സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പന്തലൊരുങ്ങുന്നത് 70,000 സ്‌ക്വയര്‍ ഫീറ്റില്‍; 10,000 പേര്‍ക്ക് ഇരുന്നും 5,000 പേര്‍ക്ക് നിന്നും പരിപാടികള്‍ കാണാം: വേദികളുടെ അകത്ത് വണ്ടികള്‍ കയറുന്നത് പാസിന്റെ അടിസ്ഥാനത്തില്‍; 25 വേദികളില്‍ 249 മത്സരങ്ങള്‍; 63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ ഇങ്ങനെ

Update: 2024-12-31 02:39 GMT

തിരുവനന്തപുരം: 63ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പന്തലൊരുങ്ങുന്നത് 70,000 സ്‌ക്വയര്‍ ഫീറ്റില്‍. സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. 10,000 ഇരിപ്പിടങ്ങളൊരുക്കും. 5,000 പേര്‍ക്ക് നിന്നുകൊണ്ടും മത്സരങ്ങള്‍ കാണാം. വേദികളുടെ അകത്ത് വണ്ടികള്‍ കയറുന്നത് പാസിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. 2025 ജനുവരി ഒന്നാം തീയതി നാലുമണിക്ക് പ്രധാന വേദിയുടെ പണി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ജനുവരി നാലുമുതല്‍ എട്ടുവരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മന്ത്രി വി ശിവന്‍കുട്ടി. മേളയുടെ ഉദ്ഘാടനം ജനുവരി നാലിന് രാവിലെ 10ന് മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒന്‍പതര മിനിറ്റ് ദൈര്‍ഘ്യമുള്ള കലോത്സവ സ്വാഗതഗാനത്തോടൊപ്പം കേരളകലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്‌കാരം വേദിയില്‍ അവതരിപ്പിക്കും.

വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ഥികള്‍ നൃത്തശില്‍പ്പമൊരുക്കും. നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരങ്ങള്‍. പതിനയ്യായിരംപേര്‍ പങ്കെടുക്കും. പ്രചാരണത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും കലോത്സവ പോസ്റ്ററുകള്‍, ബാനര്‍ എന്നിവ പ്രദര്‍ശിപ്പിക്കും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പന്തലൊരുങ്ങുന്നത് 70,000 സ്‌ക്വയര്‍ ഫീറ്റില്‍.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രധാന വേദിയില്‍ പന്തല്‍ നിര്‍മാണം അവസാന ഘട്ടത്തിലെത്തി. പ്രധാന വേദിയും സമീപത്തെ പവിലിയനുകളും ഉള്‍പ്പെടെ ഏകദേശം ഒരു ലക്ഷം ചതുരശ്ര അടിയിലാണ് സെന്‍ട്രല്‍ സ്റ്റേഡിയം സജ്ജമാകുന്നത്. മുന്‍കാലങ്ങളില്‍ നിന്നു വ്യത്യസ്തമായി അലുമിനിയം ജര്‍മന്‍ ഹാങ്ങര്‍ ടെന്റ് പന്തലാണ് ഇത്തവണ ഉയരുന്നത്. അലുമിനിയം ചട്ടക്കൂടില്‍ പിവിസി കോട്ടിങ് ഉള്ള ഷീറ്റ് ഉപയോഗിച്ചു മേല്‍ക്കൂര തീര്‍ക്കുന്നതാണ് ഈ പന്തല്‍. 12,000 കസേരകള്‍ വരെ നിരത്താന്‍ കഴിയുന്ന പന്തലിനെ ശക്തമായ മഴയുള്ളപ്പോള്‍ ആവശ്യമെങ്കില്‍ എളുപ്പത്തില്‍ കൂട്ടിച്ചേര്‍ക്കാവുന്ന വശങ്ങളിലെ ഷീറ്റുകള്‍ ഉപയോഗിച്ച് ക്ലോസ്ഡ് ഓഡിറ്റോറിയമായി മാറ്റാനും കഴിയുമെന്നു പന്തല്‍ കരാറുകാര്‍ പറഞ്ഞു.

വളരെ വേഗം പന്തല്‍ നിര്‍മിക്കാമെന്നതു പോലെ തീ പിടിത്തത്തെയും കാറ്റിനെയും പ്രതിരോധിക്കാനും ശേഷിയുള്ളതാണ് പ്രധാന പന്തലും പാചകപ്പുരയും. പ്രധാന വേദിയില്‍ 30 ഗ്രീന്‍ റൂം, സമീപത്തായി 40 ശുചിമുറികള്‍ തുടങ്ങിയവയുമുണ്ടാകും. ഇരുപതോളം കേന്ദ്രങ്ങളില്‍ ഫില്‍റ്റര്‍ ചെയ്ത ശുദ്ധജലം ലഭിക്കുന്ന പൈപ് കണക്ഷനുമുണ്ടാകും.

സ്വര്‍ണക്കപ്പ് ഇന്ന് കാസര്‍കോടുനിന്നും പുറപ്പെട്ട് തിരുവനന്തപുരം നഗരാതിര്‍ത്തിയില്‍ മൂന്നിന് പ്രവേശിക്കും. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വീകരണം ഒരുക്കും. 30, 31 തീയതികളില്‍ സ്‌കൂള്‍ തലത്തില്‍ കലോത്സവത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കും. ജനുവരി മൂന്നിന് വൈകിട്ട് മുതല്‍ ഭക്ഷണം വിതരണം ചെയ്തുതുടങ്ങും.

Tags:    

Similar News