'ഹൂറന്മാര്‍ക്കുവേണ്ടി മകനെ തള്ളിപ്പറഞ്ഞ ജിഹാദി ഉമ്മ ഇനി ഹൂറന്മാരില്ലാത്ത ലോകത്ത്! 'ഗര്‍ഭപാത്രം മുറിച്ചുമാറ്റാന്‍ തോന്നി എന്ന് എന്നെ ശപിച്ച ഉമ്മ'; ഇസ്ലാം ഉപേക്ഷിച്ച മകനോട് മരണം വരെ മിണ്ടാതിരുന്ന മാതാവ് യാത്രയാകുമ്പോള്‍; വികാരഭരിതനായി ആരിഫ് ഹുസൈന്‍ തെരുവത്ത്; സോഷ്യല്‍ മീഡിയയെ പിടിച്ചുലച്ച് ഒരു വിടവാങ്ങല്‍ കുറിപ്പ്!

സോഷ്യല്‍ മീഡിയയെ പിടിച്ചുലച്ച് ആരിഫ് ഹുസൈന്റെ വിടവാങ്ങല്‍ കുറിപ്പ്!

Update: 2026-01-24 18:56 GMT

തിരുവനന്തപുരം: കേരളത്തിലെ യുക്തിവാദി-സ്വതന്ത്രചിന്താ പ്രസ്ഥാനങ്ങളിലെ പ്രമുഖ സാന്നിധ്യമായ ആരിഫ് ഹുസൈന്‍ തെരുവത്തിന്റെ ഉമ്മ അന്തരിച്ചു. എന്നാല്‍ ഒരു സാധാരണ മരണവാര്‍ത്ത എന്നതിലുപരി, മതം മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധങ്ങളില്‍ ഏല്‍പ്പിക്കുന്ന ആഴത്തിലുള്ള മുറിവുകളെ ചര്‍ച്ചാവിഷയമാക്കുന്നതായിരുന്നു ആരിഫിന്റെ പ്രതികരണം.

വിവാദമായ ആദ്യ പ്രതികരണം

മരണവാര്‍ത്ത അറിയിച്ചുകൊണ്ട് ആരിഫ് കുറിച്ച വരികള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായി. 'ഹൂറന്മാര്‍ക്ക് വേണ്ടി സ്വന്തം മകനെ വരെ തള്ളിപ്പറഞ്ഞ എന്റെ ജിഹാദി ഉമ്മ ഹൂറന്മാര്‍ ഇല്ലാത്ത ലോകത്തേക്ക് പോയി' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റ്. ഇസ്ലാം മതം ഉപേക്ഷിച്ചതിന്റെ പേരില്‍ ഉമ്മ തന്നെ തിരസ്‌കരിച്ചതിലുള്ള വേദനയും അമര്‍ഷവുമാണ് ഈ വാക്കുകളില്‍ പ്രതിഫലിച്ചതെങ്കിലും, മരണസമയത്തെ ഇത്തരം പരാമര്‍ശങ്ങള്‍ മര്യാദകേടാണെന്ന് ഒരു വിഭാഗം വാദിച്ചു.




ഉമ്മ അറിയാന്‍...': വികാരനിര്‍ഭരമായ തുറന്നെഴുത്ത്

ആദ്യ പോസ്റ്റിന് പിന്നാലെ തന്റെ നിലപാടുകള്‍ വിശദീകരിച്ചുകൊണ്ട് ആരിഫ് പങ്കുവെച്ച സുദീര്‍ഘമായ കുറിപ്പ്, ഒരു മകന്‍ എന്ന നിലയില്‍ അദ്ദേഹം അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെ തുറന്നുകാട്ടുന്നു. അതിന്റെ പ്രധാന വശങ്ങള്‍ ഇവയാണ്:

സ്വന്തം ബോധ്യങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരില്‍ വര്‍ഷങ്ങളോളം ഉമ്മ തന്നെ കാണാനോ സംസാരിക്കാനോ തയ്യാറായില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. 'അവനെ ആരെങ്കിലും ഒന്ന് കൊന്നു തന്നിരുന്നെങ്കില്‍' എന്ന് ഉമ്മ ആഗ്രഹിച്ചതായും അദ്ദേഹം വേദനയോടെ ഓര്‍ക്കുന്നു.

