കെ സുധാകരനെ ഒരിക്കല്‍ പാന്റ് ഊരിച്ച് കോളേജിലൂടെ നടത്തിയത്; സുധാകരനെ ഒരിക്കല്‍ ഇടപെട്ട് ഞാന്‍ രക്ഷിച്ചത്; കടലിലേക്ക് ചാടിയ വിദ്യാര്‍ഥികളെ പിണറായി ഇറങ്ങി രക്ഷപ്പെടുത്തിയത്; മധുര പാര്‍ട്ടി കോണ്‍ഗ്രസിന് പിന്നാലെ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി എ കെ ബാലന്‍; ഒപ്പം കുടിയിറക്കലുകളുടെ വേദനകളും
ഹൃദയസ്പര്‍ശിയായ കുറിപ്പുമായി എ കെ ബാലന്‍
തിരുവനന്തപുരം: മധുര പാര്‍ട്ടി കോണ്‍ഗ്രസിന് പിന്നാലെ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മുതിര്‍ന്ന സിപിഎം നേതാവ് എ കെ ബാലന്‍. പ്രയാപരിധിയുടെ പേരില്‍ എ കെ ബാലനെ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. തന്റെ അവസാന പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് ആദ്യത്തെ പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള ഫ്‌ളാഷ് ബാക്കോടെയാണ് കുറിപ്പ് തുടങ്ങുന്നത്. ഓരോ പാര്‍ട്ടി കോണ്‍ഗ്രസ് അനുഭവവും വിവരിക്കുന്ന അദ്ദേഹം ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് നിര്‍ണായക പങ്കുവഹിച്ച പാര്‍ട്ടിക്ക് പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമുളള പിന്നോട്ടടി ഓര്‍മ്മിപ്പിക്കുന്നു.
നിലവിലുള്ള കേന്ദ്രകമ്മിറ്റിയില്‍ നിന്ന് താന്‍ മാറുമ്പോള്‍ ചില ഓര്‍മ്മകള്‍ എത്ര മറക്കാന്‍ ശ്രമിച്ചാലും മനസ്സില്‍ നിന്ന് പോവില്ലെന്നും പല അപ്രിയ സത്യങ്ങളും പുറത്തുപറയാന്‍ പറ്റില്ലെന്നും എ കെ ബാലന്‍ കുറിച്ചു. തന്റെ ജീവിതത്തിലെ ചില കുടിയിറക്കലുകളും അദ്ദേഹം സൂചിപ്പിച്ചു.
എകെജി ഫ്‌ലാറ്റില്‍ നിന്ന് അടുത്തുതന്നെ കുടിയിറങ്ങേണ്ടിവരും. ഇത് തന്നെ സംബന്ധിച്ചിടത്തോളം ഒരു ആവര്‍ത്തനമാണ്. കുട്ടിക്കാലത്ത് നാല് കുടിയിറക്കലിനു വിധേയമായതാണ് കുടുംബം. അതും കാര്‍ഷികബന്ധ നിയമവും ഭൂപരിഷ്‌കരണ നിയമവും പാസാക്കുന്ന ഘട്ടത്തില്‍. കുടികിടപ്പ് അവകാശം സ്ഥാപിക്കാന്‍ കഴിയാതിരുന്നത് കേഡര്‍ സ്വഭാവമുള്ള ഒരു പാര്‍ട്ടി ആ ഘട്ടത്തില്‍ നാട്ടില്‍ ഇല്ലാതിരുന്നത് കൊണ്ടാണ് എന്നും ബാലന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ജീവിതത്തില്‍ പിന്നീട് നടന്ന കുടിയിറക്കലുകള്‍ മറ്റൊരു സ്വഭാവത്തിലുള്ളതാണ്. പഠിക്കുന്ന സമയത്ത് ബ്രണ്ണന്‍ കോളജ് ഹോസ്റ്റല്‍, പിന്നീട് കോഴിക്കോട് ലോ കോളജ് ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ നിന്നും ഇറങ്ങേണ്ടി വന്നു. ഇതും തന്നെ സംബന്ധിച്ചിടത്തോളം ഫലത്തില്‍ കുടിയിറക്കലിന് സമാനമായിരുന്നു. മറ്റു കുടിയിറക്കലുകള്‍ സമൂഹത്തില്‍ നല്ലൊരു മേല്‍വിലാസം കിട്ടിയതിന്റെ ഭാഗമായിട്ടായിരുന്നു. ഡല്‍ഹിയിലെ എംപി ഫ്‌ലാറ്റ്, തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റല്‍, മന്ത്രിമന്ദിരങ്ങള്‍ എന്നിവിടങ്ങള്‍. കണ്ണൂരിലെ അഴീക്കോടന്‍ മന്ദിരം, കോഴിക്കോട് സിഎച്ച് മന്ദിരം, പാലക്കാട് കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം എന്നിവിടങ്ങളില്‍ നിന്ന് സ്വമേധയാ കുടിയിറങ്ങി. അവസാനം എകെജി ഫ്‌ലാറ്റില്‍ നിന്നും കുടിയിറങ്ങാന്‍ പോകുന്നു. അടുത്ത കുടിയിരിപ്പ് എവിടെയെന്ന് ചോദിച്ച് അവസാനിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഈ കുറിപ്പ് അവസാനിക്കുന്നില്ലെന്നും മറ്റൊരു രൂപത്തില്‍ തുടരുമെന്നും ബാലന്‍ കുറിച്ചു.
ബ്രണ്ണന്‍ കോളജിലെ അനുഭവം പറയുന്ന ഘട്ടത്തില്‍ കെ. സുധാകരനെ പാന്റ് ഊരിച്ച് കോളജിലൂടെ നടത്തിയെന്ന് എ.കെ. ബാലന്‍ പറയുന്നുണ്ട്. കടലിലേക്ക് ചാടിയ വിദ്യാര്‍ഥികളെ പിണറായി കടലില്‍ ഇറങ്ങി രക്ഷപ്പെടുത്തിയ അനുഭവവും പങ്കുവയ്ക്കുന്നു
എ കെ ബാലന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ പൂര്‍ത്തിയായ ഏപ്രില്‍ ആറിന് രാത്രി തന്നെ താമസസ്ഥലമായ തിരുവനന്തപുരത്തെ എകെജി ഫ്‌ലാറ്റിലെത്തി. കൂടെ ഭാര്യ ജമീലയുമുണ്ടായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് പ്രത്യേകിച്ച് എവിടെയും പോകാന്‍ താല്‍പര്യം തോന്നിയില്ല. സമ്മേളന നഗരിക്കടുത്തുള്ള മധുര മീനാക്ഷി ക്ഷേത്രം പോലും കാണാന്‍ പോയില്ല. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് മുതല്‍ കൂടെ വരാന്‍ ജമീല പ്രത്യേക താല്‍പര്യം കാട്ടി. കാരണം ഇതെന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിലെ അവസാന പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്നു. പ്രായപരിധി കാരണം പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിവായ ഒരാളാണ് ഞാന്‍. പ്രായപരിധി തീരുമാനം ഏറ്റവും ഉചിതമായതാണ്. വളരെ നേരത്തേ തന്നെ എടുക്കേണ്ടതായിരുന്നു.
എന്റെ ആദ്യത്തെ പാര്‍ട്ടി കോണ്‍ഗ്രസ് 1978ല്‍ ജലന്ധറില്‍ ചേര്‍ന്ന പത്താം പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്നു. അതില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ആദ്യമായി ഡല്‍ഹി കാണുന്നത്. കോഴിക്കോട് ലോ കോളേജില്‍ അവസാന വര്‍ഷം പഠിക്കുന്ന കാലഘട്ടം. ചുട്ടുപൊള്ളുന്ന വേനലില്‍ ട്രെയിനില്‍ സ്ലീപ്പര്‍ ക്ലാസിലെ യാത്ര. അടിയന്തരാവസ്ഥ കഴിഞ്ഞതിനു ശേഷമുള്ള പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്നു അത്. കോടിയേരി ബാലകൃഷ്ണന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും ഞാന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായിരുന്നു. കോഴിക്കോട്ടെ പാര്‍ട്ടി നേതാവായിരുന്ന അന്തരിച്ച സഖാവ് കേളുവേട്ടന്റെ ഇടപെടല്‍ മൂലമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചത്. എല്‍എല്‍ബി അവസാനവര്‍ഷ പരീക്ഷയുടെ ഘട്ടമായതിനാല്‍ മനസ്സൊന്നു പിന്നോട്ടടിച്ചിരുന്നു.
