ഇതൊന്നും പ്രയാഗയ്ക്ക് അറിയുന്ന കാര്യങ്ങളല്ല; മകളുമായി ഇപ്പോള്‍ സംസാരിച്ചതേ ഉള്ളു; ഗൂണ്ടാ നേതാവ് ഓംപ്രകാശിനെ പ്രയാഗ സന്ദര്‍ശിച്ചിട്ടില്ലെന്ന് അമ്മ ജിജി മാര്‍ട്ടിന്‍
ഓംപ്രകാശിനെ പ്രയാഗ സന്ദര്‍ശിച്ചിട്ടില്ലെന്ന് അമ്മ ജിജി മാര്‍ട്ടിന്‍
കൊച്ചി: ലഹരിമരുന്ന് കേസില്‍, കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെ കൊച്ചിയിലെ ഹോട്ടലില്‍ എത്തി നടി പ്രയാഗ മാര്‍ട്ടിന്‍ സന്ദര്‍ശിച്ചിട്ടില്ലെന്ന് നടിയുടെ അമ്മ ജിജി മാര്‍ട്ടിന്‍. ഇതൊന്നും പ്രയാഗയ്ക്ക് അറിയുന്ന കാര്യങ്ങളല്ല. മകളുമായി ഇപ്പോള്‍ സംസാരിച്ചതേ ഉള്ളൂവെന്നുമാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജിജി മാര്‍ട്ടിന്‍ പറഞ്ഞു.
അതിനിടെ, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എളമക്കര സ്വദേശി ബിനു ജോസഫിനെ എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. നടന്‍ ശ്രീനാഥ് ഭാസിയെയും നടി പ്രയാഗ മാര്‍ട്ടിനെയും ഹോട്ടലില്‍ എത്തിച്ചത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഇടപാടിലെ പ്രധാന കണ്ണിയെന്ന് സംശയിക്കുന്ന ബിനു ജോസഫിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
കേസില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗണ്‍ പ്ലാസയില്‍നിന്നും കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ഹോട്ടലില്‍ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ 20 പേര്‍ എത്തിയതായാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഉള്‍പ്പെടെ ഓംപ്രകാശിന്റെ മുറിയില്‍ സന്ദര്‍ശനം നടത്തിയെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഉള്‍പ്പെടെയുള്ളവര്‍ എത്തിയതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ രക്തസാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്ന ശേഷം തുടര്‍ നടപടികളിലേക്ക് കടക്കും.
20ഓളം പേര്‍ മുറിയില്‍ എത്തിയതായും ഇവിടെ വെച്ച് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. പ്രതികള്‍ വിദേശത്തുനിന്ന് മയക്കുമരുന്ന് എത്തിച്ച് ഡി.ജെ പാര്‍ട്ടികളില്‍ വിതരണം ചെയ്യുകയായിരുന്നു എന്നാണ് കരുതുന്നത്. കൊല്ലം കൊറ്റങ്കര തട്ടാക്കോണം ഷിഹാസും ഓം പ്രകാശിനൊപ്പം പിടിയിലായിട്ടുണ്ട്. ലഹരി ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹോട്ടലിലെ രജിസ്റ്ററും സി.സി ടിവി ദൃശ്യങ്ങളും ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുറെനാളുകളായി ഓം പ്രകാശിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. മുത്തൂറ്റ് പോള്‍ ജോര്‍ജ് വധക്കേസ് ഉള്‍പ്പെടെ ഒട്ടേറെ കൊലക്കേസുകളിലും പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസിലും ഓംപ്രകാശ് പ്രതിയാണ്.
ലഹരിക്കേസില്‍ പ്രയാഗയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. പ്രയാഗയ്ക്ക് ഒപ്പം ഓംപ്രകാശിന്റെ മുറിയില്‍ പോയ നടന്‍ ശ്രീനാഥ് ഭാസിയേയും ചോദ്യംചെയ്യുമെന്നാണ് വിവരം. എന്നാല്‍ ലഹരി ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ല. വൈദ്യപരിശോധനയിലും ലഹരി ഉപയോഗം തെളിയിക്കാനാവാത്തതിനാലാണ് ഓം പ്രകാശിനും ഷിഹാസിനും ജാമ്യം അനുവദിച്ചത്.കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് പിടികൂടിയ ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ലഹരിവസ്തുക്കള്‍ കൈവശം വച്ചുവെന്നതാണ് കേസ്. ഓം പ്രകാശിനൊപ്പം പിടികൂടിയ ഷിഹാസിന്റെ പക്കല്‍നിന്ന് പൊലീസ് കൊക്കൈന്‍ പിടിച്ചെടുത്തിരുന്നു.കൊച്ചി മരട് പൊലീസാണ് ഓം പ്രകാശിനെ കസ്റ്റഡിയിലെടുത്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പാര്‍ട്ടിക്ക് എത്തിയതാണെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്.