മലയാള സിനിമയുടെ അഭിമാന നിമിഷം; ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം രാഷ്ട്രപതിയില്‍നിന്നും ഏറ്റുവാങ്ങി മോഹന്‍ലാല്‍; 'എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ' എന്ന് സദസില്‍ നിറകയ്യടിക്കിടെ പ്രതികരണം; ഉര്‍വശിക്കും വിജയരാഘവനും ദേശീയ അവാര്‍ഡിന്റെ നിറവില്‍; പുരസ്‌കാരം ഏറ്റുവാങ്ങി ഷാറൂഖ് ഖാനും റാണി മുഖര്‍ജിയുമടക്കം പ്രമുഖര്‍

ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍

Update: 2025-09-23 12:18 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ഏറ്റുവാങ്ങി നടന്‍ മോഹന്‍ലാല്‍. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു മലയാളത്തിന്റെ പ്രിയനടന് പുരസ്‌കാരം സമ്മാനിച്ചത്. നിറ കയ്യടികളോടെ ആയിരുന്നു സദസ് മോഹന്‍ലാലിനെ വേദിയിലേക്ക് ആനയിച്ചത്. ഭാര്യ സുചിത്രയും മോഹന്‍ലാലിനൊപ്പം അവാര്‍ഡ് ദാന വേദിയില്‍ ഉണ്ടായിരുന്നു.



പുരസ്‌കാര വേദിയില്‍ മോഹന്‍ലാലിനെ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അഭിനന്ദിച്ചു. ഉഗ്രന്‍ ആക്ടറെന്ന് മലയാളത്തിലാണ് അശ്വിനി വൈഷ്ണവ് അഭിനന്ദിച്ചത്. ട്രൂ െലജന്‍ഡെന്നും മന്ത്രി വിശേഷിപ്പിച്ചു. അവാര്‍ഡ് സമ്മാനിച്ചതിന് പിന്നാലെ മോഹന്‍ലാലിന്റെ സിനിമാ ജീവിതം സദസില്‍ സ്‌ക്രീന്‍ ചെയ്യുകയും ചെയ്തു. മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് വിജയരാഘവനും സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും ഏറ്റുവാങ്ങി. മികച്ച ചിത്രസംയോജനത്തിന് മിഥുന്‍ മുരളി, മികച്ച ഡോക്യുമെന്ററിക്ക് രാംദാസ് വയനാട് എന്നിവരും പുരസ്‌കാരമാറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്‌കാരം ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും നടിക്കുള്ള പുരസ്‌കാരം റാണി മുഖര്‍ജിയും

1969 ല്‍ ആരംഭിച്ച ഫാല്‍ക്കെ അവാര്‍ഡ് നേടുന്ന രണ്ടാമത്തെ മലയാളിയാണു മോഹന്‍ലാല്‍. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ രാജ്യത്തെ സിനിമാരംഗത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണു 2023 ലെ ഫാല്‍ക്കെ പുരസ്‌കാരം. പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് ഇതിനു മുന്‍പു ഫാല്‍ക്കെ പുരസ്‌കാരത്തിന് (2004) അര്‍ഹനായ മലയാളി. 1978 ല്‍ തിരനോട്ടം എന്ന റിലീസാകാത്ത സിനിമയിലൂടെ അഭിനയജീവിതം തുടങ്ങിയ മോഹന്‍ലാല്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 360ല്‍ ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 5 തവണ ദേശീയ സിനിമാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2001 ല്‍ പത്മശ്രീയും 2019 ല്‍ പത്മഭൂഷനും ലഭിച്ചു. കഴിഞ്ഞ തവണത്തെ ഫാല്‍ക്കെ പുരസ്‌കാര ജേതാവ് മിഥുന്‍ ചക്രവര്‍ത്തി, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, സംവിധായകന്‍ അശുതോഷ് ഗവാരിക്കര്‍ എന്നിവരുടെ സമിതിയാണ് ഇക്കുറി പുരസ്‌കാരം നിര്‍ണയിച്ചത്. 10 ലക്ഷം രൂപ, സുവര്‍ണ കമലം എന്നിവ ഉള്‍പ്പെടുന്ന അംഗീകാരം 2023 ലെ ദേശീയ സിനിമാ അവാര്‍ഡിനൊപ്പമാണു സമ്മാനിച്ചത്.


പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ 'ലാലേട്ടന്‍' എന്ന് അഭിസംബോധന ചെയ്താണ് എംഐബി സെക്രട്ടറി സഞ്ജയ് ജാജു സ്വാഗതം ചെയ്തത്. 'എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ', എന്നായിരുന്നു അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞത്.

സെപ്റ്റംബര്‍ 20ന് ആയിരുന്നു മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സമ്മാനിക്കുന്നുവെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്റേതെന്നായിരുന്നു ഇവര്‍ വിശേഷിപ്പിച്ചതും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്‌കാരം ലഭിച്ചിരുന്നു.

മലയാള സിനിമാ മേഖലയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി നിറഞ്ഞു നില്‍ക്കുന്ന സാന്നിധ്യമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ വില്ലനായി എത്തി പിന്നീട് മലയാള സിനിമയുടെ നെടുംതൂണായി മാറിയ മോഹന്‍ലാല്‍ ഇതിനകം സമ്മാനിച്ചത് മറ്റാരാലും പകര്‍ന്നാടാനാകാത്ത ഒട്ടനവധി സിനിമകളും കഥാപാത്രങ്ങളുമാണ്. അഭിനേതാവിന് പുറമെ പിന്നണി ഗായകനായും സംവിധായകനാകും മോഹന്‍ലാല്‍ തിളങ്ങി. ഇതിനകം അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ മോഹന്‍ലാലിനെ തേടി എത്തിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം മികച്ച നടനുള്ള പുരസ്‌കാരമാണ്. 2001ല്‍ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിരുന്നു. 2019ല്‍ പത്മഭൂഷണും നല്‍കി ആദരിച്ചു.

