'സ്മൃതിപഥത്തിലെ' ആധുനിക സാങ്കേതികവിദ്യ പുകയോ ഗന്ധമോ പുറത്തുവിടില്ല; നിളയുടെ കലാകാരന്റെ അന്ത്യ നിമിഷങ്ങള്‍ക്ക് കാലം ഒരുക്കി വച്ചത് ഹരിത പ്രോട്ടോകോള്‍; മാവൂര്‍ റോഡിലെ ഔദ്യോഗിക ഉദ്ഘാടനം നടക്കാത്ത പുതുക്കിയ ശ്മശാനത്തിലേക്ക് സാഹിത്യ ഇതിഹാസത്തിന്റെ അവസാന യാത്ര; ഇതും എടിക്ക് കാലം ഒരുക്കിയ കരുതല്‍

Update: 2024-12-26 05:24 GMT

കോഴിക്കോട്: കോഴിക്കോട് മാവൂര്‍ റോഡിലെ ശ്മശാനം 'സ്മൃതിപഥം' എന്നു പേരിട്ട് പുതുക്കിയ പണി തീര്‍ന്നത് അടുത്ത നാളിലാണ്. അവിടെ എത്തുന്ന ആദ്യ അതിപ്രധാനിയായി മാറുകയാണ് എംടി വാസുദേവന്‍ നായര്‍. ഔദ്യോഗിക ഉദ്ഘാടനം ഇനിയും നടന്നിട്ടില്ല. ഡിസംബര്‍ 29നാണ് ഉദ്ഘാടനം. അതിന് മുമ്പേ എംടി ആ ശ്മശാനത്തിലേക്ക് എത്തുകയാണ്. പരിസ്ഥിതിക്ക് വേണ്ടി വാദിച്ച് ജീവിച്ച നിളയുടെ കഥാകാരനാണ് എംടി. അന്ത്യ ചടങ്ങുകള്‍ക്ക് ഹരിത പ്രോട്ടോകോള്‍ അറിഞ്ഞോ അറിയാതെയോ എത്തുന്നു. അങ്ങനെ പുതുക്കി പണിത ശ്മശാനത്തില്‍ എംടി അലിഞ്ഞു ചേരും.

'കാറ്റത്ത് ഒരു തിരിനാളം അണഞ്ഞുപോകുന്നതുപോലെ മരിക്കാനാണ് എനിക്കാഗ്രഹം' എന്നെഴുതിയ എം.ടി, ഒരു തിരിനാളം പോലെ അണയും വരെ കേരളത്തിനും മലയാളിക്കും അക്ഷരങ്ങള്‍കൊണ്ട് പ്രകാശം നല്‍കി. കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയില്‍ നിന്നും പടിയിറങ്ങി സ്മൃതി പഥത്തിലേക്ക് എംടി എത്തും. മാവൂര്‍റോഡിലെ പൊതുശ്മശാനം 'സ്മൃതിപഥം' എന്ന പേരിട്ട് പുതുക്കിപ്പണിത് ദിവസങ്ങളേ ആയിട്ടുള്ളൂ. സ്മൃതിപഥത്തിലേക്ക് ആദ്യത്തെ വിലാപയാത്ര എം.ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ളതാണ് എന്നതും കാലത്തിന്റെ നിയോഗമായി മാറും.

എംടിയുടെ ആഗ്രഹപ്രകാരം പൊതുദര്‍ശനം ഒഴിവാക്കി. വാതകം ഉപയോഗിച്ച് ദഹിപ്പിക്കുന്ന മൂന്ന് ചൂളകളും പരമ്പരാഗത രീതിയില്‍ ദഹിപ്പിക്കാനുള്ള രണ്ടു ചൂളകളുമാണ് മാവൂര്‍ റോഡ് ശ്മശാനത്തില്‍ പുതുതായി നിര്‍മിച്ചത്. കര്‍മങ്ങള്‍ ചെയ്യാനും ദേഹശുദ്ധി വരുത്താനുമായി പ്രത്യേകം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനു സമീപം മനുഷ്യന്റെ ജനനം, ജീവിതം, മരണം എന്നിവ ചിത്രീകരിച്ച ചുമര്‍ചിത്രങ്ങളുമുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടന്നത്.

നാല് വാതക ചൂള, ഒരു വൈദ്യുതി ചൂള, രണ്ട് പരമ്പരാഗത ചൂള എന്നിവയുള്‍പ്പെടുത്തിയാണ് നവീകരിച്ചത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ പുകയോ ഗന്ധമോ പുറത്തുവരില്ല. സംസ്‌കാരശേഷം 60 ദിവസംവരെ ചിതാഭസ്മം സൂക്ഷിക്കുന്നതിനുള്ള ലോക്കറുകള്‍, സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ വഴി സംസ്‌കാര നടപടി തല്‍സമയം കാണാനുള്ള സൗകര്യം, സംസ്‌കാര സാധനങ്ങള്‍ കിട്ടുന്ന കിയോസ്‌ക്, 24 മണിക്കൂറും സെക്യൂരിറ്റി, അനുസ്മരണ ചടങ്ങുകള്‍ക്ക് ഹാള്‍ എന്നിവയാണ് സവിശേഷതകള്‍.

2020 ഒക്ടോബറിലാണ് എംഎല്‍എ ഫണ്ടും കോര്‍പറേഷന്‍ ഫണ്ടും ഉപയോഗിച്ച് ശ്മശാനം നവീകരിക്കാന്‍ തീരുമാനിച്ചത്. സംസ്‌കാരം നടക്കുമ്പോള്‍ പുകയും ഗന്ധവും നഗരപരിസരത്ത് വ്യാപിച്ചിരുന്നു. പിന്നീട് ഇലക്ട്രിക് ശ്മശാനത്തില്‍ മാത്രമായിരുന്നു സംസ്‌കാരം. ഇത് കേടായതോടെ ഒന്നര വര്‍ഷമായി സംസ്‌കാരം മുടങ്ങി. അതിന് ശേഷമാണ് നവീകരണം തുടങ്ങിയത്.

വലിയ പ്രതിസന്ധി നിന്നിരുന്ന വെള്ളക്കെട്ട് ഒഴിവാക്കാന്‍ തറ ഒരു മീറ്ററിലധികം ഉയര്‍ത്തിയാണ് നവീകരണം. 5,?250 ചതുരശ്ര അടിയിലാണ് ശ്മശാനം നവീകരിച്ചിരിക്കുന്നത്. പരമ്പരാഗത രീതിയില്‍ സംസ്‌കാരം നടത്താനും കുളിക്കാനും മറ്റാവശ്യങ്ങള്‍ക്കുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2020ല്‍ അടച്ചിട്ട ശ്മശാനം ഭാഗിക നവീകരണം നടത്തി തുറന്നെങ്കിലും ഇലക്ട്രിക് ശ്മശാനത്തിലെ ഫര്‍ണസ് തകരാറിലായതോടെ പൂര്‍ണമായും അടക്കുകയായിരുന്നു.

വാതക ശ്മശാനത്തില്‍ വാതകം ചോര്‍ന്ന് തീ പിടിച്ചിരുന്നു. ഇത് പരിഹരിച്ചെങ്കിലും തറഭാഗം തകര്‍ന്നതിനാല്‍ വെള്ളം കയറി വീണ്ടും പ്രവര്‍ത്തനം മുടങ്ങി. ഇതോടെയാണ് വാതക ശ്മശാനവും അടച്ചത്.

Tags:    

Similar News