ശബരിമലയിലെ പൊലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റി; പകരം നിയമിച്ചത് പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനെ
ശബരിമലയിലെ പൊലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് എം ആര്‍ അജിത് കുമാറിനെ മാറ്റി
തിരുവനന്തപുരം: ശബരിമലയിലെ പൊലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററായ എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റി. പകരം പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനെ ചീഫ് കോ-ഓര്‍ഡിനേറ്ററായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി.
ക്രമസമാധാന ചുമതലയുണ്ടായിരുന്ന സമയത്ത് അജിത് കുമാറായിരുന്നു ശബരിമല ചീഫ് കോ-ഓര്‍ഡിനേറ്ററിന്റെ ചുമതലയും വഹിച്ചിരുന്നത്. ശബരിമലയിലെ പൊലീസ് ഡ്യൂട്ടിയും ക്രമസമാധാനവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പൊലീസ് ആസ്ഥാനത്തെ എഡിജിപിയെ നിയമിക്കുകയാണെന്നാണ് ഉത്തരവിലുള്ളത്. ഇതനുസരിച്ചാണ് ഹെഡ്ക്വാട്ടേഴ്‌സ് എഡിജിപി എസ് ശ്രീജിത്തിനെ ശബരിമല പൊലീസ് കോ-ഓഡിനേറ്ററായി നിയമിച്ചത്.
അജിത്ത് കുമാറിനെ ശബരിമല കോ-ഓര്‍ഡിനേറ്ററായി നിയമിച്ച് ജൂലൈ മാസത്തിലിറക്കിയ ഉത്തരവാണ് ഡിജിപി ഇപ്പോള്‍ മാറ്റിയിറക്കിയത്. അജിത്ത് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കത്ത് നല്‍കിയിരുന്നു.