പക്ഷേ ആദ്യമായി പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധി ആവാനുള്ള അവസരം നഷ്ടപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാനും വയ്യ.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായ ജ്യോതിബസു പാര്‍ട്ടി കോണ്‍ഗ്രസില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം നിന്ന് ഫോട്ടോ എടുത്തു. സഖാവ് പി കെ കുഞ്ഞച്ചന്‍ പ്രസീഡിയത്തില്‍ ഉണ്ടായിരുന്നു. കോഴിക്കോട് നിന്ന് എ കണാരന്‍, വി ദക്ഷിണാമൂര്‍ത്തി, ടി പി ദാസന്‍, യു കുഞ്ഞിരാമന്‍ തുടങ്ങിയ നേതാക്കളും പാര്‍ട്ടി കോണ്‍ഗ്രസിന് ഉണ്ടായിരുന്നു. രാഷ്ട്രീയവും സംഘടനാപരവുമായ കാരണങ്ങളാല്‍ സഖാവ് പി സുന്ദരയ്യ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിനിന്ന ഘട്ടം. ഇതിന്റെ പ്രാധാന്യം അന്ന് അത്ര മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
പിന്നീട് നടന്ന ഓരോ പാര്‍ട്ടി കോണ്‍ഗ്രസും ഓരോ അനുഭവമായിരുന്നു. പ്രത്യേകിച്ച് ബംഗാള്‍ പ്രതിനിധികളെ കാണുന്നത് വല്ലാത്തൊരു ആവേശമായിരുന്നു. വെള്ള വസ്ത്രം ഭംഗിയായി ധരിച്ച് ആകര്‍ഷകമായിട്ടുള്ള അവരുടെ വരവ് കണ്ടാല്‍ കൊയ്ത്തു കഴിഞ്ഞ പാടത്തൂടെ താറാവുകള്‍ കുണുങ്ങിക്കുണുങ്ങി വരുന്നതു പോലെ തോന്നുമായിരുന്നു. അത് നല്ല കാഴ്ചയായിരുന്നു. പിന്നീട് രംഗം മാറി. പഴയതുപോലെ ഭംഗിയുള്ള വസ്ത്രങ്ങളോ ചൈതന്യം തുളുമ്പുന്ന മുഖങ്ങളോ കണ്ടില്ല. ഓരോ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുമ്പോഴും അവരുടെ പഴയ പൊലിമ കുറഞ്ഞു കുറഞ്ഞുവന്നു. എന്നാല്‍ കേരളത്തിലെ പ്രതിനിധികളില്‍ ഈ മാറ്റം ഉണ്ടായിട്ടില്ല.
മൂന്നു സംസ്ഥാനം ഭരിച്ച പാര്‍ട്ടി. രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സിപിഐഎം നേതാവ് ജ്യോതിബസുവിനെ ക്ഷണിച്ച ഘട്ടം വരെ ഉണ്ടായി. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് നിര്‍ണായക പങ്കുവഹിച്ച പാര്‍ട്ടി. പതിനാലാം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമാണ് പിന്നോട്ടടി ഉണ്ടായത്. സാര്‍വദേശീയ രംഗത്ത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ച പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു. ബംഗാളിലും ത്രിപുരയിലും ഗവണ്‍മെന്റ് നഷ്ടപ്പെടാന്‍ മറ്റു കാരണങ്ങളും ഉണ്ടായി. 1980 നു ശേഷം കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് വിരുദ്ധ മുന്നണിയെ തകര്‍ത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒന്നിടവിട്ട അവസരങ്ങളില്‍ അധികാരത്തില്‍ വന്നു. ഇപ്പോള്‍ ചരിത്രത്തില്‍ ആദ്യമായി സഖാവ് പിണറായി നേതൃത്വം കൊടുക്കുന്ന രണ്ടാം പിണറായി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. ആകെ പ്രതീക്ഷയുടെ ഒരു ചെറിയ തുരുത്ത്.
