അറിയപ്പെടുന്നത് ബസവരാജ് അടക്കം എട്ടുപേരുകളില്‍; ഛത്തീസ്ഗഡ് സര്‍ക്കാര്‍ അടക്കം വിവിധ സര്‍ക്കാരുകള്‍ തലയ്ക്ക് വിലയിട്ടിരുന്നത് ഒരുകോടി; നാരായണ്‍പൂരിലെ കടുത്ത പോരാട്ടത്തില്‍ ബസവ് രാജും മറ്റു ഉന്നത നേതാക്കളും അടക്കം 30 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന
ഛത്തീസ്ഗഡില്‍ 30 മാവോയിസ്റ്റുകളെ വധിച്ചു
റായ്പുര്‍: ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ ഉന്നത നേതാവ് അടക്കം 30 പേര്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മൂന്നുദിവസമായി നടന്ന ഓപ്പറേഷനിലാണ് ഇവരെ വധിച്ചത്. കൊല്ലപ്പെട്ടവരില്‍ സിപിഐ മാവോയിസ്റ്റ് നേതാവ് നമ്പാല കേശവ റാവു അഥവാ ബസവരാജും ഉള്‍പ്പെടുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് നാരായണ്‍പൂരിലായിരുന്നു ഓപ്പറേഷന്‍. ഇവിടുത്തെ നക്‌സല്‍ വിരുദ്ധ പോരാട്ടത്തില്‍ വന്‍തോതിലുള്ള ആയുധശേഖരവും കണ്ടെടുത്തു.
ബസവരാജിനെ കൂടാതെ മറ്റുമുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളെയും വധിച്ചതായി ഛത്തീസ്ഗഡ് സര്‍ക്കാരും സിആര്‍പിഎഫ് വൃത്തങ്ങളും അറിയിച്ചു. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തിരിച്ചറിഞ്ഞ ശേഷം ഔദ്യോഗിക പട്ടിക പുറത്തുവിടും. നാരായണ്‍പുര്‍ ജില്ലയിലെ അബുജംദ് വനമേഖലയില്‍ ബുധനാഴ്ച രാവിലെയാണ് മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മുതിര്‍ന്ന മാവാവോദി നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഛത്തീസ്ഗഢ് പോലീസിന്റെ ജില്ലാ റിസര്‍വ് ഗാര്‍ഡ്(ഡിആര്‍ജി) അംഗങ്ങള്‍ വനമേഖലയില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് മാവോവാദികള്‍ ജവാന്മാര്‍ക്ക് നേരേ വെടിയുതിര്‍ത്തെന്നും ഇതോടെ സുരക്ഷാസേന തിരിച്ചടിച്ചെന്നുമാണ് റിപ്പോര്‍ട്ട്. നാരായണ്‍പുര്‍, ബിജാപുര്‍, ദന്തേവാഡ ജില്ലകളില്‍നിന്നുള്ള ഡിആര്‍ജി അംഗങ്ങളാണ് ബുധനാഴ്ചത്തെ ഓപ്പറേഷനില്‍ പങ്കെടുത്തത്.
68 കാരനായ ബസവരാജ് സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി. കേന്ദ്ര സൈനിക കമ്മീഷന്‍ എന്നിവയില്‍ അംഗവുമാണ്. തെലങ്കാനയിലെ ശ്രീകാകുളം ജില്ലായിലെ ജിയന്നപെട്ട സ്വദേശിയാണ് ബസവ് രാജ്. വാറങ്കലിലെ റീജണല്‍ എഞ്ചിനിയറിങ് കോളേജിലെ എഞ്ചിനീയറിങ് ബിരുദധാരിയാണ്. ഇയാളുടെ തലയ്ക്ക് 1 കോടിയാണ് എന്‍ഐഎയും ഛത്തീസ്ഗഡ് സര്‍ക്കാര്‍ അടക്കം വിവിധ സര്‍ക്കാരുകളും വിലയിട്ടിരുന്നത്.
ബസവ് രാജ് ഇതല്ലാതെ 8 പേരുകളിലെങ്കിലും അറിയപ്പെടുന്നു. ഗഗണ്ണ, പ്രകാശ്, കൃഷ്ണ, വിജയ്, ബസവ രാജ്, ഉമേഷ്, രാജു, കാംലു എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഇയാള്‍ മുന്‍കാല മാവോയിസ്റ്റ് നേതാവ് ഗണപതിയില്‍ നിന്നാണ് ചുമതലയേറ്റത്. 1970 മുതല്‍ നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു.