'പാര്‍ലമെന്റിന്റെ ഉദ്ഘാടനം വന്നപ്പോ ഒരു കുന്തോം പിടിച്ചോണ്ട് ഒരുത്തന്‍ മുന്നില്‍ നടക്കുകയാണ്; ഒരു.... ന്താ... ചെങ്കോല്‍, എല്ലാവരുമത് തൊട്ടുതൊഴണമെന്നു പറഞ്ഞാല്‍ എവിടുത്തെ ന്യായമാണ്? ഇതേത് ചിഹ്നമാണ്?' റിപ്പോര്‍ട്ടര്‍ ടിവിയില്‍ ജിമ്മി ജെയിംസിന്റെ വാക്കുകള്‍ ക്ഷമിക്കാനാവാത്ത അപരാധം: നിയമനടപടിയെന്ന് വി സദാനന്ദന്‍ എംപി
ജിമ്മി ജയിംസിന് എതിരെ നിയമനടപടിയെന്ന് സദാനന്ദന്‍ മാസ്റ്റര്‍
തിരുവനന്തപുരം: പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തില്‍ ഉദ്ഘാടന വേളയില്‍ സ്ഥാപിച്ച ചെങ്കോലിനെ കുറിച്ച് അധിക്ഷേപ വാക്കുകള്‍ ചൊരിഞ്ഞ റിപ്പോര്‍ട്ടര്‍ ടിവി ഹെഡ് - ഡിജിറ്റല്‍ ജിമ്മി ജെയിംസിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി സദാനന്ദന്‍ മാസ്റ്റര്‍ എംപി. വന്ദേഭാരതില്‍ ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ 'ഗണഗീതം മതേതരമോ' എന്ന വിഷയത്തില്‍ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയില്‍ സംസാരിക്കവേയാണ് ജിമ്മിയുടെ വിവാദ പരാമര്‍ശം.
ചെങ്കോലും ഭാരതാംബയുമായി പുതിയ പുതിയ ബിംബങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് ജിമ്മി പറഞ്ഞു. ഈ വിഷയത്തില്‍ ജിമ്മി പറഞ്ഞത് മുഴുവന്‍ വിവരദോഷമെന്നാണ് സദാനന്ദന്‍ മാസ്റ്ററുടെ ആക്ഷേപം. 'പുതിയ പാര്‍ലമെന്റ് വന്നപ്പോ, പാര്‍ലമെന്റിന്റെ ഉദ്ഘാടനം വന്നപ്പോ ഒരു കുന്തോം പിടിച്ചോണ്ട് ഒരുത്തന്‍ മുന്നില്‍ നടക്കുകയാണ്. എന്നിട്ട് പറയുകയാണ്, ഇനി ഇതാണ് ഇന്ത്യയുടെ അധികാര ചിഹ്നം. കഴിഞ്ഞ പത്തുനാല്പതു വര്‍ഷം ഏതോ സ്റ്റോര്‍ റൂമില്‍ കിടന്ന സാധനമാണ്. ഒരു.... ന്താ... ചെങ്കോല്‍. ഒരുത്തന്‍ ഒരു വടിയും പൊക്കിപ്പിടിച്ച് നടന്നാല്‍, എല്ലാവരുമത് തൊട്ടുതൊഴണമെന്നു പറഞ്ഞാല്‍ എവിടുത്തെ ന്യായമാണ്? ഇതേത് ചിഹ്നമാണ് ?....'ജിമ്മിയുടെ ഈ വാക്കുകള്‍ സ്വരാഷ്ട്രാഭിമാനിയായ ഏതൊരു ഭാരതീയനും ഇത് സഹിക്കാവുന്നതിലുമപ്പുറമാണെന്നും നിസ്സംഗതയോടെ തള്ളിക്കളയാനാവില്ലെന്നും എംപി ഫേസ്്ബുക്കില്‍ കുറിച്ചു.
'ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി അത് പ്രതിഷ്ഠിച്ചതിനെയാണ് അല്പജ്ഞാനിയും അഹങ്കാരിയുമായ ഈ മാധ്യമ പ്രവര്‍ത്തകന്‍ അപമാനകരമായി വ്യാഖ്യാനിച്ചത്. നൂറ്റാണ്ടുകളുടെ മഹിത ചരിത്രം പേറുന്ന ചെങ്കോല്‍ ഇയാള്‍ക്ക് കുന്തവും വടിയുമായി. നെഹ്‌റുവിന്റെ മ്യൂസിയം എവിടെയോ കിടക്കുന്ന സ്റ്റോര്‍ റൂമായി. ക്ഷമിക്കാനാവാത്ത അപരാധമാണിയാള്‍ ചെയ്തത്. ഏറെ ആദരവോടെ ചെങ്കോല്‍ സ്ഥാപിക്കപ്പെട്ട സഭയുടെ ഭാഗമായിത്തീര്‍ന്ന ഒരു പൗരനെന്ന നിലയില്‍ ഇതിനെതിരെ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കും. ക്ഷമയ്ക്കും ഒരതിരുണ്ട്.'- സദാനന്ദന്‍ മാസ്റ്റര്‍ കുറിച്ചു.
സദാനന്ദന്‍ മാസ്റ്ററുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
'ഒരു കുന്തോം പിടിച്ചോണ്ട് ഒരുത്തന്‍ മുന്നില്‍ നടക്കുകയാണ്...'
ഇന്നലെ രാത്രി റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദി എഡിറ്റേഴ്‌സ് പരിപാടിയില്‍ ജിമ്മി ജയിംസ് എന്ന മാധ്യമ പ്രവര്‍ത്തകന്റേതായി കേട്ട പ്രയോഗമാണിത്. ഇതില്‍ 'കുന്തം' എന്ന് ഇയാള്‍ വിശേഷിപ്പിച്ചത് ഭാരത പാര്‍ലമെന്റിനായി നിര്‍മിച്ച പുതിയ മന്ദിരത്തില്‍ ഉദ്ഘാടന വേളയില്‍ സ്ഥാപിച്ച ചെങ്കോലിനെ കുറിച്ചാണ്. 'ഒരുത്തന്‍' എന്നു വിളിച്ചതോ, തമിഴ് നാട്ടിലെ ഏറെ പ്രശസ്തമായ സന്യാസി മഠത്തിലെ ആദരണീയനായ ആചാര്യനെയും. എത്ര ധിക്കാരപരമാണ് ഇയാളുടെ നിലപാട്...!വന്ദേ ഭാരത് ട്രെയിനിലെ ദേശഭക്തി ഗാനാലാപനമാണ് ഇയാളെ പ്രകോപിപ്പിച്ചത്! അതേക്കുറിച്ചൊക്കെ എന്തൊക്കെയോ പുലമ്പിയശേഷം തുടര്‍ച്ചയായി പറയുകയാണ്.
ഈ വിവരദോഷിയുടെ വിടുവായിത്തം മുഴവന്‍ കേട്ടാലേ ഇയാളുടെയാെക്കെ ഉള്ളിലിരിപ്പ് മനസ്സിലാകൂ. അതിങ്ങനെ ആയിരുന്നു:
'പുതിയ പാര്‍ലമെന്റ് വന്നപ്പോ, പാര്‍ലമെന്റിന്റെ ഉദ്ഘാടനം വന്നപ്പോ ഒരു കുന്തോം പിടിച്ചോണ്ട് ഒരുത്തന്‍ മുന്നില്‍ നടക്കുകയാണ്. എന്നിട്ട് പറയുകയാണ്, ഇനി ഇതാണ് ഇന്ത്യയുടെ അധികാര ചിഹ്നം. കഴിഞ്ഞ പത്തുനാല്പതു വര്‍ഷം ഏതോ സ്റ്റോര്‍ റൂമില്‍ കിടന്ന സാധനമാണ്. ഒരു.... ന്താ... ചെങ്കോല്‍. ഒരുത്തന്‍ ഒരു വടിയും പൊക്കിപ്പിടിച്ച് നടന്നാല്‍, എല്ലാവരുമത് തൊട്ടുതൊഴണമെന്നു പറഞ്ഞാല്‍ എവിടുത്തെ ന്യായമാണ്? ഇതേത് ചിഹ്നമാണ് ?....