മകനേക്കാള്‍ വലുത് ഉമ്മയ്ക്ക് മതവിശ്വാസമായിരുന്നുവെന്നും, ജിഹാദികള്‍ തന്നെ വേട്ടയാടിയപ്പോള്‍ ഉമ്മ നിശബ്ദത പാലിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ജീവിച്ചിരുന്നപ്പോള്‍ തന്നെയും ഉമ്മയെയും ഒന്നിപ്പിക്കാന്‍ ശ്രമിക്കാത്ത ബന്ധുക്കളും നാട്ടുകാരും മരണശേഷം നടത്തുന്ന ഇടപെടലുകളെ അദ്ദേഹം വിമര്‍ശിച്ചു. ഉമ്മയുടെ മൃതദേഹം വെച്ച് തന്റെ ജീവിതത്തെ വിചാരണ ചെയ്യാനാണ് അവര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു.

'നജസ്' (അശുദ്ധി) ആയ മകന്‍ തൊട്ടാല്‍ ഉമ്മയ്ക്ക് ഇഷ്ടപ്പെടില്ലെന്ന് കരുതിയും, മരണവീട് ഒരു തര്‍ക്കഭൂമിയാകാതിരിക്കാനും താന്‍ അന്ത്യകര്‍മ്മങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഉന്നയിക്കപ്പെടുന്ന സാമൂഹിക വിഷയങ്ങള്‍

ഈ സംഭവം കേവലം ഒരു കുടുംബപ്രശ്‌നമല്ല, മറിച്ച് ഗൗരവകരമായ ചില സാമൂഹിക ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്:

ഒരു പ്രത്യയശാസ്ത്രത്തിന് വേണ്ടി സ്വന്തം ചോരയെ തള്ളിപ്പറയാന്‍ പ്രേരിപ്പിക്കുന്ന മതപരമായ സ്വാധീനം എത്രത്തോളം അപകടകരമാണ്?

മതം ഉപേക്ഷിക്കുന്നവര്‍ സ്വന്തം കുടുംബങ്ങളില്‍ പോലും നേരിടുന്ന ഒറ്റപ്പെടലും ശത്രുതയും. ഉമ്മയും ഒരു മതസംസ്‌കാരത്തിന്റെ ഇരയായിരുന്നുവെന്നും, സ്വന്തം കുഞ്ഞിനേക്കാള്‍ മതത്തെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്ന വ്യവസ്ഥിതിയാണ് മാറേണ്ടതെന്നും ആരിഫ് നിരീക്ഷിക്കുന്നു.

'മരണം കൊണ്ട് മാത്രം തകര്‍ന്നടിഞ്ഞ ഒരു ബന്ധം പെട്ടെന്ന് വിശുദ്ധമാകില്ല' എന്ന ആരിഫിന്റെ വരികള്‍ കടുത്ത യാഥാര്‍ത്ഥ്യങ്ങളെയാണ് തൊടുന്നത്. മതം മനുഷ്യബന്ധങ്ങളില്‍ മതില്‍ക്കെട്ടുകള്‍ തീര്‍ക്കുമ്പോള്‍, സ്‌നേഹത്തേക്കാള്‍ വലുത് വിശ്വാസമാണെന്ന് വരുത്തിത്തീര്‍ക്കുന്ന സാഹചര്യങ്ങളെ ഈ സംഭവം വിരല്‍ചൂണ്ടുന്നു. അഭിനയിക്കാന്‍ തയ്യാറാകാത്ത ഒരു മകന്റെ നിലവിളിയും നിലപാടും ഒരേസമയം ഈ കുറിപ്പില്‍ വായിച്ചെടുക്കാം.

ആരിഫിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

ഉമ്മ അറിയാന്‍...

ഏതാള്‍ക്കൂട്ടത്തിലും എന്നെ കാണുന്ന നേരം, 'ആഹാ.. നീ വന്നോ' എന്ന് ചോദിച്ച്, എന്നെ നോക്കി ചിരിച്ചിരുന്ന ആ ചിരി... അതൊന്നു കാണാന്‍ വേണ്ടി പലതവണ ഞാന്‍ ഉമ്മയ്ക്ക് മുന്നിലെത്തിയിരുന്നു. പക്ഷേ, കഴിഞ്ഞ കുറച്ച് കാലമായി എനിക്കത് കാണാന്‍ സാധിച്ചില്ല. എന്റെ ബോധ്യങ്ങള്‍ക്കനുസരിച്ചു ഞാന്‍ ചിലത് തിരുത്തി, അത് ഉമ്മയോടും ലോകത്തോടും തുറന്നുപറഞ്ഞു എന്നത് മാത്രമായിരുന്നു അതിന് കാരണം. എങ്കിലും, അടുത്ത തവണ വരുമ്പോള്‍ ആ ചിരി കാണാമെന്നൊരു പ്രതീക്ഷ എന്നും ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷയും ഇനി അസ്ഥാനത്താണ്. ഉമ്മ എന്നെ വിട്ടു പോയല്ലോ. ഉമ്മാടെ ആ ധൈര്യവും, ശബ്ദവും, മുഖസാദൃശ്യവും, തന്റേടവും, ബുദ്ധിയും എല്ലാം എന്നില്‍ ബാക്കിയാക്കിയിട്ട് ഉമ്മ പോയി.

പക്ഷേ ഉമ്മാ, വീടിപ്പോള്‍ നിശബ്ദമല്ല. ഒരിക്കല്‍ പോലും മിണ്ടാതിരുന്നവര്‍ ഇപ്പോള്‍ വലിയ ഒച്ചപ്പാടിലാണ്. ഉമ്മാടെ മയ്യിത്ത് വെച്ചുള്ള ലേലംവിളി പോലെയാണ് എനിക്കത് അനുഭവപ്പെടുന്നത്. മരണവാര്‍ത്ത വിളിച്ചറിയിക്കാന്‍ മത്സരിക്കുകയാണവര്‍. ഇത്ര നാളും ഇവരൊക്കെ എവിടെയായിരുന്നു? ഉമ്മയുടെ തീരുമാനങ്ങളെ മൗനംകൊണ്ടെങ്കിലും പിന്തുണച്ച അവര്‍, എന്തിനാണ് എന്നെ ഇപ്പോള്‍ വിളിച്ച് കഷ്ടപ്പെടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

മരിക്കുന്നതിന് മുന്നേ, ഈ വിളിച്ചു കൂവുന്നവരില്‍ ഏതെങ്കിലും ഒരുവന്‍ 'ഡാ... നിന്നെ ഉമ്മ കാണണം എന്ന് പറഞ്ഞു, ഒന്ന് അവിടെ വരെ ചെല്ലൂ... എന്തൊക്കെ ആയാലും മകനല്ലേ, നീ ഒന്നങ്ങോട്ട് ചെല്ല്' എന്ന് പറഞ്ഞ് എന്നെയൊന്നു വിളിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ എത്ര ആശിച്ചിരുന്നു എന്ന് ഉമ്മാക്ക് അറിയാമോ? ഇല്ല. ഉമ്മ അറിയാന്‍ വഴിയില്ല. അവരാരും തന്നെ വര്‍ഷങ്ങളോളം എന്നെ വിളിച്ചില്ല. ഒരിക്കല്‍ പോലും.

