'ഗോള്‍ഡ് അപ്പോളോ'യുടെ പേരിലുള്ള പേജറുകള്‍; ഓരോ പേജറിലും സ്ഥാപിച്ചത് മൂന്ന് ഗ്രാം സ്‌ഫോടക വസ്തു; പ്രത്യേക കോഡ് എത്തിയതോടെ പൊട്ടിത്തെറിച്ചത് 3000 പേജറുകള്‍; ഹിസ്ബുല്ലയെ തകര്‍ത്തത് മൊസാദിന്റെ മാസങ്ങള്‍ നീണ്ട പ്ലാനിംഗില്‍; അമ്പരന്ന് ലോകവും
ഓരോ പേജറിലും സ്ഥാപിച്ചത് മൂന്ന് ഗ്രാം സ്‌ഫോടക വസ്തു
ബെയ്‌റൂത്ത്: ലോകത്തെ ഞെട്ടിക്കുന്ന വിധത്തില്‍ ഓപ്പറേഷനുകള്‍ നടത്തിയ ചരിത്രമുണ്ട് മൊസാദിന്. തങ്ങളാണ് ഇത് ചെയ്തതെന്ന് വ്യക്തമാക്കും വിധത്തിലാണ് ഇസ്രായേല്‍ ചാരസംഘടനയുടെ ഓരോ ഓപ്പറേഷനും. മ്യൂണിക് ഭീകരരെ വര്‍ഷങ്ങളോളം തിരഞ്ഞു കണ്ടെത്തി കൊലപ്പെടുത്തിയത് അതിത്രില്ലറുകളായ സിനിമക്കഥകളെ പോലും വെല്ലുന്നതാണ്. ഇറാനിസലെ ഉന്നത നേതാക്കളെയും ഹമാസ് നേതാവ് ഹനിയ്യയെയും കൊലപ്പെടുത്തിയത് മൊസാദിന്റെ മിടുക്കിന് തെളിവാണ്. ഇപ്പോഴിതാ ലെബനനില്‍ പേജറുകളില്‍ കൂട്ട സ്‌ഫോടനം നടത്തി ലോകത്തെ അമ്പരപ്പിച്ചിരിക്കയാണ് ഇസ്രായേല്‍. തങ്ങളാണ് ഇത് ചെയ്തതെന്ന് മൊസാദ് സമ്മതിച്ചിട്ടില്ലെങ്കിലും ഇത് ചെയ്യാന്‍ ശേഷി മറ്റാര്‍ക്കും ഇല്ലെന്ന് ലോകം ഉറപ്പിക്കുകയാണ്.
മാസങ്ങള്‍ നീണ്ടു നിന്ന വിശദമായ ഓപ്പറേഷനാണ് മൊസാദ് നടത്തിയതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഹാക്കിംഗല്ല സംഭവിച്ചത് മറിച്ച് സമര്‍ഥമായ ഓപ്പറേഷനാണ് നടന്നതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ലബനാനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചത് തായ്‌വാന്‍ കമ്പനിയുടെ പേരിലാണെന്നാണ് റിപ്പോര്‍ട്ടകള്‍. ഇതില്‍ ഇസ്രായേലി ചാരസംഘടനയായ മൊസാദ് ചെറിയ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് ലബനാനിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. ഈ പേജറുകളില്‍ മൂന്ന് ഗ്രാം സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിരുന്നു എന്നാണ് വാര്‍ത്ത.
5000 പേജറുകളാണ് ലബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ല മാസങ്ങള്‍ക്ക് മുമ്പ് വാങ്ങിയത്. ലബനാനില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇതില്‍ കൃത്രിമം നടന്നെന്നാണ് വിവരം. തായ്വാന്‍ കമ്പനിയായ ഗോള്‍ഡ് അപ്പോളോയുടെ പേരിലുള്ള പേജറുകളാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍, ഈ പേജറുകള്‍ തങ്ങള്‍ നിര്‍മിച്ചതല്ലെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. തങ്ങളുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയുള്ള യൂറോപ്പിലെ ബിഎസി എന്ന കമ്പനിയാണ് ഇത് നിര്‍മിച്ചതെന്നും അവര്‍ അറിയിച്ചു.
മാസങ്ങള്‍ നീണ്ട ആസൂത്രണം
മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഇത്തരമൊരു സ്‌ഫോടനം മൊസാദ് നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സംവിധാനം എന്താണെന്ന് അവര്‍ കൃത്യമായി മനസ്സിലാക്കി. അതിന് ശേഷമാണ് ആസൂത്രണങ്ങള്‍ നടത്തിയത്. 2024 മാര്‍ച്ചിനും മെയിനും ഇടക്കാണ് പേജറുകള്‍ ലെബനാനിലെത്തുന്നത്. എപി924 എന്ന മോഡലാണ് പൊട്ടിത്തെറിച്ചതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. സന്ദേശങ്ങള്‍ അയക്കാനും വായിക്കാനും സാധിക്കുന്ന ഈ പേജര്‍ ഉപയോഗിച്ച് ഫോണ്‍ വിളിക്കാന്‍ സാധ്യമല്ല.
