വാതിലിന് അടുത്തിരുന്ന് യാത്രചെയ്യവെ ട്രെയിനില്‍ നിന്നും തെറിച്ചു വീണു; ബൈക്ക് കൈകാണിച്ച് നിര്‍ത്തി ആശുപത്രിയിലെത്തി യുവാവ്: ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട് വിനായക്
വാതിലിന് അടുത്തിരുന്ന് യാത്രചെയ്യവെ ട്രെയിനില്‍ നിന്നും തെറിച്ചു വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് വിനായക്
ഒഞ്ചിയം: വാതിലിന് അടുത്തിരുന്ന് യാത്രചെയ്യവെ ട്രെയിനില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. എറണാകുളം-വടകര ട്രെയിന്‍ യാത്രക്കിടെ ചോമ്പാല സ്വദേശി കിഴക്കേ പുതിയപറമ്പത്ത് വിനായക് ദത്ത് (25) ആണ് ചെറിയ പരിക്കുകളോടെ ജീവിതത്തിലേക്ക് തിരികെ കയറിയത്. ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ വാതിലിന് അടുത്തിരുന്ന് ആയിരുന്നു യുവാവിന്റെ യാത്ര. ഇടയ്ക്ക് ഉറങ്ങിപോയി.
ഇരിങ്ങാലക്കുടയില്‍ എത്തിയപ്പോള്‍ ട്രെയിനില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണെങ്കിലും ചെറിയപരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെടുക ആയിരുന്നു. ജനുവരി ഒന്നിനായിരുന്നു സംഭവം. എറണാകുളത്ത് സുഹൃത്തുക്കളോടൊപ്പം ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് അപകടമുണ്ടായത്. ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ വലിയ തിരക്കായിരുന്നു. ഡോറിനടുത്തിരുന്ന് യാത്രചെയ്യവെ ഉറങ്ങിപ്പോയതു കാരണം വിനായക് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
ഒന്നും തിരിച്ചറിയാന്‍ കഴിയാതെ കണ്ണുതുറന്നു നോക്കുമ്പോള്‍ ട്രെയിന്‍ കുതിച്ചുപായുന്നതാണ് കണ്ടത്. എന്തോ വീണതായി യാത്രക്കാര്‍ പറയുന്നതുകേട്ട് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിനായക് ഫോണില്‍ സംഭവം പറഞ്ഞത്. വീണിടത്തു നിന്നും എഴുന്നേറ്റ വിനായക് വഴിയേ പോയ ബൈക്ക് കൈകാട്ടി നിര്‍ത്തി ബൈക്ക് യാത്രക്കാരനായ യുവാവിനോട് സംഭവം പറയുക ആയിരുന്നു. അവര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചു. പുറംഭാഗത്തും തലയ്ക്കും പരിക്കേറ്റ വിനായകിനെ നാട്ടിലെത്തിച്ച്, മാഹി ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.
ചോമ്പാല അന്നപൂര്‍ണേശ്വരി ശ്രീ ഭദ്ര വിഷ്ണുമായ ദേവസ്ഥാനം മഠാധിപതി ദേവദത്തന്റെയും ബിനിയുടെയും ഏകമകനാണ് വിനായക് ദത്ത്. മകന്റെ ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് കുടുംബം.