വേണ്ടി കോടതിയോട് പറഞ്ഞിരിക്കുന്ന വിശദീകരണം വിചിത്രമാണ്. ഞങ്ങള്‍ ഡയറക്ടര്‍ ജനറല്‍ പദവിയിലല്ല നിയമിച്ചിരിക്കുന്നത്. ഡയറക്ടര്‍ പദവിലാണ്. ഐഎംജിയുടെ ഡയറക്ടര്‍ ജനറല്‍ എന്ന തസ്തിക ഡയറക്ടര്‍ എന്നാക്കി മാറ്റി പുതിയ തസ്തിക എന്ന നിലയിലാണ് ജയകുമാറിനെ നിയമിച്ചിരിക്കുന്നത്.

ആ വാദം വിലപ്പോവില്ലെന്നും ആ പദവിയില്‍ നിന്നും പുറത്താക്കുമെന്നും ഉറപ്പായപ്പോള്‍ ജയകുമാര്‍ ബുദ്ധിപൂര്‍വം ഒരു നീക്കം നടത്തി. സര്‍ക്കാറിനെ സുഖിപ്പിച്ചുകൊണ്ട്. ശബരിമലയിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്റര്‍വ്യു ഇന്ത്യന്‍ എക്‌സ്പ്രസിന് കൊടുക്കുന്നു. സ്വകാര്യ സംഭാഷണങ്ങളില്‍ സര്‍ക്കാരിനെയും സിപിഎമ്മിനെയും നിശിതമായി വിമര്‍ശിക്കുന്ന ഉദ്യോഗസ്ഥനാണ് ജയകുമാര്‍. ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഇതിനെയെല്ലാം വെള്ള പൂശിക്കൊണ്ട് ഒരു അഭിമുഖം കൊടുക്കുന്നു. ശബരിമലയിലെ കമ്മീഷണര്‍ ആയിരുന്ന ആളാണ്. സര്‍ക്കാരിനെയും സിപിഎമ്മിനെയും വെള്ള പൂശിക്കൊണ്ട് എല്ലാം ശരിയാക്കാം എന്ന അഭിമുഖം കൊടുത്ത് ഇപ്പോള്‍ നഷ്ടപ്പെടാന്‍ പോകുന്ന പദവിക്ക് പകരം മറ്റൊരു പദവി ഉറപ്പിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഇടത്തിലേക്ക് ചേക്കാറാനുള്ള ജയകുമാറിന്റെ നീക്കത്തിന് പിണറായി വിജയന്‍ പച്ചക്കൊടി കാണിച്ചത്. മരിക്കുന്നത് വരെ ഉന്നത പദവിയല്‍ ഇരിക്കണമെന്ന ആഗ്രഹം. എല്ലാവരോടും നല്ലരീതിയില്‍ ഇടപെടുന്നയാളാണ്, നല്ല സ്‌നേഹമുള്ള ആളാണ്. ഒരു ശത്രതയും ആരോടമില്ലാത്തയാളാണ്. മരിക്കുന്നത് വരെ ഉന്നത പദവിയില്‍ ഇരിക്കണമെന്ന ആഗ്രഹം സാധിക്കും. പിണറായിയെ സംബന്ധിച്ചിടത്തോളം ഇങ്ങനെ കൊടുക്കുന്ന ആനുകൂല്യം കൊണ്ട് സര്‍ക്കാരിന്റെ മുഖം രക്ഷിച്ചെടുക്കാന്‍ സാധിക്കും.

മുഖം രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണ് ജയകുമാറിന്റെ നിയമനം. ജയകുമാറിനെ മുന്നില്‍ നിര്‍ത്തുമ്പോള്‍ സര്‍ക്കാരിന്റെ സല്‍പേരിനും ഗുണമുണ്ടാകും. ജയകുമാറിനെ കുറ്റപ്പെടുത്താന്‍ ബി.ജെ.പിക്കാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും പോലും കഴിയില്ല. അങ്ങനെ മുഖം രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ഒരു നീക്കത്തിന്റെ ഭാഗമാണ് ഈ നിയമനം. ജയകുമാര്‍ എന്ന ഉദ്യോഗസ്ഥന്റെ സല്‍പ്പേര് കണ്ടാണ് നിയമനം എന്നാണ് ആദ്യം കരുതിയതെങ്കില്‍ ഇത് പിണറായി വിജയന്റെ ക്വട്ടേഷനാണ്, കെണിയാണ് എന്ന് ചില ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിച്ചപ്പോഴാണ് തിരിച്ചറിഞ്ഞത്.

Similar News