എന്നിട്ടും പലതവണ ഞാന്‍ അവിടെ വന്നു. മുഖത്ത് നോക്കി 'ഉമ്മാ' എന്ന് ഞാന്‍ വിളിച്ചപ്പോള്‍, ഉമ്മ ആ വിളി കേട്ടതായിപ്പോലും ഭാവിച്ചില്ല. ഒടുവില്‍ ഞാന്‍ കേട്ടത്, 'അവനെ ആരെങ്കിലും ഒന്ന് കൊന്നു തന്നിരുന്നെങ്കില്‍' എന്ന് ഉമ്മ പറയുന്നതാണ്. 'അവനെ പ്രസവിച്ച ഗര്‍ഭപാത്രം മുറിച്ചു കളയാന്‍ തോന്നി' എന്നൊക്കെ ശപിക്കുന്നതാണ്. അതുകൊണ്ടായിരിക്കും, എനിക്ക് വലിയ വിഷമം ഒന്നും ഇപ്പോള്‍ തോന്നാത്തത്. ആളുകള്‍ ആശ്വസിപ്പിക്കാന്‍ വിളിക്കുന്നുണ്ട്... ഞാന്‍ ഓകെ ആണോ എന്നും ചോദിക്കുന്നുണ്ട്. ഞാന്‍ വലിയ മറുപടിയൊന്നും പറയുന്നില്ല. ഓകെ ആണെന്ന് ഞാന്‍ പറയാതെ തന്നെ അവര്‍ക്ക് മനസ്സിലാകുന്നുണ്ടെന്ന് തോന്നുന്നു.

സത്യത്തില്‍, ഉമ്മാ, എന്റെ മനസ്സില്‍ ഉള്ള ഉമ്മ ഇഞ്ചിഞ്ചായി മരിച്ചിട്ട് വര്‍ഷങ്ങളായി. അതായിരിക്കും ഇങ്ങനെ ഒക്കെ, അല്ലെ? എന്തായാലും ഉമ്മാടെ ഉമ്മഉണ്ടല്ലോ - എന്റെ ആ സ്വന്തം പെറ്റുമ്മ, അവര്‍ മരിച്ചപ്പോ ഞാന്‍ ഇതിലും കൂടുതല്‍ വിഷമിച്ചത്, കരഞ്ഞത്, ഞാന്‍ ഓര്‍ക്കുന്നു... ഞാന്‍ ഏഴിലോ എട്ടിലോ എങ്ങാണ്ടാണ് അന്ന് പഠിച്ചിരുന്നത്. പ്രിയപ്പെട്ട ആ പെറ്റുമ്മ എന്നും ഒരു നൊമ്പരമാണ്.

മരണം കൊണ്ട് മാത്രം തകര്‍ന്നടിഞ്ഞ ഒരു ബന്ധം പെട്ടെന്ന് വിശുദ്ധമാകില്ലെന്ന് എനിക്കറിയാം. മരണം ചരിത്രത്തെ മായ്ച്ചു കളയുന്നില്ല. ക്രൂരതകളെ സ്‌നേഹമാക്കി മാറ്റുന്നില്ല. പുറംലോകത്തെ കാണിക്കാന്‍ വേണ്ടി മാത്രം കെട്ടിച്ചമക്കുന്ന കള്ളക്കഥകള്‍ക്ക്, ഉമ്മ എന്നെ തള്ളിപ്പറഞ്ഞ സത്യത്തെ ഇല്ലാതാക്കാനാവില്ല.

