ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതി എല്ലാ പാര്‍ട്ടികളിലും പെട്ട 220 എംപിമാര്‍; ഫ്രാന്‍സിന്റെ പിന്നാലെ രണ്ടു രാജ്യ പരിഹാരം നിര്‍ദേശിച്ച് ബ്രിട്ടനും; പാശ്ചാത്യ രാജ്യങ്ങളുടെ ചുവടെ മാറ്റത്തില്‍ പ്രതീക്ഷയോടെ ഫലസ്തീന്‍ ജനത
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതി എല്ലാ പാര്‍ട്ടികളിലും പെട്ട 220 എംപിമാര്‍
ലണ്ടന്‍: ഫ്രാന്‍സിന് പിന്നാലെ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണം എന്ന ആവശ്യവുമായി ബ്രിട്ടനിലെ എം.പിമാരും. എല്ലാ പാര്‍ട്ടികളിലും പെട്ട 220 എം.പിമാരാണ് ഇക്കാര്യം ആവശ്യപ്പെട്ട് കത്തെഴുതിയിരിക്കുന്നത്. ഫ്രാന്‍സിനെ പോലെ ദ്വിരാഷ്ട്ര പരിഹാരം തന്നെയാണ് ബ്രിട്ടനിലെ എം.പിമാരും ആവശ്യപ്പെട്ടിരിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ ഈ അപ്രതീക്ഷിത ചുവടുമാറ്റത്തില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഫലസ്തീന്‍ ജനത. ഒമ്പത് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള എം.പിമാരാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്.
ബ്രിട്ടന്‍ ഇക്കാര്യം അംഗീകരിച്ചത് ഒരു ശക്തമായ സന്ദേശമാണ് നല്‍കുന്നതെന്നാണ് ഈ എം.പിമാര്‍ വാദിക്കുന്നത്. ഇക്കാര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും ജര്‍മ്മനിയുടെ ഫ്രെഡറിക് മെര്‍സുമായും ബ്രി്ട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ഫലസ്തീന്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ആത്യന്തികമായി ദ്വിരാഷ്ട്ര പരിഹാരത്തിന് ആസ്പദമായ വിശാലമായ പദ്ധതിയുടെ ഭാഗമായിട്ടാകണം എന്നാണ് അദ്ദേഹത്തിന്റെയും നിലപാട്.
ബ്രിട്ടന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളോടൊപ്പം യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തുന്ന പ്രായോഗിക പരിഹാരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ഈ മേഖലയില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള ഒരു പാതയിലാണ് വിശ്വസിക്കുന്നതെന്ന് കീര്‍ സ്റ്റാമര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടാതെ വെടിനിര്‍ത്തലിനെ ശാശ്വത സമാധാനമാക്കി മാറ്റാന്‍ എല്ലാവരും ശ്രമിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതും ഇതിന്റെ ഭാഗമായിട്ടായിരിക്കണം എന്നും നിര്‍ദ്ദേശിച്ചു.
ഫലസ്തീനികള്‍ക്ക് ഭക്ഷണവും അടിയന്തര വൈദ്യസഹായവും എത്രയും വേഗം ലഭ്യമാക്കണമെന്നും ബ്രിട്ടന്‍ ആവശ്യപ്പെട്ടു. കുട്ടികളുനടെ കാര്യത്തിലും ഇക്കാര്യം അടിയന്തരമായി ചെയ്യണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ മാനുഷിക ദുരന്തം അവസാനിപ്പിക്കണം എന്നും അദ്ദേഹം സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. ഫലസ്തീന്‍കാര്‍ക്ക് അടിയന്തിര സഹായം വിമാനമാര്‍ഗം എത്തിക്കുന്നതിനെ കുറിച്ച് ജോര്‍ദ്ദാന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടന്‍ വ്യക്തമാക്കിയിരുന്നു.
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗം പറയുന്നതനുസരിച്ച്, കഴിഞ്ഞ രണ്ട് മാസത്തിനിടെ ഭക്ഷ്യസഹായം ലഭിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇസ്രായേല്‍ സൈന്യം 1,000-ത്തിലധികം ഫലസ്തീനികളെ വധിച്ചു എന്നാണ്. എന്നാല്‍ തങ്ങളുടെ സൈന്യം മുന്നറിയിപ്പ് വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നും സാധാരണക്കാരെ മനഃപൂര്‍വ്വം വെടിവയ്ക്കാറില്ലെന്നുമാണ് ഇസ്രായേല്‍ വാദിക്കുന്നത്.
സെപ്റ്റംബറില്‍ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്നാണ് കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയിരുന്നത്.
സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്നും മക്രോണ്‍ അറിയിച്ചു. എന്നാല്‍, ഫ്രാന്‍സിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് യുഎസും ഇസ്രയേലും രംഗത്തെത്തിയിരുന്നു. ഒക്ടോബര്‍ 7-നുണ്ടായ ആക്രമണത്തിനിരയായവരുടെ മുഖത്തടിയ്ക്കുന്നതിനു സമാനമായ നീക്കമാണ് ഫ്രാന്‍സിന്റെ നിലപാടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ പറഞ്ഞു. ഹമാസിനെ പിന്തുണയ്ക്കുന്നതാണ് ഫ്രാന്‍സിന്റെ തീരുമാനമെന്നും റൂബിയോ കൂട്ടിച്ചേര്‍ത്തു. ഭീകരവാദത്തിനുള്ള പ്രതിഫലവും ഇസ്രയേലിന്റെ അസ്തിത്വത്തിന് ഭീഷണിയുമാണ് പലസ്ത്രീനെ രാഷ്ട്രമായി അംഗീകരിക്കുന്ന നടപടിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. അതേസമയം, ഫ്രാന്‍സിന്റെ നിലപാടിനെ ഹമാസ് സ്വാഗതം ചെയ്തു.