'അച്ഛന്റെ പ്രായമുണ്ടല്ലോ, എങ്ങനെ തോന്നി ഈ വൃത്തികേട് കാണിക്കാൻ?'; ഫോൺ പിടിച്ചുവാങ്ങി പരിശോധിച്ചപ്പോൾ കള്ളം പൊളിഞ്ഞു; മറൈൻ ഡ്രൈവിൽ പിന്നാലെ നടന്ന് പടമെടുത്ത മധ്യവയസ്കനെ ചോദ്യം ചെയ്ത് യുവതി; മാപ്പ് പറയിപ്പിച്ച് വിട്ടയച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
മുംബൈ: മുംബൈയിലെ പ്രശസ്തമായ മറൈൻ ഡ്രൈവിൽ വെച്ച് തന്റെയും സുഹൃത്തിന്റെയും ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ മധ്യവയസ്കനെ പരസ്യമായി ചോദ്യം ചെയ്ത് യുവതി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. അച്ഛന്റെ പ്രായമുണ്ടല്ലോ എന്നിട്ടും എങ്ങനെയിത് ചെയ്യാന്‍ തോന്നുന്നതെന്ന് യുവതി ചോദിക്കുന്നത് വീഡിയോയിൽ കാണാം. ദുരനുഭവത്തിന്റെ ഞെട്ടലും രോഷവും പങ്കുവെച്ചുകൊണ്ടാണ് യുവതി വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.
മറൈൻ ഡ്രൈവിൽ കാഴ്ചകൾ ആസ്വദിച്ചു നിൽക്കുകയായിരുന്ന യുവതിയുടെയും സുഹൃത്തിന്റെയും ചിത്രങ്ങളും വീഡിയോകളും ഒരു മധ്യവയസ്കൻ രഹസ്യമായി പകർത്തുന്നത് സമീപത്തുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് യുവതി ഇയാളെ സമീപിക്കുകയും ഫോൺ പരിശോധിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. പരിശോധനയിൽ, തന്റെയും സുഹൃത്തിന്റെയും അനുവാദമില്ലാതെ പകർത്തിയ നിരവധി ദൃശ്യങ്ങൾ കണ്ടെത്തുകയും ഇയാളെ പരസ്യമായി ചോദ്യം ചെയ്യുകയുമുണ്ടായി.
രാജീവ് എന്ന് സ്വയം പരിചയപ്പെടുത്തിയ മധ്യവയസ്കൻ ആദ്യം 'വെറുതെ എടുത്തതാണ്' എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും, യുവതി വിടാതെ ചോദ്യം ചെയ്തു. "ഞങ്ങളുടെ അച്ഛന്റെ പ്രായമുള്ള നിങ്ങൾക്ക് എങ്ങനെയാണ് ഇത് ചെയ്യാൻ തോന്നുന്നത്? എന്തിനാണ് പിന്നിൽ നിന്ന് എന്റെ ഫോട്ടോ എടുത്തത്?" എന്ന് യുവതി ചോദിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. തുടർന്ന് ഇയാൾ മാപ്പ് പറയുകയും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു.
ഈ സംഭവം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച യുവതി, തങ്ങളുടെ പിതാവിന്റെ പ്രായമുള്ള ഒരാൾ ഇത്തരത്തിൽ പെരുമാറിയതിലുള്ള ഞെട്ടലും രോഷവും രേഖപ്പെടുത്തി. "ഒരു അപരിചിതൻ അറിയിച്ചതുകൊണ്ടാണ് ഇയാളുടെ പ്രവർത്തി ശ്രദ്ധയിൽപ്പെട്ടത്. പൊതുസ്ഥലങ്ങളിൽ പോലും സ്ത്രീകൾക്ക് സമാധാനമായി നിൽക്കാൻ കഴിയാത്ത അവസ്ഥയാണിത്. നമ്മളെ വെറും വസ്തുക്കളായി മാത്രം കാണുന്ന ഇത്തരം പ്രവർത്തികൾ അറപ്പുളവാക്കുന്നതാണ്," അവർ കുറിച്ചു. ഇത്തരം സാഹചര്യങ്ങളിൽ മിണ്ടാതിരിക്കരുതെന്നും പരസ്യമായി പ്രതികരിക്കണമെന്നും യുവതി മറ്റ് സ്ത്രീകളോട് ആഹ്വാനം ചെയ്തു.
വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ഇയാൾക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. 'പ്രായം ഇത്തരമൊരു പ്രവർത്തിക്ക് ന്യായീകരണമല്ല. ഇയാളെ പരസ്യമായി അപമാനിച്ചത് നന്നായി' എന്ന് ഒരാൾ അഭിപ്രായപ്പെട്ടപ്പോൾ, 'ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്ക് പിഴ ഈടാക്കുന്നത് പോലെ, സ്വകാര്യത ലംഘിക്കുന്ന ഇത്തരം വ്യക്തികൾക്കും കനത്ത ശിക്ഷ നൽകണം' എന്ന് മറ്റൊരാൾ ആവശ്യപ്പെട്ടു.