വാതിലുകള്‍ എന്റെ മുഖത്ത് കൊട്ടിയടയ്ക്കപ്പെട്ടപ്പോഴും, ഒരു മകനായി തന്നെ ഞാന്‍ പലവട്ടം ഉമ്മയുടെ അടുത്തേക്ക് വന്നിരുന്നു.പേടിയേക്കാള്‍ വലുത് സത്യമാണെന്ന് തിരിച്ചറിഞ്ഞതിന്റെ പേരില്‍ എന്നെ നിങ്ങള്‍ പടിയടച്ചു പിണ്ഡം വെച്ചു. ചിന്തിക്കാന്‍ തുടങ്ങിയതിന്റെ പേരില്‍ എന്നെ ശിക്ഷിച്ചു. ഒരു അപമാനമായി, തെറ്റായി, മായിച്ചുകളയേണ്ട ഒന്നായി എന്നെ കണ്ടു. എന്റെ മരണം ആഗ്രഹിച്ച ജിഹാദികള്‍ക്കൊപ്പം ഉമ്മ പരസ്യമായി നിന്ന നിമിഷങ്ങളുണ്ട്. ഇന്നും നീറുന്ന വാക്കുകളുണ്ട്. എന്നെ പ്രസവിച്ചതിന്റെ പേരില്‍ സ്വന്തം ഗര്‍ഭപാത്രം പോലും എടുത്തു മാറ്റണമായിരുന്നു എന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്. എന്റെ അസ്തിത്വം തന്നെ ഒരു കുറ്റകൃത്യമായിട്ടാണ് ഉമ്മ കണ്ടത്.

എന്നിട്ടും, ഉമ്മ രോഗബാധിതയായപ്പോള്‍ ഞാന്‍ ആഘോഷിച്ചില്ല. പകരം വീട്ടാന്‍ ശ്രമിച്ചില്ല. ഒരു മകനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഞാന്‍ സഹായിക്കാന്‍ ശ്രമിച്ചു. ഈ മതില്‍ക്കെട്ടിനിടയില്‍ എവിടെയെങ്കിലും കുടുംബത്തിന് കുടുംബമായി പെരുമാറാന്‍ ഒരു വിടവുണ്ടോ എന്ന് ഞാന്‍ നോക്കി. പക്ഷേ എനിക്ക് തിരിച്ചു കിട്ടിയത് നിശബ്ദത മാത്രമാണ്.

ഉമ്മ ആശുപത്രിയിലാണെന്ന വിവരം പോലും വൈകിയാണ് അറിഞ്ഞത്. പിന്നീട് യാദൃശ്ചികമായി പതിവുപോലെ ഞാന്‍ വീട്ടിലെത്തിയപ്പോഴാണ് മരണത്തോട് മല്ലിടുന്ന ഉമ്മയെ ഞാന്‍ കാണുന്നത്. അവിടെ ഞാന്‍ ഉമ്മയെ കണ്ടു. എന്നിട്ട് ഞാന്‍ തിരിച്ചുപോന്നു. കാരണം അവിടെ എനിക്ക് സ്വാഗതം ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ ഉമ്മ പോയി. മരണവാര്‍ത്ത എനിക്കും കിട്ടി. പക്ഷേ ചടങ്ങുകള്‍ക്ക് വേണ്ടി ഞാന്‍ വരുന്നില്ല എന്നറിയിച്ചു. മറവിബാധിച്ച ബാപ്പാനെ ഞാന്‍ സമയം എടുത്ത് ആശ്വസിപ്പിച്ചുകൊള്ളാം. ഉമ്മ ധൈര്യമായി ഇരുന്നോ. ഞാന്‍ ഇങ്ങനെ ഒക്കെ ചെയ്യേണ്ടി വരുന്നത് ഉമ്മയെ സ്‌നേഹിക്കാത്തതുകൊണ്ടാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ക്ക് തെറ്റി. ഉമ്മാടെ വിയോഗം പോലീസും പട്ടാളവും ഒക്കെ ഉള്ള ഒരു 'പൊതുമാമാങ്കം' ആകാതിരിക്കാനും, ഉമ്മയുടെ അവസാന നിമിഷങ്ങള്‍ ഒരു യുദ്ധക്കളമാകാതിരിക്കാനും വേണ്ടിയാണ് ഞാന്‍ മാറിനില്‍ക്കുന്നത്. ജിഹാദികള്‍ മരണവീട് പോലും ദീനിന് വേണ്ടിയുള്ള ബദര്‍കളം ആക്കുമെന്ന് ഉമ്മാക്ക് അറിയുന്നതല്ലേ..?

