സ്വന്തം നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചു കൊടുത്തു; പകരം പതിമൂന്നുകാരിയുടെ നഗ്നദൃശ്യങ്ങള്‍ വാങ്ങിയെടുത്തു; മംഗലാപുരത്ത് പഠിക്കുന്ന കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍
പോക്സോ കേസില്‍ മംഗലാപുരത്ത് പഠിക്കുന്ന കോളജ് വിദ്യാര്‍ഥി അറസ്റ്റില്‍
പത്തനംതിട്ട: പതിമൂന്നുകാരിയുടെ അശ്ലീല ചിത്രങ്ങള്‍ കൈക്കലാക്കുകയും പിന്തുടര്ന്ന് ശല്യം ചെയ്യുകയും ചെയ്ത യുവാവിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചണ്ണപ്പേട്ട സ്വദേശിയും മംഗലാപുരത്ത് എം.എസ്.സി വിദ്യാര്‍ത്ഥിയുമായ സ്റ്റെബിന് ഷിബു (22)വാണ് പിടിയിലായത്.
എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ 2023 മേയില്‍ പ്രതി നേരില്‍ പരിചയപ്പെടുകയും തുടര്‍ന്ന് ഫോണിലൂടെ ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, സ്നാപ്പ് ചാറ്റ് എന്നിവയിലൂടെ തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം കഴിച്ചു കൊള്ളാമെന്ന് വാക്ക് കൊടുത്ത ശേഷം ഇയാള്‍ തന്റെ ഫോണില്‍ നിന്നും കുട്ടി ഉപയോഗിക്കുന്ന അമ്മയുടെ പേരിലുള്ള ഫോണിലേക്ക് വാട്സാപ്പിലൂടെ സ്വന്തം നഗ്നഫോട്ടോകളും അശ്ലീല വീഡിയോകളും അയച്ചു കൊടുത്തു.
കഴിഞ്ഞ സെപ്റ്റംബര്‍ 28 വരെയുള്ള കാലയളവില്‍ കുട്ടിയുടെ നഗ്നഫോട്ടോകള്‍ നിര്‍ബന്ധിപ്പിച്ച് ഇന്‍സ്റ്റഗ്രാം വഴി കൈക്കലാക്കുകയും ചെയ്തു. പലതവണ പല രീതികളില്‍ കുട്ടിയെ നിര്‍ബന്ധിച്ചാണ് ഇയാള്‍ ഇവ കൈക്കലാക്കിയത്. യുവാവിന്റെ നിരന്തരമായ നിര്‍ബന്ധത്താല്‍ ഇത്തരം ചിത്രങ്ങള്‍ അയച്ചുകൊടുത്ത കുട്ടി, മനോവിഷമത്താല്‍ കരയുന്നതുകണ്ട് വീട്ടുകാര്‍ തിരക്കിയപ്പോഴാണ് വിവരങ്ങള്‍ ബോധ്യപ്പെട്ടത്.
അപ്പോഴേക്കും കുട്ടി തന്റെ ഫോണില്‍ നിന്നും ഇത്തരം ഫോട്ടോകളും ദൃശ്യങ്ങളും ഒഴിവാക്കിയിരുന്നു. യുവാവിന്റെ ശല്യം സഹിക്ക വയ്യാതെ വീട്ടുകാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. മാതാവിന്റെ സാന്നിധ്യത്തില്‍ കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ മൊഴി കോടതിയും രേഖപ്പെടുത്തി. ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശത്തേ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.