ഈ ഘട്ടത്തിലാണ് സഖാവ് എം എ ബേബി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വന്നത്. 85 അംഗ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയെയും മധുരയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്തു. സഖാവ് എം എ ബേബി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ടും ഞാന്‍ സെക്രട്ടറിയുമായി കുറച്ചുകാലം ഉണ്ടായിരുന്നു. 1977 -78 കാലം. എസ്എഫ്‌ഐ ഏഴാം സംസ്ഥാന സമ്മേളനത്തിലാണ് ഞാന്‍ സെക്രട്ടറിയാവുന്നത്. എം എ ബേബി അഖിലേന്ത്യാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് സംസ്ഥാന പ്രസിഡണ്ടായി തോമസ് ഐസക് ചുമതലയേറ്റത്.
നിലവിലുള്ള സിസിയില്‍ നിന്നാണ് ഞാന്‍ മാറുന്നത്. ചില ഓര്‍മ്മകള്‍ എത്ര മറക്കാന്‍ ശ്രമിച്ചാലും മനസ്സില്‍ നിന്ന് പോവില്ല. പല അപ്രിയ സത്യങ്ങളും പുറത്തുപറയാന്‍ പറ്റില്ല. ഇത്തരമൊരു മാനസികാവസ്ഥയില്‍ ഇരിക്കുമ്പോഴാണ് പല സഖാക്കളും സ്‌നേഹപൂര്‍വ്വം എന്നെ വിളിക്കുന്നത്. ചില കാര്യങ്ങള്‍ സമൂഹമാധ്യമത്തില്‍ ഓര്‍മ്മകളായി പങ്കുവെക്കുന്നു. ഇന്നലെ രാത്രിയാണ് തലശ്ശേരിയില്‍ നിന്ന് ബഹുമാനപ്പെട്ട സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നെ വിളിച്ചത്. 'ബാലേട്ടന്‍ ഇപ്പോള്‍ എവിടെയാണ്? 60 വര്‍ഷത്തിലധികം നീണ്ട പൊതുജീവിതത്തില്‍ തലശ്ശേരി മറക്കാന്‍ പറ്റില്ലല്ലോ. ഇടയ്ക്ക് വിളിക്കാന്‍ തോന്നി....... '. ഞാന്‍ മൂളിക്കേട്ടു. അന്ന് ഉറങ്ങിയത് വളരെ വൈകിയാണ്.
തലശ്ശേരിയുമായുള്ള എന്റെ ബന്ധം എന്നെ ഓര്‍ക്കുന്നവര്‍ക്ക് മറക്കാന്‍ കഴിയില്ല. തിരിച്ച് എനിക്കും കഴിയില്ല. അക്ഷരാര്‍ത്ഥത്തില്‍ സംഭവബഹുലമായ ബ്രണ്ണന്‍ കാലം. തലനാരിഴയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയ സന്ദര്‍ഭങ്ങള്‍, സഖാവ് അഷ്‌റഫിന്റെ രക്തസാക്ഷിത്വം, ആദ്യമായി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും എസ്എഫ്‌ഐ പിടിച്ചെടുത്ത ഘട്ടം, സഖാവ് ഇഎംഎസ് കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്യാന്‍ വന്ന ഘട്ടം. ഇഎംഎസിന്റെ പരിപാടിയുമായി ബന്ധപ്പെട്ട് സഖാവ് പിണറായി വിജയന്റെ സംരക്ഷണം. സഖാവ് ഇഎംഎസ് ഇരിക്കുന്ന വേദിയില്‍ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ എന്റെ ആദ്യത്തെ പ്രസംഗം. കെ സുധാകരനുമായി പിണറായിയുടെ നേരിട്ടുള്ള വെല്ലുവിളി, കെ സുധാകരന്റെ പിന്മാറ്റം, പിണറായി പരീക്ഷ എഴുതാതെ തിരിച്ചുപോയത്. കെ സുധാകരനെ ഒരിക്കല്‍ പാന്റ് ഊരിച്ച് കോളേജിലൂടെ നടത്തിയ ഘട്ടം. പ്രിന്‍സിപ്പാളിന്റെ റൂമില്‍ അഭയം തേടിയ സുധാകരനെ ഒരിക്കല്‍ ഇടപെട്ട് ഞാന്‍ രക്ഷിച്ചത്. ഇതിനൊക്കെ സാക്ഷിയാവാന്‍ കഴിഞ്ഞ കുറെ ആളുകള്‍ ജീവിച്ചിരിപ്പുണ്ട്. പലരും കാലയവനികക്കുള്ളില്‍ മറഞ്ഞു.
