ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം ഓടി കൊണ്ടിരുന്ന കാറിലെന്ന് പുതിയ വിവരം; ചുവപ്പ് സിഗ്നല്‍ കണ്ട് കാര്‍ നിര്‍ത്തുന്നതിനിടെ സ്‌ഫോട നം; വാഹനത്തില്‍ ആളുകള്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ട്; ഭൂമി ഇടിഞ്ഞുവീഴുന്നതുപോലെ തോന്നിയെന്നും മരണം മുന്നില്‍ കണ്ടെന്നും ദൃക്‌സാക്ഷികള്‍; ആളുകള്‍ ജീവനും കൊണ്ട് ഓടുന്നതിനിടയില്‍ പരസ്പരം ഇടിച്ചുവീഴുന്നത് കണ്ടു; വന്‍ സ്‌ഫോടനത്തിന് പിന്നില്‍ ഭീകരവാദികളോ?
ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം ഓടി കൊണ്ടിരുന്ന കാറിലെന്ന് പുതിയ വിവരം
ന്യൂഡല്‍ഹി: തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് (ലാല്‍ കില) സമീപം സ്‌ഫോടനം ഉണ്ടായത് ഓടി കൊണ്ടിരുന്ന കാറിലെന്ന് പുതിയ വിവരം. വാഹനം ചുവപ്പ് സിഗ്നല്‍ കണ്ട് നിര്‍ത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. വാഹനത്തില്‍ ആളുകള്‍ ഉണ്ടായിരുന്നതായും പറയുന്നു.
സ്‌ഫോടനത്തില്‍ 9 എട്ട് പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമാണ്. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ തീവ്രതയെത്തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന മറ്റ് 8 വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. നിരവധി വാഹനങ്ങള്‍ക്ക് തീപിടിക്കുകയും ചെയ്തു.
'സ്‌ഫോടനം അത്രയേറെ തീവ്രമായിരുന്നു. ഭൂമി ഇടിഞ്ഞുവീഴുന്നതുപോലെ തോന്നി. മരണത്തെ മുന്നില്‍ കണ്ടു,' ദൃക്‌സാക്ഷികളില്‍ ഒരാള്‍ സംഭവം വിവരിച്ചു. സ്‌ഫോടനത്തില്‍ സമീപത്തെ തെരുവുവിളക്കുകള്‍ തകര്‍ന്നു. ആളുകള്‍ ജീവനുംകൊണ്ട് ഓടുന്നതിനിടയില്‍ പരസ്പരം ഇടിച്ചുവീഴുന്ന കാഴ്ചയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാമതൊരു സ്‌ഫോടനം ഉണ്ടാകുമോ എന്ന് ഭയന്നതായും അദ്ദേഹം പറഞ്ഞു.
മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞതിങ്ങനെ: 'ഞാന്‍ എന്റെ വീടിന്റെ മുകളില്‍ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് വലിയ ശബ്ദത്തോടെ ഒരു സ്‌ഫോടനം കേട്ടു. താഴേക്ക് നോക്കിയപ്പോള്‍ നിലത്തു നിന്ന് വലിയ തീജ്വാലകള്‍ ഉയരുന്നത് കണ്ടു. എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ ഓടി താഴേക്ക് വന്നു. സ്‌ഫോടനത്തിന്റെ ശക്തിയില്‍ എന്റെ വീടിന്റെ ജനലുകള്‍ പോലും ശക്തമായി കുലുങ്ങി.'
വൈകുന്നേരം 6:55 ഓടെയാണ് സ്‌ഫോടനം സംബന്ധിച്ച വിവരം ഡല്‍ഹി അഗ്‌നിശമന വകുപ്പിന് ലഭിച്ചത്. ഉടന്‍ തന്നെ ഏഴ് ഫയര്‍ എഞ്ചിനുകളും 15 ആംബുലന്‍സുകളും സ്ഥലത്തെത്തി. തീ അണയ്ക്കുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന അഞ്ചോളം വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും, രാജ്യതലസ്ഥാനത്ത് മണിക്കൂറുകള്‍ക്ക് മുന്‍പ് നിരോധിത സംഘടനകളുമായി ബന്ധമുള്ള അന്തര്‍സംസ്ഥാന തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്യുകയും 2,900 കിലോഗ്രാമിലധികം സ്‌ഫോടകവസ്തുക്കള്‍ക്ക് ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ വസ്തുക്കള്‍ ഉപയോഗിച്ച് രാജ്യതലസ്ഥാനത്ത് ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയുണ്ടായിരുന്നതായി പോലീസ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഡല്‍ഹി അതീവ ജാഗ്രതയിലാണ്. സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.
സ്‌ഫോടനത്തിന്റെ പ്രകമ്പനം 700 മുതല്‍ 900 മീറ്റര്‍ വരെ അകലെ അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കെട്ടിടങ്ങള്‍ കുലുങ്ങിയെന്നും ആളപായം വളരെ വലുതാണെന്നും ചന്ദ്‌നി ചൗക്ക് വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധി സഞ്ജയ് ഭാര്‍ഗവ പറഞ്ഞു. 'നിരവധി മൃതദേഹങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവസ്ഥലത്ത് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിലെ ഉദ്യോഗസ്ഥര്‍ എത്തുകയും പ്രദേശത്ത് പൂര്‍ണ്ണമായ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ചെങ്കോട്ട മെട്രോ സ്റ്റേഷനിലെ ഗേറ്റ് നമ്പര്‍ 1, 4 എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും പുറത്തേക്കുള്ള പോക്കും നിയന്ത്രിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സിയുടെ (NIA) കമാന്‍ഡോകളും സ്ഥലത്തെത്തിയിട്ടുണ്ട്.
ഡല്‍ഹി പൊലീസിലെ സ്‌പെഷ്യല്‍ സെല്ലിലെ ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധിപേര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഫോറന്‍സിക്, സാങ്കേതിക വിദഗ്ധരെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോക് നായക് ജയ് പ്രകാശ് നാരായണ്‍ (എല്‍.എന്‍.ജെ.പി) ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ 9 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചതായി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
അതിനിടെ, ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് മുംബൈയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. എല്ലാ പോലീസ് സ്റ്റേഷനുകളിലും വിവരം നല്‍കുകയും സംശയാസ്പദമായ സാഹചര്യങ്ങളില്‍ ആളുകളെ പരിശോധിക്കാനും അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശം നല്‍കി.
മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സ്‌ഫോടനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെയെന്നും രാജ്യത്തെ മുഴുവന്‍ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഇത്തരം ഘട്ടങ്ങളില്‍ സമാധാനവും സംയമനവും പാലിക്കുകയാണ് ഏറ്റവും വലിയ ശക്തിയെന്നും, ഭീകരതയെ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
