'കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുണ്ടായ മുറിവില്‍ ഉപ്പ് പുരട്ടുന്നതുപോലെ'; ഏഷ്യാകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം; ജയ്ഷായും മത്സരം കാണാനെത്തില്ല; ബിസിസിഐ പ്രതിനിധിയും മത്സരത്തിനെത്തില്ല; ടിക്കറ്റ് വില്‍പ്പനയിലും തിരിച്ചടി?

ഏഷ്യാകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം

Update: 2025-09-13 17:30 GMT

ദുബായ്: ഏഷ്യാകപ്പില്‍ ഞായാറാഴ്ച്ച നടക്കുന്ന ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം ശക്തം.സമൂഹമാധ്യമങ്ങളിലുള്‍പ്പടെ രൂക്ഷവിമര്‍ശനമാണ് മത്സരത്തിനെതിരെ ഉയരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ഇതാദ്യമായാണ് ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നടക്കുന്നത്.പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യയടക്കം സമാനമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ബിസിനസുകാരനായ ശുഭം ദ്വിവേദിയുടെ ഭാര്യ അശാന്യ ദ്വിവേദിയാണ് വിമര്‍ശനവുമായി എത്തിയത്.

'കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുണ്ടായ മുറിവില്‍ ഉപ്പ് പുരട്ടുന്നതുപോലായണ് ഇതെന്ന് അശാന്യ പ്രതികരിച്ചു. ആളുകള്‍ മത്സരം ബഹിഷ്‌ക്കരിക്കണം. ടിവിയില്‍ കാണരുത്. ആരും സ്റ്റേഡിയങ്ങളിലും പോകരുത്.' മത്സരത്തില്‍നിന്ന് ലഭിക്കുന്ന പണം പാകിസ്ഥാന്‍ ഭീകരവാദത്തിന് ഉപയോഗിക്കുമെന്നും അവര്‍ ആരോപിച്ചു.'ബിസിസിഐ നിര്‍വികാരമാണ്. പഹല്‍ഗാമില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് യാതൊരു ആദരവുമില്ല. ഞങ്ങളുടെ ക്രിക്കറ്റ് താരങ്ങള്‍ എന്താണ് ചെയ്യുന്നത്? അവരും രാജ്യസ്‌നേഹികളാണ് എന്നാണല്ലോ പറയുന്നത്. ഒരു തോക്കിന്‍മുനയില്‍ നിര്‍ത്തി ബിസിസിഐ പാകിസ്താനെതിരേ കളിക്കാന്‍ നിര്‍ബന്ധിക്കുന്നില്ലല്ലോ. അവര്‍ കളിക്കാന്‍ വിസമ്മതിക്കണം.' ആശാന്യ പ്രതികരിച്ചു.

വിമര്‍ശനം കടുക്കുന്നതിനിടെ സമാനനിലപാട് സ്വീകരിക്കുകയാണ് ബിസിസിഐയും.മത്സരത്തില്‍ നിന്ന് വിട്ടു നിന്ന് ബഹിഷ്‌കരിക്കാന്‍ ബിസിസിഐ. ഏഷ്യാ കപ്പിന്റെ ആതിഥേയര്‍ ബിസിസിഐ ആണെഎങ്കിലും ഞായറാഴ്ച ദുബായ് ഇന്റര്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം കാണാന്‍ ബിസിസിഐ ഉന്നതരാരും എത്തില്ലെന്നാണ് റിപ്പോര്‍ട്ട്. വിവാദങ്ങള്‍ കടുക്കുന്നതിനിടെ ഐസിസി അധ്യക്ഷന്‍ ജയ്ഷായും ദുബായിലെത്തില്ലെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതുവരെ ഒരു ബിസിസിഐ ഉദ്യോഗസ്ഥനും ദുബായില്‍ എത്തിയിട്ടില്ലെന്നും മത്സര ദിവസം ഒരു ഉദ്യോഗസ്ഥന്‍ മാത്രമേ സ്റ്റേഡിയത്തില്‍ ഉണ്ടാകൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാധാരണ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം കാണാന്‍ ബിസിസിഐ ഉന്നതരും സെലിബ്രിറ്റികളുമെല്ലാം സ്റ്റേഡിയത്തില്‍ എത്താറുണ്ടെങ്കിലും ബഹിഷ്‌കരണാഹ്വാനങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ അധികം പേരൊന്നും മത്സരം നേരില്‍ കാണാന്‍ യുഎഇയില്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ട്. ഈവര്‍ഷമാദ്യം ദുബായില്‍ നടന്ന ഇന്ത്യ-പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരം കാണാന്‍ ബിസിസിഐ ഉന്നതരും സംസ്ഥാന അസോസിയേഷന്‍ പ്രതിനിധികളും ബോളിവുഡ് സെലിബ്രിറ്റികളും സ്റ്റേഡിയത്തിലെത്തിയിരുന്നു. എന്നാല്‍ നാളെ നടക്കുന്ന മത്സരം കാണാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അംഗമെന്ന നിലയില്‍ ബിസിസിഐ വൈസ് പ്രസിഡന്റായ രാജീവ് ശുക്ല മാത്രമാകും ബിസിസിഐയെ പ്രതിനിധീകരിച്ച് എത്തുക എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനെതിരെ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളും എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.പഹല്‍ഗാം ഭീകരാക്രമണശേഷം ജലവും രക്തവും ഒരുമിച്ച് ഒഴുകില്ലെന്ന് പറഞ്ഞ് പാകിസ്ഥാനുമായുള്ള നദീജല കരാര്‍ പോലും റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ എങ്ങനെയാണ് യുദ്ധവും ക്രിക്കറ്റും ഒരുമിച്ച് നടത്തുന്നതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ചോദിച്ചിരുന്നു.ഇന്ത്യ-

പാകിസ്ഥാന്‍ മത്സരം വലിയ സ്‌ക്രീനില്‍ സംപ്രേഷണം ചെയ്യുന്ന ഹോട്ടലുകള്‍ ബഹിഷ്‌കരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയും ആഹ്വാനം ചെയ്തിരുന്നു.

അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം റദ്ദാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി അടുത്തിടെ തള്ളിയിരുന്നു. വിഷയത്തില്‍ എന്തിനാണിത്ര തിടുക്കം കാണിക്കുന്നതെന്ന് ആരാഞ്ഞ കോടതി, അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു.പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് ദേശീയ അന്തസ്സിനും പൊതുവികാരത്തിനും വിരുദ്ധമായ സന്ദേശമാണ് നല്‍കുന്നതെന്ന് അറിയിച്ചുകൊണ്ട്, ഉര്‍വശി ജെയിനിന്റെ നേതൃത്വത്തില്‍ നാല് നിയമ വിദ്യാഥികളാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരുന്നത്.

ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനുമായി കളിക്കുന്നതില്‍നിന്ന് ഇന്ത്യന്‍ ടീമിനെ തടയില്ലെന്ന് കേന്ദ്ര കായികമന്ത്രാലയവും നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇരുരാഷ്ട്രങ്ങളും തമ്മില്‍ പരമ്പരകള്‍ നടത്തുന്നതിന് അനുമതിയുണ്ടാവില്ല. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരേ ഇന്ത്യ കളിക്കുന്നതില്‍ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രാലയം നിലപാടറിയിച്ചത്. ചാമ്പ്യന്‍ഷിപ്പുകളില്‍ മത്സരിക്കുന്നത് തടയുന്നത് ഒളിമ്പിക് ചാര്‍ട്ടറിന് വിരുദ്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

Tags:    

Similar News