അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ കോഴ്സ് നടത്തി തട്ടിപ്പ്: പരാതിയുമായി വിദ്യാര്‍ത്ഥികള്‍

അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍ കോഴ്സ് നടത്തി തട്ടിപ്പ്

Update: 2024-11-22 15:53 GMT

പത്തനംതിട്ട : അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വഞ്ചിച്ചു എന്ന പരാതിയുമായി സ്വകാര്യ സ്ഥാപനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. നഗരഹൃദയത്തില്‍ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന മാതാ കോളജ് ഓഫ് മെഡിക്കല്‍ ടെക്നോളജിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. സ്ഥാപനത്തിന് മുന്നിലും മിനി സിവില്‍ സ്റ്റേഷന് മുന്നിലും പ്രതിഷേധ യോഗം നടത്തി.

സ്ഥാപനത്തില്‍ ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബ് ടെക്നീഷന്‍ കോഴ്സിന് ചേര്‍ന്ന വിദ്യാര്‍ത്ഥികളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സാണെന്നും പഠിച്ചിറങ്ങിയാലുടന്‍ ജോലി ലഭിക്കുമെന്നും വാഗ്ദാനം ചെയ്താണ് ചേര്‍ത്തതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇവിടെ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റുമായി ജോലി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. പാരാമെഡിക്കല്‍ കൗണ്‍സിലിനെ സമീപിച്ചപ്പോഴാണ് യാതൊരു അംഗീകാരവുമില്ലാത്ത സ്ഥാപനമാണെന്ന് മനസിലായതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അംഗീകാരമില്ലാത്ത കോഴ്സ് നടത്തുന്ന സ്ഥാപനം ഉടന്‍ അടച്ചുപൂട്ടുക, കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടുക, വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, അംഗീകാരമില്ലാത്ത ഡിആര്‍ടി, ഡിഎംഎല്‍ടി കോഴ്സ് നടത്തുന്നതിനെതിരെ അധികൃതര്‍ നിയമനടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജനകീയ പ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റിയംഗം മിനി കെ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണും വരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകും എന്ന് അവര്‍ പറഞ്ഞു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ കെ രാജന്‍ അദ്ധ്യക്ഷത വഹിച്ചു. എ ഐ ഡി എസ് ഒ ജില്ലാ പ്രസിഡന്റ് അജിത്.ആര്‍, സേവ് എജ്യുക്കേഷന്‍ ജില്ലാ കമ്മിറ്റിയംഗം എസ്. രാധാമണി, വിദ്യാര്‍ത്ഥിനി അമിത, ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ മെല്‍ബിന്‍, വി.പി കൊച്ചുമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Tags:    

Similar News