ഇസ്രായേലിന്റെ നിരീക്ഷണത്തില്‍നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഹിസ്ബുല്ല പോരാളികള്‍ ആശയവിനിമയത്തിന് പേജറുകള്‍ ഉപയോഗിക്കുന്നത്. ഏറെ പഴക്കം ചെന്ന സാങ്കേതിക വിദ്യായാണിത്. പേജറുകള്‍ നിര്‍മിക്കുന്ന സമയത്ത് തന്നെ മൊസാദ് കൃത്രിമത്വം കാണിച്ചിട്ടുണ്ടാകുമെന്ന് സുരക്ഷാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സ്‌ഫോടക വസ്തുവടങ്ങിയ ബോര്‍ഡ് ഇതിനകത്ത് സ്ഥാപിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിന് പ്രത്യേക കോഡും സ്വീകരിക്കാന്‍ സാധിക്കുമായിരുന്നു. ഏതെങ്കിലും വിധത്തില്‍ സ്‌ഫോടക വസ്തു കണ്ടെത്തുക എന്നത് ഏറെ പ്രയാസകരമാണ്. സ്‌കാനിങ് യന്ത്രങ്ങള്‍ക്കും മറ്റു ഉപകരണങ്ങള്‍ക്കും ഇത് കണ്ടെത്താന്‍ സാധിച്ചില്ല.
മൊസാദ് പ്രത്യേക കോഡ് അയച്ചതോടെ 3000 പേജറുകളിലെ സ്‌ഫോടക വസ്തുക്കള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സായിയ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഈ പേജറുകളില്‍ മൂന്ന് ഗ്രാം സ്‌ഫോടകവസ്തുവാണ് സൂക്ഷിച്ചതെന്നും മാസങ്ങളോളം ഇത് ഹിസ്ബുല്ലക്ക് കണ്ടെത്താന്‍ സാധിച്ചില്ലെന്നും ലബനാനിലെ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി.
മുമ്പും സമാനമായ ഓപ്പറേഷന്‍ മൊസാദ് നടത്തിയട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 1996ല്‍ ഹമാസിന്റെ മുതിര്‍ന്ന നേതാവ് യഹ്‌യ അയ്യാഷിനെ ഇത്തരത്തിലാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്. അതേസമയം, പേജറിലെ ബാറ്ററി അമിതമായി ചൂടാക്കി പൊട്ടിത്തെറിപ്പിച്ചെന്ന തിയറിയും ഉയരുന്നുണ്ട്. പൂര്‍ണമായും ചാര്‍ജുള്ള 50 ഗ്രാം ലിഥിയം അയണ്‍ ബാറ്ററി ഏഴ് ഗ്രാം ടിഎന്‍ടിക്ക് തുല്യമായ താപം സ്‌ഫോടനത്തിലൂടെ ഉല്‍പ്പാദിപ്പിക്കും. ലിഥിയം അയണ്‍ ബാറ്ററിയെ ഷോര്‍ട്ട് സര്‍ക്യൂട്ട് ചെയ്താല്‍ അത് വളരെ വേഗത്തില്‍ ചൂടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തെക്കന്‍ ലെബനന്‍, ബെകാവാലി, ബെയ്റൂട്ട്, സിറിയന്‍ തലസ്ഥാനം എന്നിവിടങ്ങളിലായി ആയിരക്കണക്കിന് പേജറുകളില്‍ ഒരേസമയമാണ് ബാറ്ററികള്‍ പൊട്ടിത്തെറിച്ചത്. മുമ്പെങ്ങും കേട്ടിട്ടില്ലാത്ത ആക്രമണതന്ത്രം. അതിവിദഗ്ധമായാണ് ഇത് നടപ്പിലാക്കിയത്.
ഹിസ്ബുള്ളക്ക് തിരിച്ചടി, പ്രതികരിക്കാതെ ഇസ്രായേല്‍
ആക്രമണത്തിന് പൂര്‍ണ ഉത്തരവാദി ഇസ്രയേലാണെന്ന് ഹിസ്ബുള്ള ആരോപിക്കുന്നത്. ആക്രമണം നടത്തിയത് ഇസ്രയേലാണെങ്കില്‍ അതിനായി അവരുടെ ചാരസംഘടനയായ മൊസാദ് പേജറുകളുടെ ഉത്പാദന-വിതരണ സമയംമുതലുള്ള ഘട്ടങ്ങളില്‍തന്നെ ഇടപെട്ടിട്ടുണ്ടെന്നുവേണം അനുമാനിക്കാന്‍. ഇസ്രയേലിന് തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ളയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഇസ്രായേല്‍ ഇതില്‍ പ്രതിരകരിച്ചിട്ടില്ല.