1968- 69 കാലം. തലശ്ശേരി കോടതി ഉപരോധിച്ച കെ എസ് എഫ് പ്രവര്‍ത്തകരെ പോലീസ് മൃഗീയമായി ലാത്തിച്ചാര്‍ജ് ചെയ്തു. ജീവരക്ഷാര്‍ത്ഥം കടലിലേക്ക് ചാടിയ വിദ്യാര്‍ഥികളെ പിണറായി കടലില്‍ ഇറങ്ങി രക്ഷപ്പെടുത്തിയത്. ഇതിനുശേഷം തലശ്ശേരി സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ പ്രതിഷേധയോഗം. അതില്‍ പിണറായി പോലീസിനെതിരെ നടത്തിയ അത്യുജ്ജ്വലമായ പ്രസംഗം.
ഇതേ കാലഘട്ടത്തില്‍ തന്നെ (196769) ഇഎംഎസ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയ, ബ്രണ്ണന്‍ കോളേജില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് വന്ന ഘട്ടത്തില്‍ കെ സുധാകരന്‍ കാട്ടിയ പ്രതിഷേധം. അതില്‍ നിന്ന് സി എച്ചിനെ സംരക്ഷിച്ചത്. പ്രതിഷേധം അവഗണിച്ച് സി എച്ച് നടത്തിയ അതിമനോഹരമായ പ്രസംഗം. അതില്‍ ആവേശം കൊണ്ട് 'സി എച്ച് എം കോയാ സിന്ദാബാദ് ' എന്ന് ഞാന്‍ വിളിച്ച മുദ്രാവാക്യം ആവേശം പൂണ്ട വിദ്യാര്‍ത്ഥികള്‍ ഏറ്റുവിളിച്ചത്. പ്രസംഗം കഴിഞ്ഞ് സി എച്ച് എന്റെ അടുത്തുവന്ന് അഭിനന്ദിച്ചത്. ഇതിനു സാക്ഷിയായി നിന്ന എം എന്‍ വിജയന്‍ മാഷിന്റെ മുഖഭാവം.
1969ലെ കെഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തലശ്ശേരി മുകുന്ദ് ടാക്കീസിന്റെ അടുത്ത് ഞാന്‍ അടക്കമുള്ള കുറച്ച് വിദ്യാര്‍ത്ഥികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ ആക്രമിക്കാന്‍ വന്ന ഗുണ്ടകളെ പിണറായിയുടെ നേതൃത്വത്തില്‍ ചെറുത്ത് തിരിച്ചോടിച്ചത്. ഓര്‍മ്മകളുടെ തിരമാലകളില്‍ രാവിന്റെ പകുതി പോയത് അറിഞ്ഞില്ല. പിന്നീട് ഉറക്കം വന്നില്ല.