പിന്നെ ഒരു കാരണം കൂടെ ഉണ്ട്, അത് ഉമ്മാക്ക് വളരെ നന്നായി അറിയുന്ന കാരണമാണ്. ഇസ്ലാമില്‍ നിന്നും പുറത്തായ, ഉമ്മയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ 'പന്നിയിറച്ചി തിന്നുന്ന, കാഫിറായ, നജസായ' ഞാന്‍ ഉമ്മയെ തൊടാന്‍ പാടില്ല എന്നല്ലേ പണ്ടേ എന്നോട് പറഞ്ഞിരുന്നത്? അതുകൊണ്ട് തന്നെ ഉമ്മയെ ഞാന്‍ ഒന്ന് തൊട്ടിട്ട് വര്‍ഷങ്ങളായിരിക്കുന്നു. ഇനിയിപ്പോ 'നജസായ' ഞാന്‍ എങ്ങാനും ഒരു അന്ത്യചുംബനം നല്‍കാന്‍ നോക്കിയാല്‍, ചിലപ്പോ ഉമ്മാക്ക് അത് ഇഷ്ടപ്പെടില്ല എന്ന പേടി എനിക്കുണ്ട്. അതുകൊണ്ട്, മരിച്ചുകിടക്കുന്ന ഉമ്മയെ കാണാന്‍ എനിക്ക് വയ്യ. അത്രക്ക് ധൈര്യം ഒന്നും ഉമ്മ എനിക്ക് തന്നിട്ടില്ല. അതുകൊണ്ട് മാപ്പ് തരണം.

പിന്നെ ഉമ്മാ, ഇത്രയും കാലം എന്നോട് മിണ്ടാതിരുന്നവര്‍ ഇപ്പോള്‍ ഉമ്മയുടെ ജഡം വെച്ച് എന്റെ ജീവിതത്തെ വിചാരണ ചെയ്യാന്‍ നോക്കുന്നുണ്ട്. ഉമ്മയുടെ മരണം അവര്‍ക്കൊരു ആയുധമാണ്. ഉമ്മയെ ഞാന്‍ കൊന്നുവെന്ന് വരുത്തിത്തീര്‍ക്കാനും, അവര്‍ക്ക് നേരിടാന്‍ ധൈര്യമില്ലാത്ത സത്യങ്ങളുടെയെല്ലാം പഴി എന്റെ തലയില്‍ കെട്ടിവെക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. പരസ്യമായി, വ്യക്തമായി ഞാന്‍ അവരോട് ഇങ്ങനെ പറയുന്നു:

ഞാനല്ല ഉമ്മയെ കൊന്നത്. രോഗവും, സമയവും, ഏതൊരു മനുഷ്യശരീരത്തിനും സംഭവിക്കുന്ന സ്വാഭാവികമായ അന്ത്യവുമാണ് ഉമ്മയെ കൊണ്ടുപോയത്.

പക്ഷേ, മായ്ച്ചുകളയാനാവാത്ത ഒരു സത്യം ഇവിടെയുണ്ട്: സ്വന്തം മകനേക്കാള്‍ വലുത് ഉമ്മാക്ക് ഉമ്മയുടെ ഇസ്ലാമിക വിശ്വാസപ്രമാണങ്ങളായിരുന്നു. ചിന്തിക്കുന്നതിനും സംസാരിക്കുന്നതിനും മകനെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു ഇസ്ലാമിക ക്രമത്തെയാണ് ഉമ്മ തിരഞ്ഞെടുത്തത്. ഒരു അമ്മയുടെ ശബ്ദം എനിക്ക് അഭയമാകേണ്ട സമയത്ത്, ഉമ്മ നിശബ്ദത തിരഞ്ഞെടുത്തു. ജിഹാദികള്‍ എന്നെ വേട്ടയാടുന്നത് ഉമ്മ നോക്കിനിന്നു, ചിലപ്പോഴൊക്കെ അതിന്റെ ഭാഗമാവുകയും ചെയ്തു. വെറുപ്പോടെയല്ല ഞാനിത് പറയുന്നത്. പക്ഷേ കള്ളം പറയാന്‍ എനിക്കാവില്ല. ഈ നാടകത്തില്‍ പങ്കുചേരാനും ഞാന്‍ തയ്യാറല്ല.

