വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്; എ ആര്‍ ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസര്‍വ് എസ്.ഐക്കെതിരെ നടപടിക്ക് സാധ്യത; ഗുരുതര സുരക്ഷാ വീഴ്ചയായാണ് മേലുദ്യോഗസ്ഥര്‍
വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്

കൊച്ചി: എറണാകുളം എ.ആര്‍ ക്യാമ്പില്‍ വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. വെടിയുണ്ട സൂക്ഷിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചെന്നാണ് നിഗമനം. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള അന്വേഷണ റിപ്പോര്‍ട്ട് എ.എര്‍ ക്യാമ്പ് അസി. കമീഷണര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് കൈമാറിയതായി എ.ആര്‍ ക്യാമ്പ് കമാന്‍ഡന്റ് അറിയിച്ചു.
ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസര്‍വ് എസ്.ഐ സജീവിനെതിരെ നടപടി സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ഈ മാസം പത്തിന് എറണാകുളം എ.ആര്‍ ക്യാമ്പിന്റെ അടുക്കളയിലാണ് സംഭവം. ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തുന്ന വേളയില്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്ന ഉണ്ടകള്‍ (ബ്ലാങ്ക് അമ്യൂണിഷന്‍) ചട്ടിയിലിട്ട് ചൂടാക്കിയതിനെ തുടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
ക്യാമ്പിനുള്ളില്‍ നടന്ന സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സിറ്റി പൊലീസ് കമീഷണര്‍ പുട്ട വിമലാദിത്യ ഉത്തരവിട്ടിരുന്നു. ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഉണ്ടകള്‍ എടുത്തപ്പോഴായിരുന്നു സംഭവം. ആയുധപ്പുരയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വെയിലത്തുവെച്ച് ചൂടാക്കിയ ശേഷമാണ് സാധാരണ ഗതിയില്‍ ഇവ ഉപയോഗിക്കാറുള്ളത്.
എന്നാല്‍ രാവിലെ ചടങ്ങിനു പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ പെട്ടെന്ന് ചൂടാക്കിയെടുക്കാന്‍ ചട്ടിയിലിടുകയായിരുന്നു എന്നാണ് വിവരം. ക്യാമ്പ് മെസ്സിലെ അടുക്കളയിലെത്തിച്ചാണ് ഇങ്ങനെ ചെയ്തത്. പിച്ചള കാട്രിഡ്ജിനുള്ളില്‍ വെടിമരുന്ന് നിറച്ചാണ് ബ്ലാങ്ക് അമ്യൂണിഷനും തയാറാക്കുന്നത്. എന്നാല്‍ ബുള്ളറ്റ് ഉണ്ടായിരിക്കില്ല. വെടിയുതിര്‍ക്കുമ്പോള്‍ തീയും ശബ്ദവും മാത്രമേ ഉണ്ടാകുകയുള്ളൂ. ചട്ടി ചൂടായതോടെ വെടിമരുന്നിന് തീപിടിച്ച് ഉണ്ടകള്‍ പൊട്ടിത്തെറിച്ചു. ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെ സൂക്ഷിച്ച അടുക്കളയില്‍ തലനാരിഴക്കാണ് വന്‍ തീപിടിത്തം ഒഴിവായത്.
സംഭവം പൊലീസ് ഉദ്യോഗസ്ഥനു സംഭവിച്ച 'അബദ്ധ'മായാണ് അനൗദ്യോഗിക വിശദീകരണം. വെടിയുണ്ട സൂക്ഷിച്ചിരുന്ന പാത്രത്തില്‍ വെള്ളത്തിന്റെ അംശം ഉണ്ടായിരുന്നത് മാറ്റാനായി ചൂടാക്കിയതാണെന്നും അതിനിടയിലാണ് പൊട്ടിത്തെറി സംഭവിച്ചതെന്നും വിശദീകരണത്തില്‍ പറയുന്നു. എന്നാലിത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് മേലുദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തേടിയത്.