വേനലായാലും മഴയായാലും ഇവര്‍ക്ക് ഒരുപോലെ; കുടിവെള്ളത്തിനായി കിലോമീറ്ററുകള്‍ താണ്ടണം; യാത്ര കാട്ടാനകള്‍ വിഹരിക്കുന്ന ആനത്താരയിലൂടെ; തൊണ്ട നനയ്ക്കാനായി ആറളം ഫാം നിവാസികളുടെ നെട്ടോട്ടം
ആറളം മേഖലയില്‍ കുടിവെള്ളമില്ലാതെ ആദിവാസി കുടുംബങ്ങള്‍ നെട്ടോട്ടമോടുന്നു
കണ്ണൂര്‍ : കാട്ടാനകള്‍ ഇറങ്ങി ഭീതി വിതയ്ക്കുന്ന ആറളം പുനരധിവാസ മേഖലയില്‍ കുടിവെള്ളമില്ലാതെ ആദിവാസി കുടുംബങ്ങള്‍ നെട്ടോട്ടമോടുന്നു. ഇവിടെ താമസം തുടങ്ങിയ നാള്‍മുതല്‍ വേനല്‍ക്കാലമായാലും മഴക്കാലമായാലും ഇവര്‍ക്ക് ഒരു പോലെയാണ്.
മഴക്കാലമായാല്‍ മഴ പെയ്യുമ്പോഴുള്ള ജലം ശേഖരിച്ച് ഉപയോഗിക്കാമെന്നത് മാത്രമാണ് അല്‍പ്പം ആശ്വാസം നല്‍കുന്നത്. എന്നാല്‍ വേനല്‍ക്കാലത്ത് കിലോമീറ്ററുകള്‍ താണ്ടി വെള്ളം തലയിലേറ്റി കൊണ്ടുവന്നാണ് ചില മേഖലയിലെ നിരവധി കുടുംബങ്ങള്‍ ദാഹമകറ്റുന്നത്.
പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്ക് കോട്ടപ്പാറ മേഖലയിലാണ് ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശം.
സ്വന്തമായി കിണറില്ലാത്ത നിരവധി വീടുകള്‍ ഈ മേഖലയിലുണ്ട്. പലരും വീട്ടിന് സമീപത്ത് കുഴികുത്തിയും തോട്ടില്‍ നിന്ന് വെള്ളം ശേഖരിച്ചുമൊക്കെയാണ് ദാഹം അകറ്റുന്നത്. അലക്കാനും കുളിക്കാനും ഇപ്പോള്‍ ഓട്ടോറിക്ഷ പിടിച്ച് ദൂരെയുള്ള പുഴകളിലെത്തിയാണ് അലക്കും കുളിയുമൊക്കെ നിര്‍വഹിക്കുന്നത്.
കുറച്ച് വര്‍ഷം മുന്‍പ് ജലനിധി പദ്ധതിയില്‍ ഈ മേഖലയില്‍ വീടുകളില്‍ പൈപ്പുകള്‍ സ്ഥാപിച്ച് കുടിവെള്ള വിതരണത്തിനുള്ള നടപടി തുടങ്ങിയെങ്കിലും പൈപ്പുകള്‍ സ്ഥാപിച്ചതല്ലാതെ മിക്ക വീടുകളിലും ജലം എത്തിയില്ല. ഇപ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ മാത്രമാണ് ഇവിടങ്ങളില്‍ കാണാനുള്ളത്.
കുടിവെള്ള ക്ഷാമം ദുരിതം തീര്‍ക്കുമ്പോള്‍ കാട്ടാനകളെ പേടിച്ച് രാവും പകലും ഉറക്കം നഷ്ടപ്പെട്ടു കഴിയുകയാണ് കോട്ടപ്പാറ മേഖലയിലുള്ള കുടുംബങ്ങള്‍. വേനല്‍ കടക്കുമ്പോള്‍ പഞ്ചായത്ത് വാഹനങ്ങളില്‍ കുടിവെള്ള വിതരണം നടത്താറുണ്ടെങ്കിലും റോഡരികിലുള്ള വീട്ടുകാര്‍ക്ക് മാത്രമാണ് അതുകൊണ്ടുള്ള ഗുണം ലഭിക്കുന്നത്. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ തങ്ങള്‍ക്കെന്നും ദുരിതം തന്നെയാണെന്നാണ് പറയുന്നത്.