എനിക്ക് വിശ്വാസമില്ലാത്ത ചടങ്ങുകളില്‍ ഞാന്‍ പങ്കെടുക്കില്ല. ആരുടെയും അധികാരപ്രകടനങ്ങളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി വിശ്വസിക്കുന്നതായി അഭിനയിക്കാനും എനിക്കാവില്ല. ദുഃഖമെന്നാല്‍ വിശ്വാസത്തിനുള്ള തെളിവല്ല. അനുശോചനമെന്നാല്‍ വിധേയത്വവുമല്ല. ഉമ്മാ, ഇതൊന്നും ഉമ്മയെ അപമാനിക്കാന്‍ എഴുതുന്നതല്ല. ചിലര്‍ക്ക് നാണക്കേടായി തോന്നിയാലും സത്യം നിലനില്‍ക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. അതാണല്ലോ ബാപ്പ പണ്ടേ നമ്മളെ പഠിപ്പിച്ചിരുന്നത്.

ഉമ്മയും ഭയത്തിന്റെ ഇരയായിരുന്നു എന്നെനിക്കറിയാം. മക്കളെ സംരക്ഷിക്കുന്നതിനേക്കാള്‍ പ്രധാനം ഇസ്ലാം എന്ന മതത്തെ സംരക്ഷിക്കുന്നതാണെന്ന് പഠിപ്പിക്കുന്ന ഒരു ലോകത്തിന്റെ ഇര. ആ കുരുക്കില്‍ ഉമ്മ പെട്ടുപോയതാണെങ്കില്‍, എനിക്കത് മനസ്സിലാകും. പക്ഷേ മനസ്സിലാക്കുക എന്നത് ന്യായീകരിക്കലല്ല. ഒരമ്മയ്ക്ക് എന്നും തിരഞ്ഞെടുപ്പുകളുണ്ട്. ഒരമ്മയ്ക്ക് ഉത്തരവാദിത്തങ്ങളുണ്ട്. ഒരു ആള്‍ക്കൂട്ടത്തിന്റെ ആക്രോശത്തേക്കാള്‍ വലുതാകണമായിരുന്നു ഒരമ്മയുടെ സ്‌നേഹം.

ഇന്ന്, ഞാന്‍ ഉമ്മയെ ഓര്‍ത്ത് ദുഃഖിക്കുന്നു; ഒപ്പം നമുക്ക് ഒരിക്കലും ഉണ്ടാകാതെ പോയ ആ ബന്ധത്തെ ഓര്‍ത്തും. നമുക്ക് നഷ്ടപ്പെട്ട സാധാരണ ജീവിതത്തെ ഓര്‍ത്ത് ഞാന്‍ വേദനിക്കുന്നു. മരണം പോലും മനസ്സലിയിക്കാതെ, ആരോപണങ്ങള്‍ മാത്രം ബാക്കിയാക്കിയ നമ്മുടെ വീടിനെ ഓര്‍ത്ത് ഞാന്‍ വേദനിക്കുന്നു. ഏറ്റവും ഒടുവില്‍, 'നീ എന്റെ മകനാണ്' എന്ന് ഒരിക്കലെങ്കിലും പറയാന്‍ കഴിയുമായിരുന്ന ഉമ്മയുടെ ആ രൂപത്തെ ഓര്‍ത്ത് ഞാന്‍ കരയാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ ഈ സന്ദര്‍ഭം മുതലെടുക്കാന്‍ ശ്രമിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ: നിങ്ങളുടെ മനസ്സാക്ഷി വൃത്തിയാക്കാന്‍ മരിച്ച ഒരു സ്ത്രീയെ ഉപയോഗിക്കരുത്. മതത്തെ ഒരു കോടതിയായും, മരണവീടിനെ ഒരു കൊലക്കളമായും മാറ്റരുത്.