അപ്രതീക്ഷിത ആക്രമണത്തിന്റെ ആഘാതത്തിലാണ് ഹിസ്ബുല്ല. ഒക്ടോബര്‍ ഏഴിന് ശേഷം നിരന്തരം ഇസ്രായേലിന് നേരെ ഹിസ്ബുല്ല ആക്രമണം നടത്തുന്നുണ്ട്. തിരിച്ചുള്ള ആക്രമണത്തില്‍ ഹിസ്ബുല്ലക്ക് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. പല മുതിര്‍ന്ന നേതാക്കളും കൊല്ലപ്പെട്ടു. എന്നാല്‍, പേജറുകള്‍ പൊട്ടിത്തെറിച്ച സംഭവം വലിയ സുരക്ഷാ വീഴ്ചയായിട്ടാണ് ഹിസ്ബുല്ല കാണുന്നത്. പതിറ്റാണ്ടുകള്‍ക്കിടെ ഹിസ്ബുല്ല നേരിട്ട ഏറ്റവും വലിയ ഇന്റലിജന്റ്‌സ് പരാജയമാണിതെന്ന് അമേരിക്കയുടെ മുന്‍ ദേശീയ ഇന്റലിജന്‍സ് ഓഫീസര്‍ ജൊനാതന്‍ പെയിന്‍കോഫ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ ഇസ്രായേലാണെന്നും കനത്ത തിരിച്ചടി നല്‍കുമെന്നും ഹിസ്ബുല്ല മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
നടുങ്ങി ലോകരാജ്യങ്ങലും, സാമ്പത്തിക രംഗത്തും ഭീതി
ലബനാന് നേരെയുള്ള സൈബര്‍ ആക്രമണത്തെ വിവിധ രാജ്യങ്ങള്‍ അപലപിച്ചിട്ടുണ്ട്. ജനങ്ങളെ ഭയപ്പെടുത്താന്‍ വിപുലമായ രീതിയിലുള്ള ആക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് വെനുസ്വല കുറ്റപ്പെടുത്തി. അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനമാണ് ഈ കുറ്റകൃത്യങ്ങള്‍ക്കും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങള്‍ക്കും കാരണമെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്നതാണ് പുതിയ ആക്രമണമെന്ന് ക്യൂബന്‍ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് സംഭവത്തെ അപലപിച്ച് കൊണ്ട് പറഞ്ഞു. ഇത് മേഖലയില്‍ ഗുരുതരവും പ്രവചനാതീതവുമായ പ്രത്യാഘാതാമാണ് സൃഷ്ടിക്കുകയയെന്നും വ്യക്തമാക്കി. ആരോഗ്യ സംവിധാനങ്ങളടക്കമുള്ള എല്ലാവിധ പിന്തുണയും ലെബനാന് നല്‍കുമെന്ന് ഇറാന്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ പ്രത്യേക വിമാനത്തില്‍ ഇറാനിലേക്ക് കൊണ്ടുപോകാനുള്ള സന്നദ്ധതയും അറിയിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് തെക്കന്‍ ബൈറൂത്തിലും ലബനാനിലെ നിരവധി പ്രദേശങ്ങളിലും ഒരേസമയം 'നിഗൂഢ സ്ഫോടന'ങ്ങളുണ്ടായത്. ലബനാനിലെ ഇറാന്‍ അംബാസഡര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. കടയിലും റോഡിലും ആശുപത്രിയിലും നില്‍ക്കുന്നവരുടെ പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് പേജര്‍ പൊട്ടിത്തെറിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ എട്ടുവയസ്സുകാരി ബാലികയും ഉള്‍പ്പെടും. 200 പേരുടെ നില ഗുരുതരമാണ്. ലബനാനിലെ ഇറാന്‍ അംബാസഡറായ മുജ്തബ അമാനിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എല്ലാ വസ്തുതകളും വിശകലനം ചെയ്തപ്പോള്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍തന്നെയാണെന്ന് വ്യക്തമായെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ഫലസ്തീനുള്ള പിന്തുണ തുടരും. ഇസ്രായേല്‍ നടപടിക്ക് തീര്‍ച്ചയായും ശിക്ഷ നല്‍കും -ഹിസ്ബുല്ല പ്രസ്താവനയില്‍ വ്യക്തമാക്കി. ഇത് ഇസ്രായേല്‍ അധിനിവേശമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് നേര്‍ക്കുള്ള ആക്രമണമാണെന്നും ലബനാന്‍ മന്ത്രിസഭ അഭിപ്രായപ്പെട്ടു. ആക്രമണം അന്താരാഷ്ട്ര സമൂഹം നോക്കിനില്‍ക്കരുതെന്ന് വാര്‍ത്ത വിനിമയ മന്ത്രി സിയാദ് മകരി പറഞ്ഞു.
അതേസമയം യുക്രെന്‍- റഷ്യ, ഇസ്രായേല്‍ -ഗാസ യുദ്ധം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ലോക സാമ്പത്തിക രംഗത്തും ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. സാങ്കേതിക രംഗത്തെ കൂടുതല്‍ ആശങ്കയ്ക്ക് ഇടവെക്കുന്നു. സൈബറിടങ്ങളിലും ഭീതി ഉണ്ടാകുന്ന അവസ്ഥയാണുള്ളത്. ഇപ്പോഴത്തെ ശ്രമങ്ങള്‍ ലോക വിപണിയെ ഏതുവിധത്തില്‍ സ്വാധീനിക്കുമെന്നാണ് അറിയേണ്ട കാര്യം.