തൃശ്ശൂര്‍ മുന്‍ ജില്ലാ സഹകരണ ബാങ്കില്‍ 143 കോടിയുടെ വായ്പത്തട്ടിപ്പെന്ന് ഇ.ഡി; ക്രമക്കേടുകള്‍ നടന്നത് കെ.പി.സി.സി. അംഗം എം.കെ. അബ്ദുള്‍ സലാം പ്രസിഡന്റായ കാലയളവില്‍; 70 കോടിയുടെ വസ്തുക്കള്‍ കണ്ടുകെട്ടും

തൃശ്ശൂര്‍ മുന്‍ ജില്ലാ സഹകരണ ബാങ്കില്‍ 143 കോടിയുടെ വായ്പത്തട്ടിപ്പെന്ന് ഇ.ഡി

Update: 2024-09-20 02:21 GMT

കൊച്ചി: മുന്‍ തൃശ്ശൂര്‍ ജില്ലാ സഹകരണബാങ്കില്‍ 143.42 കോടിയുടെ വായ്പത്തട്ടിപ്പ് നടന്നെന്ന് കണ്ടെത്തിയതായി ഇ.ഡിയുടെ കണ്ടെത്തല്‍. ബാങ്ക് മുന്‍ പ്രസിഡന്റും കെ.പി.സി.സി. അംഗവുമായ എം.കെ. അബ്ദുള്‍ സലാമും ബാങ്ക് ഉദ്യോഗസ്ഥരും സ്വകാര്യസ്ഥാപനങ്ങളും ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ ഞെട്ടലില്‍ നില്‍ക്കുമ്പോഴാണ് മറ്റൊരു ഞെട്ടിക്കുന്ന തട്ടിപ്പു വിവരവും പുറത്തുവരുന്നത്. ഇവിടെ പ്രതിസ്ഥാനത്ത് കോണ്‍ഗ്രസ് നേതാവാണെന്ന് മാത്രേം.

തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങളുടെ 70 കോടി മൂല്യംവരുന്ന സ്ഥാവരജംഗമവസ്തുക്കള്‍ ഉടന്‍ കണ്ടുകെട്ടും. അറസ്റ്റിനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല. 2013 മുതല്‍ 2017 വരെ അബ്ദുള്‍ സലാം പ്രസിഡന്റായിരുന്ന കാലയളവിലെ നടപടികളിലാണ് അന്വേഷണം നടന്നത്. ഇക്കാലയളവില്‍ വാരിക്കോരി വായ്പ്പ നല്‍കുകയുണ്ടായി എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

തൃശ്ശൂരിലെ നന്ദനം ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, വാസ്തുഹാര ഡിവലപ്പേഴ്സ് ആന്‍ഡ് റിയല്‍ എസ്റ്റേറ്റ് ലിമിറ്റഡ്, ജയ ജൂവലേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ജീകെ പ്യൂരിഫയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, മാന്‍ഫോര്‍ഡ് എക്സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ലിഷ റീജന്‍സി ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ്, കൃഷ്ണ റിട്രീറ്റ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്ക് ബാങ്ക് ചട്ടങ്ങള്‍ മറികടന്ന് 46.5 കോടി വായ്പനല്‍കിയെന്നാണ് ഇ.ഡി. പറയുന്നത്.

വായ്പ നിര്‍ദിഷ്ട ആവശ്യത്തിന് ഉപയോഗിക്കാതെ വകമാറ്റിയതായും ഇ.ഡി. കണ്ടെത്തി. ബാങ്കിലേക്ക് 10 കോടി രൂപയ്ക്കുമുകളില്‍ വായ്പത്തിരിച്ചടവ് വീഴ്ചവരുത്തിയ സ്ഥാപനങ്ങളാണ് ഇവയെല്ലാം. 2024 ജൂണിലെ കണക്കുപ്രകാരം 143.42 കോടി രൂപ ഇതിലൂടെ ബാങ്കിന് നഷ്ടമുണ്ടായി എന്നും പറയുന്നു. അബ്ദുള്‍ സലാമിന്റേതുള്‍പ്പെടെ തൃശ്ശൂരിലെ 11 ഇടങ്ങളില്‍ ഈ മാസം ആറിന് ഇ.ഡി. സംഘം റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി ഇപ്പോള്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

Tags:    

Similar News