ആരെയെങ്കിലും കുറ്റപ്പെടുത്തണമെന്നുണ്ടെങ്കില്‍, സ്വന്തം കുട്ടിയുടെ ബുദ്ധിയെ ഓര്‍ത്ത് ലജ്ജിക്കാന്‍ ഒരമ്മയെ പഠിപ്പിച്ച ഈ ഇസ്ലാമിക സംസ്‌കാരത്തെ കുറ്റപ്പെടുത്തുക. സ്‌നേഹം ഉപാധികളോടെ മാത്രം നല്‍കുന്ന ഈ ഇസ്ലാം എന്ന പ്രത്യയശാസ്ത്രത്തെ കുറ്റപ്പെടുത്തുക. മക്കളെ പുറത്താക്കുന്നത് 'അഭിമാനമായി' കാണുന്ന ഈ ഇസ്ലാമിക സാമൂഹിക വ്യവസ്ഥിതിയെ പഴിക്കുക.

എന്റെ അനുഭവം ഇനി ആര്‍ക്കും ഉണ്ടാകരുത്. സത്യത്തിനും കുടുംബത്തിനും ഇടയില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ ഒരു കുട്ടിക്കും ഗതിവരരുത്. സ്വന്തം കുഞ്ഞിനെ ശത്രുവായി കാണാന്‍ ഒരമ്മയും നിര്‍ബന്ധിതയാകരുത്. ഞാനിവിടെ ഒന്നും തെളിയിക്കാന്‍ വന്നതല്ല. ആരുടെയും അംഗീകാരത്തിന് യാചിക്കുന്നുമില്ല. എന്നെ വീണ്ടും കീഴ്‌പ്പെടുത്താന്‍ ഒരുക്കുന്ന വൈകാരിക കെണികളില്‍ വീഴാനും ഞാന്‍ ഉദ്ദേശിക്കുന്നില്ല.

എന്റെതായ രീതിയില്‍ ഞാന്‍ ഉമ്മയെ ഓര്‍ക്കും. നല്ലത് മാത്രം ഓര്‍ക്കും, ക്രൂരമായതിനെ നിഷേധിക്കുകയുമില്ല. ഉമ്മാ, ഉമ്മ എവിടെയാണെങ്കിലും, ആ ഭയത്തില്‍ നിന്നെല്ലാം ഇപ്പോള്‍ മോചനം നേടിയിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. ഈ ബഹളങ്ങള്‍ക്കെല്ലാം അപ്പുറം, ആളുകള്‍ ഉമ്മയെ പഠിപ്പിച്ചുവെച്ച വെറുപ്പിന്റെ കണ്ണിലൂടെയല്ലാതെ, ഉമ്മയുടെ മകനായി എന്നെ കാണാന്‍ ഉമ്മയ്ക്ക് കഴിയുന്നുണ്ടാകുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

ഞാനിപ്പോഴും ഉമ്മയുടെ മകന്‍ തന്നെയാണ്.

അഭിനയിക്കാന്‍ തയ്യാറാകാത്തത് കൊണ്ട് ഞാന്‍ മോശക്കാരനാകുന്നില്ല.

സത്യം പറഞ്ഞതുകൊണ്ട് ഞാന്‍ ഹൃദയമില്ലാത്തവനാകുന്നില്ല.

ഒരു വിശ്വാസത്തെ ഉപേക്ഷിച്ചു എന്നതുകൊണ്ട് എനിക്ക് എന്റെ മനുഷ്യത്വം നഷ്ടപ്പെടുന്നുമില്ല.

ഞാന്‍ ജീവിക്കും.

ഞാന്‍ ശക്തമായി നിലനില്‍ക്കും.

എന്റെ ജീവിതത്തെ ഇല്ലാതാക്കാന്‍ ഉമ്മയുടെ മരണം ഉപയോഗിക്കാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല.

വിട.

Arif Hussain Theruvath

ഉമ്മയുടെ മകന്‍

24-Jan-2026

See t


Full View


Tags:    

Similar News