2023ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളാണ് ചൊവ്വാഴ്ച സമ്മാനിച്ചത്. ഷാറൂഖ് ഖാനും വിക്രാന്ത് മാസിയുമാണ് മികച്ച നടന്മാര്‍. മികച്ച നടിക്കുള്ള അവാര്‍ഡ് റാണി മുഖര്‍ജി സ്വന്തമാക്കി.ജവാന്‍ എന്ന ചിത്രത്തിലെ അഭിനയ മികവാണ് ഷാരൂഖാനെ അവാര്‍ഡ് ജേതാവാക്കിയത്. അതേസമയം ട്വെല്‍വ്ത് ഫെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിക്രാന്ത് മാസിയെ തേടി പുരസ്‌കാരം എത്തിയത്. മികച്ച നടിയായി റാണി മുഖര്‍ജിയെ തെരഞ്ഞെടുത്തത് മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന സിനിമയിലെ അഭിനയത്തിനാണ്. അവാര്‍ഡ് വിതരണത്തിന് ശേഷം ജേതാക്കള്‍ക്കായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഒരുക്കുന്ന അത്താഴ വിരുന്നുമുണ്ട്.

ഇത്തവണ അഞ്ച് പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്. പൂക്കാലം സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരവും ഉള്ളൊഴുക്കിനാണ്. മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരത്തിന് മിഥുന്‍ മുരളി അര്‍ഹനായി. പൂക്കാലം സിനിമയുടെ എഡിറ്റിങ്ങിനാണ് അവാര്‍ഡ്. നോണ്‍ ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ എം.കെ. രാംദാസ് സംവിധാനം ചെയ്ത നെകലും തെരഞ്ഞെടുത്തു.

അവാര്‍ഡ് ജേതാക്കള്‍

ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് - മോഹന്‍ലാല്‍

മികച്ച നടന്‍ - ഷാരൂഖ് ഖാന്‍ (ജവാന്‍), വിക്രാന്ത് മാസി (ട്വെല്‍വ്ത് ഫെയില്‍)

മികച്ച നടി - റാണി മുഖര്‍ജി (മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ)

മികച്ച സംവിധാനം - ദ് കേരള സ്റ്റോറി (സുദീപ്‌തോ സെന്‍)

മികച്ച ജനപ്രിയ ചിത്രം - റോക്കി ഔര്‍ റാണി കി പ്രേം കഹാനി

മികച്ച ഹിന്ദി ചിത്രം - കാതല്‍ - എ ജാക്ക്ഫ്രൂട്ട് മിസ്റ്ററി

മികച്ച ഫീച്ചര്‍ ഫിലിം - ട്വെല്‍വ്ത് ഫെയില്‍

മികച്ച മലയാളം സിനിമ - ഉള്ളൊഴുക്ക്

മികച്ച തെലുഗു ചിത്രം - ഭഗവന്ത് കേസരി

മികച്ച ഗുജറാത്തി ചിത്രം - വാഷ്

മികച്ച തമിഴ് ചിത്രം - പാര്‍ക്കിങ്

മികച്ച കന്നഡ ചിത്രം - ദി റേ ഓഫ് ഹോപ്പ്

മികച്ച പിന്നണി ഗായിക - ശില്‍പ റാവു (ഛലിയ, ജവാന്‍)

മികച്ച ഗായകന്‍ - പ്രേമിസ്ത്തുന്ന (ബേബി, തെലുഗു)

മികച്ച ഛായാഗ്രഹണം - ദി കേരള സ്റ്റോറി

മികച്ച നൃത്തസംവിധാനം - റോക്കി ആന്‍ഡ് റാണിസ് ലവ് സ്റ്റോറി (ധിന്‍ഡോര ബാജെ രേ)

മികച്ച മേക്കപ്പ് ആന്‍ഡ് കോസ്റ്റ്യൂം ഡിസൈനര്‍ - സാം ബഹാദൂര്‍

പ്രത്യേക പരാമര്‍ശം - മൃഗം (റീ-റെക്കോര്‍ഡിങ് മിക്സര്‍) എംആര്‍ രാധാകൃഷ്ണന്‍

മികച്ച ശബ്ദ രൂപകല്‍പ്പന - ആനിമല്‍ (ഹിന്ദി)

മികച്ച ചലച്ചിത്ര നിരൂപകന്‍ ഉത്പല്‍ ദത്ത (അസം)

മികച്ച ആക്ഷന്‍ സംവിധാനം ഹനുമാന്‍ മന്‍ (തെലുഗു)

മികച്ച വരികള്‍ - ബല്‍ഗാം (ദി ഗ്രൂപ്പ്) - തെലുഗു

മികച്ച ചലച്ചിത്ര നിരൂപകന്‍ - ഉത്പല്‍ ദത്ത

മികച്ച ഡോക്യുമെന്ററി - ഗോഡ്, വള്‍ച്ചര്‍ ആന്‍ഡ് ആനിമല്‍

മികച്ച തിരക്കഥ - സണ്‍ഫ്‌ലവര്‍ വേര്‍ ദി ഫസ്റ്റ് വണ്‍ ടു നോ (കന്നഡ)

മികച്ച ചിത്രം - നെക്കല്‍: ക്രോണിക്കിള്‍ ഓഫ് ദ് പാഡി മാന്‍ (മലയാളം), ദ് സീ ആന്‍ഡ് സെവന്‍ വില്ലേജസ് (ഒറിയ)

Similar News