ബ്രണ്ണന്‍ കോളേജ് പരിസരത്ത് എത്രയോ തവണ എന്റെ ചോര തെറിച്ചു വീണിട്ടുണ്ട്. വലതുകാലിന്റെ സ്വാധീനം കുറഞ്ഞു. മുറിവേറ്റു ആശുപത്രിയിലായ എന്റെ തല തുന്നി കെട്ടാന്‍, പിടയുന്ന എന്റെ കൈപിടിച്ചുകൊണ്ട് ഡോക്ടറെ സഹായിച്ച പിണറായി വിജയന്റെ മുഖം മറക്കാനാവില്ല. ഒരു കള്ളക്കേസില്‍ അകപ്പെട്ട പിണറായിയുടെ കേസ് നടത്തിപ്പിനു വേണ്ടി മേലൂര്‍ ചിറക്കുനി മുതല്‍ പാറാല്‍ ചൊക്ലി വരെയുള്ള ബീഡി കമ്പനികളില്‍ കയറി തൊഴിലാളികളില്‍ നിന്ന് ഫണ്ട് ശേഖരിച്ചത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഉപ കേന്ദ്രം തലശ്ശേരിയില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന രണ്ടുമാസം നീണ്ടുനിന്ന ഐതിഹാസികമായ വിദ്യാര്‍ത്ഥി സമരം. ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കിയ ആ സമരത്തിന്റെ വിജയ സ്മാരകമാണ് ഇന്ന് പാലയാട് കാണുന്ന യൂണിവേഴ്‌സിറ്റി സെന്റര്‍. സമരസമിതി കണ്‍വീനര്‍ എന്ന നിലയില്‍ എന്റെ പ്രവര്‍ത്തനത്തിന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ അംഗീകാരമായിരുന്നു അത്. ഇതില്‍ സജീവമായി പങ്കുവഹിച്ച ഒരാളായിരുന്നു മമ്പറം ദിവാകരന്‍.
ബ്രണ്ണന്‍ കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയുടെ ആദ്യത്തെ വിജയത്തിന് പിന്നില്‍ ഒരു പിണറായി ടച്ച് ഉണ്ടായിരുന്നു. ബ്രണ്ണന്‍ കോളേജ് ഹോസ്റ്റല്‍ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളുടെ ഒരു ആശ്വാസ കേന്ദ്രമായിരുന്നു. എന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം ഹോസ്റ്റലിലേക്ക് വരുന്ന കോടിയേരിക്ക് വേണ്ടി നീക്കിവെക്കുമായിരുന്നു. ബാലകൃഷ്ണന്റെ അമ്മ എന്നെ മകനെ പോലെയാണ് കണ്ടതും സ്‌നേഹിച്ചതും. ഞാനും ബാലകൃഷ്ണനും പരസ്പരം നിഴല്‍ പറ്റി ജീവിച്ചു.
യൂണിവേഴ്‌സിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് നടത്തിയ സമരത്തിനിടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗം അലങ്കോലപ്പെടുത്തിയ രംഗം കണ്‍മുന്നില്‍ നിന്ന് പോകുന്നില്ല. 12 - 8 -2022 ല്‍ കോടിയേരി ബാലകൃഷ്ണന്റെ അവസാനത്തെ പത്രസമ്മേളനത്തിന് എന്നെ കൂടെ ഇരുത്തണമെന്ന് നിര്‍ദ്ദേശിച്ചത് സഖാവ് പിണറായി ആയിരുന്നു. നല്ല ജോലി ലഭിക്കാനുള്ള അവസരങ്ങള്‍ പാര്‍ട്ടിക്കുവേണ്ടി ഞാന്‍ ഉപേക്ഷിച്ചു. പാര്‍ട്ടി അതിനേക്കാള്‍ വലുത് എനിക്ക് തിരിച്ചു തന്നു. പ്രതീക്ഷിക്കാത്ത പദവികളും വാഗ്ദാനം ചെയ്തു. വിനയത്തോടെ അവ നിരസിച്ചു.
ബഹു. സ്പീക്കര്‍ ഷംസീറിന്റെ ചോദ്യം മറ്റൊരു രൂപത്തില്‍ എന്റെ അമ്മ ചോദിച്ചതാണ്. അമ്മയുടെ അവസാന നാളുകളില്‍ കുറച്ചുദിവസം ഞാന്‍ ആശുപത്രിയില്‍ തന്നെയായിരുന്നു. തലോടിക്കൊണ്ട് അമ്മ പറഞ്ഞു, 'മോനേ നീ ഇവിടെത്തന്നെ ഇരുന്നാല്‍ പാര്‍ട്ടിക്കാര്‍ മറന്നു പോകും'. മനസ്സിനുള്ളില്‍ അപ്പോള്‍ ഇടിയും മിന്നലും അനുഭവപ്പെട്ടു. പാര്‍ട്ടിക്കാര്‍ മറന്നു പോകാതിരിക്കാന്‍ ജനങ്ങളുടെ ഇടയിലേക്ക് പോകണമെന്ന അമ്മയുടെ ഉപദേശം മറക്കാന്‍ കഴിയില്ല. എഴുത്തും വായനയും അറിയാത്ത അമ്മയുടെ വര്‍ഗ്ഗബോധം മനസ്സിലാക്കാന്‍ എത്ര ക്ലാസിക്കുകള്‍ ഇനിയും വായിക്കണം.
എന്‍ പ്രഭാകരന്റെ 'ബ്രണ്ണന്‍' കാലഘട്ടത്തിലെ ഒരു കഥാപാത്രമാണ് ഞാന്‍. എന്നെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിച്ച പ്രധാനപ്പെട്ട ഒരാളാണ് സഖാവ് സി പി അബൂബക്കര്‍. അദ്ദേഹത്തിന്റെ 'വാക്കുകള്‍ ' എന്ന ആത്മകഥയില്‍ എന്നെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഞാനൊരു കുടിയിറക്കലിന്റെ വക്കിലാണ്. എകെജി ഫ്‌ലാറ്റില്‍ നിന്ന് അടുത്തുതന്നെ കുടിയിറങ്ങേണ്ടിവരും. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ആവര്‍ത്തനമാണ്. കുട്ടിക്കാലത്ത് നാല് കുടിയിറക്കലിന് വിധേയമായതാണ് എന്റെ കുടുംബം. അതും കാര്‍ഷികബന്ധ നിയമവും ഭൂപരിഷ്‌കരണ നിയമവും പാസാക്കുന്ന ഘട്ടത്തില്‍. കുടികിടപ്പ് അവകാശം സ്ഥാപിക്കാന്‍ കഴിയാതിരുന്നത് കാഡര്‍ സ്വഭാവമുള്ള ഒരു പാര്‍ട്ടി ആ ഘട്ടത്തില്‍ നാട്ടില്‍ ഇല്ലാതിരുന്നത് കൊണ്ടാണ്. ജീവിതത്തില്‍ പിന്നീട് നടന്ന കുടിയിറക്കലുകള്‍ മറ്റൊരു സ്വഭാവത്തിലുള്ളതാണ്.
പഠിക്കുന്ന സമയത്ത് ബ്രണ്ണന്‍ കോളേജ് ഹോസ്റ്റല്‍, പിന്നീട് കോഴിക്കോട് ലോ കോളേജ് ഹോസ്റ്റല്‍. ഇതും എന്നെ സംബന്ധിച്ചിടത്തോളം ഫലത്തില്‍ കുടിയിറക്കലിന് സമാനമായിരുന്നു. മറ്റു കുടിയിറക്കലുകള്‍ സമൂഹത്തില്‍ നല്ലൊരു മേല്‍വിലാസം കിട്ടിയതിന്റെ ഭാഗമായിട്ടായിരുന്നു. ഡല്‍ഹിയിലെ എംപി ഫ്‌ലാറ്റ്, തിരുവനന്തപുരം എംഎല്‍എ ഹോസ്റ്റല്‍, മന്ത്രിമന്ദിരങ്ങള്‍. ഇതില്‍ നിന്നും കുടിയിറങ്ങി. കണ്ണൂരിലെ അഴീക്കോടന്‍ മന്ദിരം, കോഴിക്കോട് സി എച്ച് മന്ദിരം, പാലക്കാട് കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം ഇവിടങ്ങളില്‍ നിന്ന് സ്വമേധയാ കുടിയിറങ്ങി. അവസാനം എകെജി ഫ്‌ലാറ്റില്‍ നിന്നും കുടിയിറങ്ങാന്‍ പോകുന്നു. അടുത്ത കുടിയിരിപ്പ് എവിടെ? ഈ കുറിപ്പ് അവസാനിക്കുന്നില്ല. മറ്റൊരു രൂപത്തില്‍ തുടരും.