ഇത്രയും ആക്രാേശിച്ചിട്ടും ഇയാളുടെ കലി അടങ്ങുന്നില്ല ! പിന്നെയും എന്താെക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. സ്വരാജ്യത്തോടും സംവിധാനങ്ങളോടും പരമ പുച്ഛമായിരുന്നു ഇയാളുടെ വാക്കുകളിലുടനീളം !സത്യത്തില്‍, വല്ലാത്തൊരമ്പരപ്പാണ് ഇതു കേട്ടപ്പോഴുണ്ടായത്. ഉത്തരവാദപ്പെട്ട ഒരു മാധ്യമ പ്രവര്‍ത്തകനില്‍ നിന്ന് ഒരിക്കലും ഉണ്ടായിക്കൂടാത്ത പെരുമാറ്റമാണിത്. ഇയാള്‍ ഹൈസ്‌ക്കൂള്‍ ക്ലാസ്സില്‍ പഠിക്കുമ്പോഴെങ്കിലും നാടിന്റെ ചരിത്രം അല്പമെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാവില്ലേ?
ചെങ്കോല്‍ എന്താണെന്നും അതുമായി ബന്ധപ്പെട്ട ചരിത്രമെന്തെന്നും പഠിച്ചു കാണില്ലേ? ഭാരതത്തിന്റെ ശേഷ്ഠ പൈതൃകത്തിലും സംസ്‌ക്കാരത്തിലും ജിമ്മി സാര്‍ അഭിമാനം കൊള്ളണമെന്നില്ല. കാരണം പൈതൃക നിഷേധികള്‍ക്ക് അതു കഴിയില്ല. പക്ഷെ അധിക്ഷേപിക്കുന്നതിനും അപമാനിക്കുന്നതിനും അധികാരമില്ല, അര്‍ഹതയുമില്ല. സ്വരാഷ്ട്രാഭിമാനിയായ ഏതൊരു ഭാരതീയനും ഇത് സഹിക്കാവുന്നതിലുമപ്പുറമാണ്. നിസ്സംഗതയോടെ തള്ളിക്കളയാനാവില്ല.
ദേശസ്‌നേഹികളായ അനേകം സ്വാതന്ത്ര്യ സമരഭടന്‍മാരുടെയും ധീര ബലിദാനികളുടെയും ജീവാര്‍പ്പണത്തിന്റെ ഫലമായി
ബ്രിട്ടീഷുകാര്‍ രാജ്യം വിടുമ്പോള്‍ അധികാരക്കൈമാറ്റത്തിന്റെ പ്രതീകമായി നിയുക്ത പ്രധാനമന്ത്രി നെഹ്‌റുവിന് ആചാരപരമായ മര്യാദകളോടെ സമര്‍പ്പിച്ച പവിത്ര വസ്തുവാണത്. തികഞ്ഞ ആദരവോടെ ചെങ്കോല്‍ ഏറ്റുവാങ്ങിയ നെഹ്‌റു അത് മ്യൂസിയത്തില്‍ സൂക്ഷിക്കുകയും ചെയ്തു.
ദശാബ്ദങ്ങള്‍ക്കിപ്പുറം ഏറെ പ്രാധാന്യത്തോടെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി അത് പ്രതിഷ്ഠിച്ചതിനെയാണ് അല്പജ്ഞാനിയും അഹങ്കാരിയുമായ ഈ മാധ്യമ പ്രവര്‍ത്തകന്‍ അപമാനകരമായി വ്യാഖ്യാനിച്ചത്. നൂറ്റാണ്ടുകളുടെ മഹിത ചരിത്രം പേറുന്ന ചെങ്കോല്‍ ഇയാള്‍ക്ക് കുന്തവും വടിയുമായി. നെഹ്‌റുവിന്റെ മ്യൂസിയം എവിടെയോ കിടക്കുന്ന സ്റ്റോര്‍ റൂമായി. ക്ഷമിക്കാനാവാത്ത അപരാധമാണിയാള്‍ ചെയ്തത്. ഏറെ ആദരവോടെ ചെങ്കോല്‍ സ്ഥാപിക്കപ്പെട്ട സഭയുടെ ഭാഗമായിത്തീര്‍ന്ന ഒരു പൗരനെന്ന നിലയില്‍ ഇതിനെതിരെ സാധ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കും. ക്ഷമയ്ക്കും ഒരതിരുണ്ട്.
