ഇന്നു രാവിലെ കുത്തിവയ്പ് എടുത്തതോടെ ഉറക്കത്തിലായ കുട്ടി പിന്നീട് ഉണര്‍ന്നില്ല; പനിക്കും വയറുവേദനയ്ക്കും കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഒന്‍പതുവയസുകാരി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം; ആശുപത്രിയുടെ ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ത്തു; ഇടപെട്ട് പൊലീസ്
കായംകുളത്ത് പനി ബാധിച്ച് ഒന്‍പതുവയസുകാരി മരിച്ചു
ആലപ്പുഴ: കായംകുളം എബ്‌നൈസര്‍ ആശുപത്രിയില്‍ പനിക്ക് ചികിത്സയിലായിരുന്ന ഒന്‍പതുവയസുകാരി മരിച്ചു. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി വളപ്പില്‍ പ്രതിഷേധിച്ചു. ഇന്നു രാവിലെ കുത്തിവയ്പ് എടുത്തതിനെ തുടര്‍ന്ന് ഉറക്കത്തിലായ കുട്ടി ഉണര്‍ന്നില്ല. മരണം സ്ഥിരീകരിച്ചതോടെയാണ് ബന്ധുക്കള്‍ രോഷാകുലരായത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ഹൃദയസ്തംഭനമാണ് മരണ കാരണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംഭവം ഇങ്ങനെ:
കായംകുളം ചേരാവള്ളി ചിറക്കടവം ലക്ഷ്മി ഭവനത്തില്‍ അജിത്ത് - ശരണ്യ ദമ്പതികളുടെ മകള്‍ ആദിലക്ഷ്മിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പനിയും വയറുവേദനയെയും തുടര്‍ന്ന് എബ്‌നൈസര്‍ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നു രാവിലെ ഐസിയുവിലേക്ക് മാറ്റി. എട്ടുമണിയോടെ കുട്ടി മരിച്ചതായി ബന്ധുക്കളെ അറിയിച്ചു.
സ്‌കാനിങ്ങിലും മറ്റു പരിശോധനകളിലും കുട്ടിക്കു കുഴപ്പങ്ങള്‍ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നതെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. ഇന്ന് രാവിലെ കുത്തിവയ്പ് എടുത്തിരുന്നു. ഉറക്കത്തിലായ കുട്ടി ഉണരാതെ വന്നതോടെ ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ രോഷാകുലരായ ബന്ധുക്കള്‍ ആശുപത്രി അധികാരികളോട് തട്ടിക്കയറുകയും ആശുപത്രിയുടെ ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു.
മതിയായ ചികില്‍സ നല്‍കാത്തതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചികിത്സയില്‍ ഒരു വീഴ്ചയും
സംഭവിച്ചിട്ടില്ലെന്നാണ് കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ പറയുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് കായംകുളം ഡിവൈഎസ്പി സ്ഥലത്തെത്തി.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കായംകുളം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആദിലക്ഷ്മി.